ഭൂമിക്ക് ഭാരമായി മനുഷ്യന്റെ നിർമിതികൾ, ഞെട്ടിക്കും കണക്കുകൾ പുറത്ത്

silicon-valley
SHARE

മനുഷ്യന്‍ ഭൂമിയില്‍ നിര്‍മിച്ച വസ്തുക്കള്‍ക്ക് ഏകദേശം എത്ര ഭാരമുണ്ടെന്ന് കരുതിയിട്ടുണ്ട്? ചില്ലറയല്ല ഈ ഭാരമെന്നാണ് വിഷ്വല്‍ കാപ്പിറ്റലിസ്റ്റിന്റെ റിപ്പോർട്ട് പറയുന്നത്. 1900ത്തിന് ശേഷം നിര്‍മിക്കപ്പെട്ട മനുഷ്യ നിര്‍മിത വസ്തുക്കളുടെ ആകെ ഭാരം ഏതാണ്ട് 1154 ജിഗാ ടണ്‍ ആണ്. ഒരു ജിഗാ ടണ്‍ എന്നത് ഒരു ലക്ഷം കോടി കിലോഗ്രാം ഭാരം വരും! ഇത് ഭൂമിയിലെ സകല ജീവജാലങ്ങളുടേയും ശരീരത്തിലെ ജലാംശം ഒഴിച്ചുള്ള ഭാരത്തേക്കാളും കൂടുതല്‍ വരും.

ജലാംശം ഒഴിവാക്കിയുള്ള ഭൂമിയിലെ ജീവജാലങ്ങളുടെ ആകെ ഭാരം ഏതാണ്ട് 1120 ജിഗാ ടണ്‍ ആയാണ് കണക്കാക്കപ്പെടുന്നത്. മനുഷ്യനു പുറമേ മറ്റു ജീവജാലങ്ങളും സൂഷ്മജീവികളും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ ജീവജാലങ്ങളുടെ ഭാരത്തിന്റെ 0.01 ശതമാനം മാത്രമേ മനുഷ്യരുടെ ആകെ ഭാരം വരികയുള്ളൂ. അതേസമയം ഭൂമിയിലെ മനുഷ്യ നിര്‍മിത വസ്തുക്കളുടെ ഭാരം 1154 ജിഗാ ടണ്ണിലേക്ക് എത്തുകയും ചെയ്തിരിക്കുന്നു. 

മനുഷ്യ നിര്‍മിത വസ്തുക്കളില്‍ കോണ്‍ക്രീറ്റാണ് വലിയ തോതില്‍ ഭൂമിക്ക് ഭാരമായിരിക്കുന്നത്. ആകെയുള്ള 1154 ജിഗാ ടണ്ണില്‍ 549 ജിഗാ ടണ്‍ മനുഷ്യര്‍ കോണ്‍ക്രീറ്റില്‍ പണിതെടുത്തവയാണ്. മറ്റൊരു പ്രധാന മനുഷ്യ നിര്‍മിത വസ്തു ഇഷ്ടികയാണ്. ഇക്കഴിഞ്ഞ 121 വര്‍ഷത്തിനിടെ 92 ജിഗാടണ്‍ ഇഷ്ടികയാണ് മനുഷ്യര്‍ നിര്‍മിച്ചെടുത്തത്. ആഗോള ഇഷ്ടിക ഉല്‍പാദനത്തില്‍ 85 ശതമാനവും ഏഷ്യന്‍ ഭൂഖണ്ഡത്തില്‍ നിന്നാണ്. ഓരോ വര്‍ഷവും ഏകദേശം 1500 ബില്യണ്‍ ഇഷ്ടികയാണ് ഏഷ്യയില്‍ നിന്നും നിര്‍മിക്കപ്പെടുന്നത്. 

ഇതിന് പുറമേ 39 ജിഗാ ടണ്‍ ഇരുമ്പും 65 ജിഗാ ടണ്‍ റോഡ് നിര്‍മാണത്തിനുള്ള ടാറും മനുഷ്യന്‍ നിര്‍മിച്ചിട്ടുണ്ട്. തടി, ചില്ല്, പ്ലാസ്റ്റിക് തുടങ്ങിയവെല്ലാം കൂടി 23 ജിഗാടണ്‍ ഭാരത്തിലും നിര്‍മിക്കപ്പെട്ടിട്ടുണ്ട്. ഇതില്‍ തന്നെ പ്ലാസ്റ്റിക് മാത്രം എട്ട് ജിഗാ ടണ്ണോളം വരും. ഭൂമിയിലെ ആകെ മൃഗങ്ങളുടെ ഭാരത്തേക്കാള്‍ കൂടുതലാണ് പ്ലാസ്റ്റിക്കിന്റെ മാത്രം ഭാരമെന്നതും മനുഷ്യന്റെ ഭൂമിയിലെ ഇടപെടല്‍ എത്രത്തോളമുണ്ടെന്നതിന്റെ തെളിവാണ്. 2020ലായിരുന്നു ആദ്യമായി ഭൂമിയിലെ ജീവജാലങ്ങളുടെ ഭാരത്തെ മനുഷ്യ നിര്‍മിത വസ്തുക്കളുടെ ഭാരം മറികടന്നത്. വിഷ്വല്‍ കാപ്പിറ്റലിസ്റ്റ് തയാറാക്കിയ ഈ റിപ്പോര്‍ട്ട് വേള്‍ഡ് എക്കണോമിക് ഫോറമാണ് പുറത്തുവിട്ടിരിക്കുന്നത്.

English Summary: Total Weight Of Everything Humans Built On Earth Since 1900 Is 1154 Gigatons

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS