ആ പ്രതിഭാസം ശരിക്കും മനുഷ്യനിൽ സംഭവിച്ചാൽ.... 100 കോടി വോള്‍ട്ടിൽ എല്ലാം കത്തും

thunder-strom
SHARE

മനുഷ്യര്‍ക്ക് മിന്നലേറ്റാല്‍ എന്തു സംഭവിക്കും? എന്തൊക്കെ സംഭവിച്ചാലും മിന്നല്‍ മുരളിയാവാനുള്ള യാതൊരു സാധ്യതയും ശാസ്ത്രം പറയുന്നില്ല. പ്രകൃതിയിലെ ഏറ്റവും ശക്തമായ ഊര്‍ജ പ്രവാഹങ്ങളിലൊന്ന് മനുഷ്യശരീരത്തിലൂടെ കടന്നുപോയാല്‍ എന്തു സംഭവിക്കുമെന്നതിനെക്കുറിച്ച് ശാസ്ത്രത്തിന് വ്യക്തമായ ധാരണകളുണ്ട്.

വെറും 0.01 സെക്കൻഡ് മുതല്‍ 0.1 സെക്കൻഡ് വരെ മാത്രം നീണ്ടു നില്‍ക്കുന്നതാണ് ഓരോ ഇടിമിന്നലുകളും. അതേസമയം, ഈ ചുരുങ്ങിയ സമയത്തിനുള്ളില്‍ മിന്നല്‍ വഴി കടന്നുപോകുന്നത് ഏതാണ്ട് 100 കോടി വോള്‍ട്ടിലേറെ ഊര്‍ജമാണ്. സാധാരണ വീടുകളിലേക്കുള്ള വൈദ്യുതി കണക്ഷന്‍ 110 വോള്‍ട്ടിന്റേയും ഹൈ വോള്‍ട്ടേജ് ലൈനുകള്‍ ഒരു ലക്ഷം വോള്‍ട്ടിന്റേതുമാണ്. മിന്നലിന്റെ സമയത്ത് ഈ ഊര്‍ജ പ്രവാഹം മാത്രമല്ല വലിയ തോതില്‍ താപവും സൃഷ്ടിക്കപ്പെടുന്നുണ്ട്. ഏതാണ്ട് സൂര്യന്റെ പ്രതലത്തിലെ ചൂടിന്റെ അഞ്ചിരട്ടിയോളം വരാമിത്.

∙ എന്തു സംഭവിക്കും?

അപൂര്‍വമെങ്കിലും അത്യന്തം ഗുരുതരമായ അപകടങ്ങള്‍ക്കിടയാക്കും ഇടിമിന്നലുകള്‍. മിന്നലില്‍ നിന്നു എത്രത്തോളം അകലത്തിലാണ് എന്നതിന് അനുസരിച്ച് ചെറു പൊള്ളലുകള്‍ മുതല്‍ തലച്ചോറിന്റെയും ഹൃദയത്തിന്റേയും പ്രവര്‍ത്തനം അവതാളത്തിലാക്കി മരണം വരെ സംഭവിക്കാന്‍ സാധ്യതയുണ്ട്. മിന്നലേറ്റയാള്‍ക്ക് ഹൃദയാഘാതമുണ്ടാവാനും ഇതേത്തുടര്‍ന്ന് ശരീരത്തിലെ രക്തപ്രവാഹം നിലയ്ക്കാനും തലച്ചോറിന്റെ പ്രവര്‍ത്തനവും നാഡീവ്യൂഹത്തിന്റെ പ്രവര്‍ത്തനവും തടസപ്പെട്ട് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം. ചെറിയ പൊള്ളലുകള്‍ മുതല്‍ മരണകാരണമായേക്കാവുന്ന അതീവഗുരുതര പൊള്ളലുകള്‍ക്കും മിന്നലുകള്‍ കാരണമാകാറുണ്ട്.

മിന്നലേറ്റവര്‍ക്ക് അതിന്റെ ശാരീരിക പ്രശ്‌നങ്ങള്‍ തുടര്‍ന്നുള്ള ജീവിതത്തിലും അനുഭവിക്കേണ്ടി വരാറുമുണ്ട്. പ്രത്യേകിച്ചും പേശീസംബന്ധമായ പരുക്കുകള്‍ ഏറ്റവര്‍ക്ക് റാബ്ഡോമിയോലിസിസ് (rhabdomyolysis) എന്ന മാംസപേശികളുടെ കരുത്ത് കുറഞ്ഞുപോകുന്ന രോഗാവസ്ഥയിലേക്കും ഇത് എത്തിച്ചേക്കാം. ഇത്തരം രോഗാവസ്ഥയിലുള്ളവരുടെ ശരീരത്തിലെ മാംസ്യം രക്തവുമായി കലര്‍ന്ന് വൃക്കസംബന്ധിയായ തകരാറുകള്‍ക്കും ഇടയാക്കും.

∙ എന്തു ചെയ്യണം?

മിന്നലേല്‍ക്കുന്ന സാഹചര്യത്തിലേക്ക് എത്തിപ്പെട്ടാല്‍ സുരക്ഷിതമാകാന്‍ എന്തു ചെയ്യണമെന്നതിനെക്കുറിച്ച് ധാരണയുണ്ടാവുന്നത് നല്ലതാണ്. ഒന്നിലേറെ പേര്‍ക്ക് മിന്നലേല്‍ക്കുന്ന സാഹചര്യമുണ്ടായാല്‍ സിപിആര്‍ പോലുള്ള ജീവന്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പരിശീലനം ലഭിച്ചവരാണെങ്കില്‍ ഉടന്‍ തന്നെ പ്രയോഗിക്കേണ്ടി വന്നേക്കാം. ഇതുവഴി നിരവധി ജീവനുകള്‍ രക്ഷിക്കാനുമാകും. എത്രയും വേഗം വൈദ്യസഹായം ലഭ്യമാക്കുകയെന്നത് തന്നെയാണ് മിന്നലേല്‍ക്കുന്ന സാഹചര്യത്തിലും വേണ്ടത്.

∙ എന്തു ചെയ്യരുത്

ഇടിമിന്നലേല്‍ക്കാനിടയുള്ള സാഹചര്യങ്ങളിലേക്ക് എത്തിയാല്‍ എന്തു ചെയ്യണം എന്നതിനൊപ്പം തന്നെ പ്രാധാന്യമുണ്ട് എന്തു ചെയ്യരുത് എന്നതിനും. ഇടിമിന്നലില്‍ നിന്നു ഏറ്റവും സുരക്ഷിതമായിരിക്കാന്‍ സാധ്യത വീടുകള്‍ക്കുള്ളിലിരിക്കുമ്പോഴാണ്. അതുകൊണ്ട് സാധ്യമാണെങ്കില്‍ വീടുകളുടെ നാലു ചുമരുകള്‍ക്കുള്ളിലേക്ക് എത്താന്‍ ശ്രമിക്കുക. അപ്പോഴും ജനലുകള്‍ക്കും വാതിലുകള്‍ക്കും സമീപത്ത് ഇരിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

പൊതു സ്ഥലത്താണെങ്കില്‍ വലിയ മരങ്ങള്‍ക്ക് കീഴില്‍ ഒരു കാരണവശാലും നില്‍ക്കരുത്. ഏറ്റവും കൂടുതല്‍ മിന്നലേല്‍ക്കാനുള്ള സാധ്യതയാണ് വലിയ മരങ്ങള്‍ക്കു കീഴില്‍ നില്‍ക്കുമ്പോഴുണ്ടാവുന്നത്. ഇനി തുറസായ സ്ഥലത്താണെങ്കില്‍ മറ്റു മാര്‍ഗങ്ങളില്ലെങ്കില്‍ നിലത്തിരിക്കുന്നത് ജീവന്‍ രക്ഷിക്കാന്‍ സഹായിക്കും. തടാകങ്ങളിലോ നദികളിലോ കുളിക്കുകയോ വെള്ളത്തില്‍ നില്‍ക്കുകയോ ചെയ്യുമ്പോള്‍ നേരിട്ടല്ലാതെയുള്ള മിന്നലേല്‍ക്കാനും ഗുരുതരമായ വൈദ്യുതാഘാതത്തിനും സാധ്യതയുണ്ട്.

lightning

∙ ദൗര്‍ഭാഗ്യമല്ല, കയ്യിലിരിപ്പ്

ഒന്നിലേറെ തവണ മിന്നലേല്‍ക്കുന്നത് എന്തെങ്കിലും ദോഷമായോ ദൗര്‍ഭാഗ്യമായോ ശാസ്ത്രം കരുതുന്നില്ല. വിദഗ്ധരുടെ അഭിപ്രായത്തില്‍ ഒന്നിലേറെ തവണ മിന്നലേല്‍ക്കുന്നവര്‍ക്ക് അതിന്റെ കാരണം അവരുടെ സ്വഭാവ രീതികള്‍ തന്നെയാവാം. പ്രത്യേകിച്ചും മിന്നലിനും അപകടത്തിനുമുള്ള സാഹചര്യം അറിഞ്ഞു കൊണ്ട് അവഗണിക്കുന്ന സ്വഭാവം മിന്നല്‍ വഴിയുള്ള അപകടങ്ങള്‍ തുടര്‍ച്ചയായി വരുത്താനിടയായേക്കുമെന്നും ദൗര്‍ഭാഗ്യത്തെ പഴിക്കേണ്ടതില്ല എന്നുമാണ് ശാസ്ത്രം വിശദീകരിക്കുന്നത്.

∙ മിന്നലുണ്ടാകുന്നത് എങ്ങനെ?

താപനില കൂടുന്തോറും അന്തരീക്ഷവായു ചൂടുപിടിച്ച് ഉയരും. അതിനുള്ളിലെ ഈർപ്പം തണുത്ത് കാർമേഘമായി മാറും. ഇടിമിന്നലുണ്ടാക്കുന്ന മേഘങ്ങളിൽ സ്ഥിര വൈദ്യുതി ഉണ്ടാകുന്നതുമൂലം പോസിറ്റീവ് ചാർജ് മേഘത്തിനു മുകൾഭാഗത്തും നെഗറ്റീവ് ചാർജ് അടിഭാഗത്തും കേന്ദ്രീകരിക്കും. ഭൂമിയുടെ ഉപരിതലത്തിനു സാധാരണ ഗതിയിൽ ചാർജൊന്നുമില്ല (ന്യൂട്രൽ). എന്നാൽ, മേഘത്തിനടിയിൽ നെഗറ്റീവ് ചാർജ് കേന്ദ്രീകരിക്കുന്നതുമൂലം ഭൗമോപരിതലം പോസിറ്റീവാകും. ഇതുമൂലം മേഘത്തിൽ നിന്ന് ഉപരിതലത്തിലേക്ക് ഊർജ പ്രസരണം സംഭവിക്കുകയും മിന്നലുണ്ടാവുകയും ചെയ്യും.

 Is lightning striking the Arctic more than ever before?

∙ എന്താണീ മൂളൽ?

മുകളിലേക്കുള്ള വായുപ്രവാഹം കരുത്തുറ്റതാണെങ്കിൽ അതിൽ ധാരാളം ഊർജ കണങ്ങൾ ഉണ്ടാവും. ഇതിന്റെ വളരെ വേഗത്തിലുള്ള ചലനമാണ് മിന്നലുണ്ടാകുമ്പോൾ മൂളലിനു കാരണമാകുന്നത്. മൂളൽ കേട്ടാൽ വളരെ അടുത്താണു മിന്നലെന്നാണ് അർഥം, ഇതു വളരെ അപകടകരമാണ്.

∙ ഇടിമിന്നലുണ്ടാകുമ്പോൾ മൊബൈൽ ഉപയോഗിക്കാമോ?

മൊബൈൽ ഫോൺ ഉപയോഗിക്കാൻ തുടങ്ങിയ കാലം മുതൽക്ക് കേൾക്കുന്ന ഒന്നാണ് ഇടിമിന്നലുണ്ടാകുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കരുത്. ഉപയോഗിക്കുന്നവർക്ക് മിന്നലേൽക്കാൽ സാധ്യത കൂടുതലാണ്. എന്നാൽ ഇതിലൊന്നും ഒരു കാര്യവുമില്ലെന്നും എല്ലാം തെറ്റിധാരണകളാണെന്നുമാണ് വിദഗ്ധർ പറയുന്നത്. മിന്നൽ എടുക്കുമ്പോൾ മൊബൈലിൽ സംസാരിച്ചത് കൊണ്ടു നമുക്കോ ഉപയോഗിക്കുന്ന ഉപകരണത്തിനോ ഒന്നും സംഭവിക്കില്ല.

നമ്മുടെ കയ്യിലുള്ള മൊബൈൽ ഫോൺ ഒരു ലോപവർ വൈദ്യുത കാന്തിക ഉപകരണമാണ്. വൈദ്യുത കാന്തിക തരംഗം എന്നൊക്കെ കേട്ടു ഉടനെ മിന്നലേൽക്കുമൊന്നും തെറ്റിദ്ധരിക്കണ്ടാ. നമ്മൾ കാണുന്ന പ്രകാശം പോലും വൈദ്യുത കാന്തിക തരംഗമാണ്. മൊബൈൽ ഫോണിൽ നിന്നു പുറപ്പെടുന്ന തരംഗത്തിനു മിന്നലിനെ ആകർഷിക്കാനുള്ള കഴിവൊന്നുമില്ല.

ഒന്നോ രണ്ടോ വാചകത്തിൽ പറഞ്ഞാൽ മേഘക്കൂട്ടത്തിൽ വച്ചു ഐസ് പരലുകളും ജലത്തിന്റെ ഫ്ലേക്ക് പോലെയുള്ള ചാർജ് ചെയ്യപ്പെട്ട graupel നിരന്തരം സമ്പർക്കത്തിൽ തെന്നി നീങ്ങി വലിയ ചാർജ് സംഭരിക്കുകയും ചെയ്യുന്നു. ഇതു ഭൂമിയിലേക്ക് അതിഭീകരമായി ഡിസ്ചാർജ് ചെയ്യപ്പെടുന്നു. ഈ ഡിസ്ചാർജ് നടക്കുമ്പോൾ അതിന്റെ പാതയിൽ എന്തൊക്കെ ഉണ്ടോ അതിലൂടെയൊക്കെ ചാർജ് ഒഴുകുന്നു. ഇതിന്റെ പരിണിതഫലം മിന്നലിന്റെ തീവ്രതക്കും ചാർജുകൾ പാസ് ചെയ്യുന്ന വസ്തുവിന്റെ സ്വഭാവത്തിനെയും ആശ്രയിച്ചിരിക്കും.

ഇങ്ങനെ ഭൂമിയിലേക്ക് വരുന്ന ചാർജിനെ ഇവിടെയുള്ള ഉയർന്നു നിൽക്കുന്നതും ഒറ്റപ്പെട്ടു നിൽക്കുന്നതോ തുറസായ സ്‌ഥലത്തുള്ളതോ ആയ വസ്തുക്കൾ ’വഴികാട്ടി’ ആയെന്നു വരാം. അഥവാ ഈ വസ്തുക്കളിൽ നിന്നു (ചിലപ്പോൾ നമ്മൾ തന്നെയും) സ്ട്രീമർ ഉറവിടമായി മാറിയേക്കാം. മുകളിൽ നിന്നു വരുന്ന ഡിസ്ചാർജ് (ഇതിനെ Stepleader-, എന്നു വിളിക്കുന്നു, മിന്നൽ ഉണ്ടാകുമ്പോൾ കാണുന്ന വർണ്ണ വര.) ആയി ഈ സ്ട്രീമർ സംഗമിക്കുന്നു. അതുവഴി ഭൂമിയിലേക്ക് വൈദ്യുതി എളുപ്പം ഡിസ്ചാർജ് ആവുന്നു.

നമ്മൾ കുന്നിലോ, ഉയർന്ന പ്രദേശത്തോ ആണെങ്കിൽ മിന്നല്‍ പിണറിനെ ’സ്വീകരിക്കാൻ’ നമ്മുടെ ശരീരത്തിൽ നിന്ന് തന്നെ സ്ട്രീമർ പോയി അപകടം ക്ഷണിച്ചു വരുത്തുമെന്ന് സാരം. അതുകൊണ്ടാണ് ഒറ്റപ്പെട്ടതും ഉയർന്നതുമായ മരങ്ങൾ അപകടകാരികളാവുന്നത്. താരതമ്യേന കുറഞ്ഞ ഭാഗത്തായി സ്ഥിതി ചെയ്യുന്ന തെങ്ങുകൾ ഇടിയുടെ സ്ഥിരം ഇരയാകുന്നതും ഇതുകൊണ്ടാണ്.

smartphone-internet

∙ എങ്ങനെ പ്രതിരോധിക്കാം?

1. വീടിനു പുറത്തിറങ്ങരുത്, ഉറപ്പുള്ള കെട്ടിടത്തിൽ കഴിച്ചുകൂട്ടുക.

2. മിന്നലും ഇടിയും ഒരുമിച്ചു കേട്ടാൽ നമ്മുടെ തൊട്ടടുത്താണ് കാർമേഘം. പെട്ടെന്ന് അവിടെ നിന്നു മാറുക.

3. സ്വർണാഭരണങ്ങൾ ഊരിവയ്ക്കുക.

4. വെള്ളത്തിൽ ചവിട്ടി നി‍ൽക്കരുത്.

5. ഒറ്റപ്പെട്ട മരത്തിന്റെ ചുവട്ടിൽ നിൽക്കരുത്.

6. വീട്ടിൽ ജനലും വാതിലും അടച്ചിട്ട് കട്ടിലിലോ, ഈർപ്പമില്ലാത്ത പ്രതലത്തിലോ കഴിച്ചുകൂട്ടണം.

English Summary: What Happens To the Human Body When it's Struck by Lightning?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA