ADVERTISEMENT

ലോകത്തിലെ ഏറ്റവും വലിയ ധനികനും, നവീനകാല സാങ്കേതികവിദ്യകളുടെ തലതൊട്ടപ്പനും ഒട്ടേറെപ്പേരുടെ ആരാധനാപാത്രവുമായ ഇലോൺ മസ്‌കിന് ചൈനയിൽ ഇപ്പോൾ അത്ര നല്ല പരിവേഷമില്ല. തങ്ങളുടെ സ്വപ്‌നപദ്ധതിയായ ടിയൻഹെ ബഹിരാകാശനിലയം മസ്‌കിന്റെ സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളിൽ നിന്നു ഭീഷണി നേരിടുന്നെന്നും ഇതൊഴിവാക്കാൻ രണ്ടുതവണ നിലയത്തിന്റെ ഗതി മാറ്റേണ്ടി വന്നെന്നും ചൈന ഐക്യരാഷ്ട്രസംഘടനയിൽ പരാതിപ്പെട്ടതിനു പിന്നാലെയാണു മസ്‌കിനെതിരെ ചൈനയിൽ ജനരോഷം. 

ട്വിറ്ററിനു തത്തുല്യമായ ചൈനീസ് സമൂഹമാധ്യമം വെയ്‌ബോയിൽ മസ്‌കിനും അദ്ദേഹത്തിന്റെ കമ്പനികൾക്കുമെതിരെ ചൈനീസ് നെറ്റിസൻ കമ്യൂണിറ്റി ശക്തമായി രംഗത്തുണ്ട്. മസ്‌കിന്റെ സ്റ്റാർലിങ്ക് സാറ്റലൈറ്റുകൾ പ്രശ്‌നക്കാരായ ബഹിരാകാശ വസ്തുക്കളാണെന്നു ചിലർ പറഞ്ഞപ്പോൾ, ഇത് ചൈനീസ് ബഹിരാകാശ പദ്ധതികളെ തകർക്കാനുള്ള അമേരിക്കൻ ആയുധങ്ങളാണെന്നായിരുന്നു മറ്റു ചിലരുടെ വാദം. പൊതുവേ ചൈനയിൽ വലിയ അംഗീകാരവും പ്രശസ്തിയുമുള്ള ഇലോൺ മസ്‌കിന്റെ പ്രതിച്ഛായ ഇതു മൂലം ഇടിഞ്ഞെന്നും നിരീക്ഷകർ പറയുന്നു.

ഭൂമിക്കു ചുറ്റം മുപ്പതിനായിരത്തിലധികം ഉപഗ്രഹങ്ങൾ ഭ്രമണം ചെയ്യുന്നുണ്ട്. ഇതിൽ 1900 ഉപഗ്രഹങ്ങൾ സ്റ്റാർലിങ്കിന്റേതാണ്. എന്നാൽ പലപ്പോഴും ബഹിരാകാശ രംഗത്ത് ചൈനയാണു വില്ലൻ സ്ഥാനത്തെത്തെന്നും ബഹിരാകാശ വിദഗ്ധർ പറയുന്നു. ചൈനീസ് ഉപഗ്രഹവേധ മിസൈൽ പരീക്ഷണങ്ങളിൽ നിന്നു രക്ഷപ്പെടാൻ പലപ്പോഴും രാജ്യാന്തര ബഹിരാകാശ നിലയത്തിനു തങ്ങളുടെ ദിശ വെട്ടിച്ചുമാറ്റേണ്ട അവസ്ഥയുണ്ടായിട്ടുണ്ട്.

ബഹിരാകാശത്ത് സ്വന്തം നിലയമെന്ന ചൈനയുടെ സ്വപ്‌നത്തിലെ പുതിയ ലക്ഷ്യമാണു ടിയൻഹെ. 2011ൽ ടിയാൻഗോങ് 1, 2016ൽ ടിയാൻഗോങ് 2 എന്നീ ബഹിരാകാശ ലബോറട്ടറികൾ സ്ഥാപിച്ചെങ്കിലും ഇവ പിന്നീട് നശിച്ചു. ടിയാൻഗോങ് 2 ബഹിരാകാശനിലയം ഭൂമിയിൽ വീണു പൊട്ടിത്തെറിക്കുമെന്ന പ്രതീതി സൃഷ്ടിച്ച് ആളുകളെ വലിയ ഭീതിയിലാഴ്ത്തുകയും ചെയ്തു.

തുടർന്നാണു ടിയൻഹെ ബഹിരാകാശ സ്റ്റേഷനുമായി ചൈന എത്തിയത്. കഴിഞ്ഞ വർഷം 29നാണു ചൈനീസ് ലോങ് മാർച്ച് 5ബി റോക്കറ്റിൽ ടിയൻഹെ ബഹിരാകാശത്തെത്തിച്ചത്. ഇതിനു ശേഷം ലോങ് മാർച് 5ബി റോക്കറ്റും തിരിച്ചു ഭൂമിയിൽ ജനവാസമേഖലയിൽ പതിക്കുമെന്ന തരത്തിൽ അഭ്യൂഹമുണ്ടായി. പക്ഷേ ഇതു ഡിയഗോ ഗാർഷ്യയ്ക്കു സമീപമാണു പതിച്ചത്.

ടിയൻഹെ ഒരു ബൃഹത് സ്‌പേസ് സ്റ്റേഷന്റെ പദ്ധതിയുടെ കോർ മൊഡ്യൂൾ അഥവാ ഹൃദയഭാഗമാണ്. വരുംനാളുകളിൽ കൂടുതൽ മൊഡ്യൂളുകൾ വന്ന് ഇതിനോടു കൂടിച്ചേർന്നുകൊണ്ടിരിക്കും. കഴിഞ്ഞ ജൂൺ 17നു മൂന്ന് യാത്രികർ നിലയത്തിലെത്തി. നിലയത്തിന്റെ വരുംകാല വികസനപ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിക്കുന്നത് ഇവരാകും.

English Summary: Elon Musk criticised after China space complaint to UN

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com