ADVERTISEMENT

ഭൂമിയില്‍ നിന്നും മനുഷ്യന് ആസ്വദിക്കാനാവുന്ന ആകാശദൃശ്യങ്ങളില്‍ നിറങ്ങളാല്‍ സമ്പന്നമായ വ്യത്യസ്ത കാഴ്ചയാണ് ധ്രുവദീപ്തി (Aurora). സാധാരണ ധ്രുവങ്ങളോട് ചേര്‍ന്ന് കാണപ്പെടുന്ന ഇവ എക്കാലത്തും അങ്ങനെയായിരുന്നില്ല. ഏതാണ്ട് 41,000 വര്‍ഷങ്ങള്‍ക്ക് മുൻപ് ഭൂമിയുടെ കാന്തിക മണ്ഡലത്തിലുള്ള വ്യതിയാനം ഭൂമധ്യരേഖാ പ്രദേശങ്ങളില്‍ പോലും ഇത്തരം ധ്രുവദീപ്തി ദൃശ്യമാക്കിയിരുന്നു. അമേരിക്കയില്‍ ഗവേഷണം നടത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ഥിയാണ് ധ്രുവദീപ്തിയുടെ ഈ അസാധാരണ കാഴ്ചയെക്കുറിച്ച് കണ്ടെത്തിയത്.

 

ലാഷാംപ് പ്രതിഭാസം എന്നറിയപ്പെടുന്ന ഈ കാലത്ത് ഭൂമിയുടെ വടക്ക്, തെക്ക് ഭാഗങ്ങളിലെ കാന്തിക മണ്ഡലങ്ങളുടെ ശേഷി കുറഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ് ഭൂമിയുടെ കാന്തിക മണ്ഡലത്തിന്റെ അച്ചുതണ്ടില്‍ ചരിവുണ്ടായത്. ഇത് കാന്തിക മണ്ഡലത്തിന്റെ ശക്തിയുടെ കുറവിനും കാരണമായി. ഇതോടെ ഉന്നതോര്‍ജമുള്ള സൗരകിരണങ്ങള്‍ ധ്രുവപ്രദേശങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുന്നതിനും ഇവ ഭൗമാന്തരീക്ഷത്തിലെ വാതക തന്മാത്രകളുമായി കൂട്ടിയിടിച്ച് ധ്രുവദീപ്തികള്‍ ഉണ്ടാവുന്നതിനും തടസമായി.

 

ഏതാണ്ട് 41,000 വര്‍ഷങ്ങള്‍ക്ക് മുൻപാണ് ലാഷാംപ് പ്രതിഭാസം നടന്നത്. ഈ പ്രതിഭാസം തുടര്‍ന്ന ഏതാണ്ട് 1300 വര്‍ഷക്കാലയളവില്‍ ഭൂമധ്യരേഖയോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ നിന്നു പോലും ധ്രുവദീപ്തികള്‍ കാണാനാവുമായിരുന്നു. മിഷിഗണ്‍ സര്‍വകലാശാലയിലെ ഇന്ത്യക്കാരനായ ഗവേഷക വിദ്യാര്‍ഥി അഗ്നിത് മുഖോപാധ്യായയാണ് ഇത് അവതരിപ്പിച്ചത്. അമേരിക്കയിലെ ന്യൂ ഓര്‍ലിയാന്‍സില്‍ സംഘടിപ്പിച്ച അമേരിക്കന്‍ ജിയോഫിസിക്കല്‍ യൂണിയന്റെ വാര്‍ഷിക സമ്മേളനത്തിലാണ് അഗ്നിത് തന്റെ കണ്ടെത്തല്‍ വിശദീകരിച്ചത്. 

 

ഭൂമിയുടെ കാന്തികമണ്ഡലമാണ് സൂര്യനില്‍ നിന്നുള്ള സൗരകാറ്റിനേയും റേഡിയോ ആക്ടീവ് കണങ്ങളേയുമെല്ലാം ജീവന് ഭീഷണിയാവാതെ തുടയുന്നത്. ഏതാണ്ട് 41,000 വര്‍ഷങ്ങള്‍ക്ക് മുൻപുണ്ടായ ലാഷാംപ് പ്രതിഭാസത്തെ തുടര്‍ന്ന് ഭൂമിയുടെ കാന്തികമണ്ഡലത്തിന്റെ ശേഷി ഇന്നത്തെ അപേക്ഷിച്ച് വെറും നാല് ശതമാനമായി കുറയുകയും ഒരു ഭാഗത്തേക്ക് കാന്തികമണ്ഡലം ചരിയുകയും ചെയ്തുവെന്നാണ് അഗ്നിത് വിശദീകരിക്കുന്നത്. 

 

ഭൂമിയുടെ മാഗ്നെറ്റോസ്ഫിയറിന് സംഭവിച്ച മാറ്റത്തെക്കുറിച്ച് ഈ വര്‍ഷം ആദ്യം ഒരു ഗവേഷണഫലം പുറത്തുവന്നിരുന്നു. മാഗ്നെറ്റോസ്ഫിയറിലുണ്ടായ മാറ്റങ്ങളെ തുടര്‍ന്ന് അക്കാലത്ത് ഭൂമിയില്‍ സൗരക്കാറ്റുകള്‍ വ്യാപകമായിരുന്നെന്നും ഇത് ഓസോണിന്റെ തകര്‍ച്ചക്കും കാലാവസ്ഥാ മാറ്റങ്ങള്‍ക്കും ജീവജാലങ്ങളുടെ വംശനാശങ്ങള്‍ക്കും കാരണമായെന്നും ചൂണ്ടിക്കാണിച്ചിരുന്നു. യൂറോപ്പില്‍ നിയാഡര്‍താലുകളെ ഇല്ലാതാക്കിയത് ഈ പ്രതിഭാസമാകാമെന്നും ഗവേഷകരെ ഉദ്ധരിച്ച് ലൈവ് സയന്‍സ് റിപ്പോര്‍ട്ടു ചെയ്തിരുന്നു. അതേസമയം ലാഷാംപ് പ്രതിഭാസത്തിന് ഭൂമിയിലെ ജീവജാലങ്ങളുടെ ജീവിതത്തെ എത്രത്തോളം നേരിട്ട് സ്വാധീനിക്കാനായെന്ന് കൂടുതല്‍ പഠനത്തിലൂടെ മാത്രമേ ഉറപ്പിക്കാനാവൂ എന്നാണ് അഗ്നിത് മുഖോപാധ്യായയുടെ നിലപാട്.

 

English Summary: Earth's Tilted Magnetic Field 41,000 Years Ago Pushed The Auroras to Unexpected Places

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com