ബഹിരാകാശ നിലയം 2030 വരെ തുടരും, പദ്ധതിക്ക് യുഎസ് സർക്കാരിന്റെ അനുമതി

space-station-nasa
SHARE

രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ (ഐഎസ്എസ്) പ്രവര്‍ത്തനം 2030 വരെ നീട്ടാന്‍ നാസക്ക് യുഎസ് സര്‍ക്കാരിന്റെ അനുമതി. ഐഎസ്എസിന് അമേരിക്കന്‍ കോണ്‍ഗ്രസ് 2024 വരെ ഉറപ്പു നല്‍കിയ ധനസഹായം 2030 വരെ നീട്ടുകയായിരുന്നു. ഐഎസ്എസിന് പകരം ബഹിരാകാശ നിലയം നിര്‍മിക്കുന്നതിന് സ്വകാര്യ കമ്പനികളുമായും നാസ ധാരണയിലെത്തിയിരുന്നു. ഇതിനകം തന്നെ വിള്ളലുകള്‍ ഉള്ള ബഹിരാകാശ നിലയം 2030 വരെ കേടുപാടുകളില്ലാതെ നില്‍ക്കുമോ എന്ന ആശങ്കയും സജീവമാണ്.

1984 ജനുവരി 25ന് അന്നത്തെ അമേരിക്കന്‍ പ്രസിഡന്റായിരുന്ന റൊണാള്‍ഡ് റീഗനാണ് നാസയുടെ നേതൃത്വത്തില്‍ ബഹിരാകാശ നിലയം സ്ഥാപിക്കുന്ന വിവരം ലോകത്തെ അറിയിച്ചത്. പത്ത് വര്‍ഷത്തിനകം ബഹിരാകാശ നിലയത്തിന്റെ നിര്‍മാണം പൂര്‍ത്തിയാവുമെന്നായിരുന്നു റീഗന്റെ പ്രഖ്യാപനം. എന്നാല്‍, 1998 ഡിസംബര്‍ നാലിനാണ് ഐഎസ്എസിന്റെ ആദ്യ ഭാഗം ബഹിരാകാശത്തേക്കെത്തുന്നത്. 2000ത്തോടെ രാജ്യാന്തര ബഹിരാകാശ നിലയം പ്രവര്‍ത്തന സജ്ജമാവുകയും ചെയ്തു.

2000 നവംബര്‍ രണ്ടിന് ഐഎസ്എസിലേക്ക് ആദ്യ അതിഥികളായി നാസയുടെ ബില്‍ ഷെപ്പേഡും റഷ്യയുടെ യൂറി ഗിഡ്‌സെന്‍കോയും സെര്‍ജി ക്രികാലേവും എത്തി. മാസങ്ങള്‍ നീണ്ട ഇവരുടെ വാസത്തിന് ശേഷം ഇന്നുവരെ നിരവധി മനുഷ്യരുടെ ബഹിരാകാശ വാസസ്ഥലമായും പരീക്ഷണ കേന്ദ്രമായും രാജ്യാന്തര ബഹിരാകാശ നിലയം മാറി. 2009ലാണ് ആറ് പേരെ വഹിക്കാവുന്ന നിലയിലേക്ക് ഐഎസ്എസ് മാറിയത്. രണ്ട് സോയുസ് ലൈഫ് ബോട്ടുകള്‍ കൂടി സ്ഥിരമായി ബഹിരാകാശ നിലയത്തോട് ഘടിപ്പിച്ച നിലയില്‍ നില്‍ക്കുമ്പോഴായിരുന്നു ഇത്. 2011ഓടെ 356 അടി നീളത്തില്‍ ഐഎസ്എസിന്റെ പണി പൂര്‍ണമായും പൂര്‍ത്തിയായി. 

നാസ അഡ്മിനിസ്‌ട്രേറ്റര്‍ ബില്‍ നെല്‍സണ്‍ പറഞ്ഞതുപോലെ രണ്ട് പതിറ്റാണ്ടായി രാജ്യാന്തര ശാസ്ത്ര പരീക്ഷണങ്ങളുടെ ഒരു സംയുക്ത കേന്ദ്രമായി ഐഎസ്എസ് തുടരുകയായിരുന്നു. ബൈഡന്‍ ഭരണകൂടം ഐഎസ്എസിന്റെ കാലാവധി 2030 വരെ നീട്ടിയതിലും ബില്‍ നെല്‍സണ്‍ സന്തോഷം പ്രകടിപ്പിച്ചു. യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിക്ക് പുറമേ ജപ്പാന്‍, റഷ്യ, കാനഡ എന്നീ രാജ്യങ്ങളുടെ ബഹിരാകാശ ഏജന്‍സികളുമായി സഹകരിച്ച് ഭാവിയിലും ഐഎസ്എസിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനാണ് നാസയുടെ തീരുമാനം.

പോയവര്‍ഷമാണ് നാസ തങ്ങളുടെ പുതിയ ബഹിരാകാശ നിലയം സ്വകാര്യ കമ്പനികള്‍ നിര്‍മിക്കുമെന്ന പ്രഖ്യാപനം നടത്തിയത്. സ്വകാര്യ കമ്പനികള്‍ നിര്‍മിക്കുന്ന ബഹിരാകാശ നിലയത്തിനു വേണ്ട സാമ്പത്തികവും സാങ്കേതികവുമായ സഹായങ്ങള്‍ നാസ നല്‍കും. ഇത്തരം നിലയങ്ങളില്‍ പല ഉപഭോക്താക്കളില്‍ ഒരാള്‍ മാത്രമായിരിക്കും നാസയും. ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിന്‍, നോര്‍ത്രോപ് ഗ്രുമ്മന്‍, നാനോറാക്‌സ് എന്നീ കമ്പനികള്‍ക്ക് ബഹിരാകാശ നിലയം നിര്‍മിക്കുന്നതിന് നാസ സഹായം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. നാനോറാക്‌സിന് 160 ദശലക്ഷം ഡോളറും ബ്ലൂ ഒറിജിന് 130 മില്യണ്‍ ഡോളറും നോര്‍ത്രോപ് ഗ്രുമ്മന് 125.6 മില്യണ്‍ ഡോളറുമാണ് നാസ പ്രഖ്യാപിച്ചത്. 

15 വര്‍ഷം മാത്രം ആയുസ് കരുതപ്പെട്ടിരുന്ന രാജ്യാന്തര ബഹിരാകാശ നിലയം ഇതിനകം തന്നെ 21 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി. കാലപ്പഴക്കത്തിന്റെ സൂചനകള്‍ ഇപ്പോഴായി ഐഎസ്എസ് കാണിക്കുന്നതും നാസക്ക് തലവേദനയാണ്. ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ മുന്‍ നാസ ബഹിരാകാശ സഞ്ചാരിയും ആദ്യ ഐഎസ്എസ് സഞ്ചാരികളില്‍ ഒരാളുമായ ബില്‍ ഷെപ്പേഡ് ബഹിരാകാശ നിലയത്തിലെ റഷ്യയുടെ സാര്യ മൊഡ്യൂളില്‍ വിള്ളലുകളുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. അതേസമയം ഈ വിള്ളലുകള്‍ ഐഎസ്എസിന് വെല്ലുവിളിയല്ലെന്നും പുതിയ വിള്ളലുകള്‍ കണ്ടെത്തിയിട്ടില്ലെന്നുമാണ് നാസയുടെ വിശദീകരണം.

English Summary: Operations for the space station will now extend through 2030

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA