ADVERTISEMENT

ഡിഷ് ആന്റിന വഴി ഇന്ത്യയിൽ എവിടെയും സാറ്റലൈറ്റ് ഇന്റർനെറ്റ് എത്തിക്കാൻ രംഗത്തിറങ്ങിയ ഇലോൺ മസ്കിന്റെ കമ്പനിക്ക് തിരിച്ചടി. കേന്ദ്ര സർക്കാരിന്റെ ഉത്തരവ് പ്രകാരം പ്രീ-ഓർഡറുകൾ എടുക്കുന്നത് നേരത്തേ തന്നെ നിർത്തിയിരുന്നു. ഇപ്പോൾ സ്റ്റാർലിങ്ക് സേവനത്തിനായി നേരത്തേ ബുക്ക് ചെയ്തവരുടെ പണം തിരിച്ചു നൽകുമെന്നും കമ്പനി അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു

 

സ്റ്റാർലിങ്ക് ഇപ്പോൾ ഉപഭോക്താക്കൾക്ക് റീഫണ്ട് നൽകുന്നുണ്ടെന്നാണ് റിപ്പോർട്ട്. 2020 ഫെബ്രുവരിയിലാണ് ഇലോൺ മസ്‌കിന്റെ കീഴിലുള്ള സാറ്റലൈറ്റ് ബ്രോഡ്‌ബാൻഡ് കമ്പനി ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്കായി പ്രീ-ഓർഡറുകൾ സ്വീകരിച്ചു തുടങ്ങിയത്. 99 ഡോളറായിരുന്നു പ്രീ–ഓർഡറുകള്‍ക്ക് വാങ്ങിയിരുന്നത്. നേരത്തേ പണം നൽകിയവർക്കെല്ലാം ഏകദേശം 7,300 രൂപയാണ് സ്റ്റാർലിങ്ക് തിരിച്ചുകൊടുക്കുക. ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് (ഡോട്ട്) കമ്പനിക്ക് മുന്നറിയിപ്പ് നൽകിയതിനെത്തുടർന്ന് 2021 നവംബറിലാണ് ഇന്ത്യയിൽ പ്രീ-ഓർഡറുകൾ എടുക്കുന്നത് സ്റ്റാർലിങ്ക് നിർത്തിയത്.

 

പണം തിരിച്ചുനൽകുന്നത് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വെബ്‌സൈറ്റ് വഴിയുള്ള പ്രീ-ഓർഡറുകൾ സ്വീകരിക്കുന്നത് നിർത്തിയിട്ടുണ്ട്. 2021 ഒക്ടോബർ 1 വരെ ഇന്ത്യയിൽ സ്റ്റാർലിങ്ക് ഇന്റർനെറ്റ് സേവനത്തിനായി അയ്യായിരത്തിലധികം പ്രീ-ഓർഡറുകൾ ലഭിച്ചിട്ടുണ്ടെന്നും കമ്പനി സൂചിപ്പിച്ചിരുന്നു.

 

ഇന്ത്യയിൽ ലൈസൻസ് ലഭിക്കുന്നത് വരെ പ്രീ-ഓർഡറുകൾ സ്വീകരിക്കരുതെന്നും നേരത്തെ ബുക്ക് ചെയ്തവരുടെ പണം തിരിച്ചുനൽകണമെന്നും ഡോട്ട് നിർദേശിച്ചിട്ടുണ്ടെന്ന് സൂചിപ്പിച്ച് സ്റ്റാർലിങ്ക് ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് ഇമെയിൽ അയച്ചതായി റിപ്പോർട്ടുണ്ട്. ലൈസൻസുകൾ ലഭ്യമാക്കുന്നതിനുള്ള സമയക്രമം നിലവിൽ അജ്ഞാതമാണെന്നും കമ്പനിക്ക് ഇന്ത്യയിൽ പ്രവർത്തിപ്പിക്കുന്നതിന് മുൻപ് പരിഹരിക്കേണ്ട ചില പ്രശ്‌നങ്ങളുണ്ടെന്നും മുൻകൂർ ഓർഡറുകൾ നൽകിയ ഉപഭോക്താക്കൾക്ക് അയച്ച ഇമെയിലിൽ സ്റ്റാർലിങ്ക് സൂചിപ്പിച്ചതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. ഇന്ത്യയിൽ ഉപഗ്രഹ അധിഷ്ഠിത സേവനങ്ങൾ നൽകുന്നതിനു കേന്ദ്ര സർക്കാരിൽ നിന്ന് ആവശ്യമായ ലൈസൻസ് ആവശ്യമാണെന്ന് ഡോട്ട് ഒരു വാർത്താക്കുറിപ്പിൽ സൂചിപ്പിച്ചിരുന്നു.

 

English Summary: Elon Musk-backed Starlink offers refunds in India a month after it stopped taking pre-orders

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com