ADVERTISEMENT

അന്യഗ്രഹ ജീവികള്‍ ഉണ്ടോ? ഉണ്ടെങ്കില്‍ അവ  മനുഷ്യരുമായി എങ്ങനെയാവും സംവദിക്കാന്‍ ശ്രമിക്കുക? അന്യഗ്രഹജീവനെ തേടുന്നവരുടെ അഭിപ്രായത്തില്‍ അങ്ങനെയൊന്നുണ്ടെങ്കില്‍ ഏറ്റവും സാധ്യത ലേസറുകള്‍ ഉപയോഗിച്ച് മനുഷ്യരുമായി ബന്ധപ്പെടാനായിരിക്കും എന്നാണ്. അന്യഗ്രഹ ജീവികളുടെ ലേസറുകളെ തിരിച്ചറിയുന്നതിനായി കലിഫോര്‍ണിയയിലും ഹവായിലും പ്രത്യേകം നിരീക്ഷണ ഉപകരണങ്ങള്‍ സ്ഥാപിച്ചിരിക്കുകയാണ് ഗവേഷകര്‍. 

 

ലേസര്‍ സിഗ്നലുകളെ പിന്തുടര്‍ന്ന് അന്യഗ്രഹ ജീവികളിലേക്കെത്താമെന്ന പ്രതീക്ഷയാണ് ഈ ഉപകരണങ്ങള്‍ നല്‍കുന്നത്. മറ്റു മാര്‍ഗങ്ങളെ അപേക്ഷിച്ച് ദീര്‍ഘദൂര വാര്‍ത്താവിനിമയത്തിന് മനുഷ്യന്റെ അറിവില്‍ ഏറ്റവും മികച്ച ഉപാധിയായാണ് ലേസറുകളെ കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ അന്യഗ്രഹജീവനുകള്‍ തേടുന്ന അന്യഗ്രഹ ജീവികള്‍ ഉപയോഗിക്കാന്‍ സാധ്യത കൂടുതല്‍ ലേസറുകളാണെന്നാണ് ഗവേഷകരുടെ കണക്കുകൂട്ടല്‍.

 

ഫോട്ടോമള്‍ട്ടിപ്ലെയര്‍ ട്യൂബുകളെ ഉപയോഗിച്ച് അന്യഗ്രഹങ്ങളില്‍ നിന്നുള്ള ലേസറുകള്‍ തിരിച്ചറിയുന്നതിന് നേരത്തെ ശ്രമങ്ങള്‍ നടന്നിരുന്നു. എന്നാല്‍ ഇതുവരെ അവയൊന്നും തന്നെ വിജയം കണ്ടിട്ടില്ല. എന്നാല്‍ പുതിയ ലേസർസെറ്റി ( LaserSETI) ഉപകരണം മുന്‍പുള്ള സാങ്കേതികവിദ്യകളുടെ പല പരിമിതികളേയും മറികടക്കുന്നതാണ്. ലേസറുകളുടെ പ്രധാന പ്രത്യേകതകളിലൊന്ന് അത് ഏകവര്‍ണത്തിലുള്ളവയാകും എന്നതാണ്. സാധാരണ നക്ഷത്രങ്ങളില്‍ നിന്നുള്ള പ്രകാശങ്ങള്‍ നീല മുതല്‍ ചുവപ്പ് വരെയുള്ള പലവിധ വര്‍ണങ്ങളാല്‍ സമ്പന്നമായിരിക്കും. ഇതിനെ അപേക്ഷിച്ച് ഒരൊറ്റ തരംഗദൈര്‍ഘ്യത്തില്‍ മാത്രമുള്ളവയായിരിക്കും ലേസറുകള്‍. 

 

90 ഡിഗ്രിയില്‍ കറങ്ങുന്ന രണ്ട് ക്യാമറകള്‍ ചേര്‍ന്നതാണ് ലേസർസെറ്റി ഉപകരണങ്ങള്‍. ഇവ ഉപയോഗിച്ച് രാത്രികളില്‍ ആകാശം പൂര്‍ണമായി തന്നെ നിരീക്ഷിക്കാനാകുമെന്നാണ് പ്രതീക്ഷ. അന്യഗ്രഹജീവനുകളുടെ തെളിവ് ശേഖരിക്കാനുള്ള വലിയ കാല്‍വെപ്പാണിതെന്നാണ് ലേസർസെറ്റി പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ എലിയറ്റ് ജിലും പറയുന്നത്. ശാസ്ത്രസാങ്കേതിക വെബ് സൈറ്റായ ഗിസ്മോഡോയിലാണ് (New System Would Let Us Know If Aliens Are Using Lasers to Communicate) ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

 

English Summary: Are Aliens Using Lasers To Communicate With Us? New Detection System Will Tell

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com