ADVERTISEMENT

പണ്ട്, അരൂരിലെ സ്കൂൾ മുറ്റങ്ങളിലും ക്ലാസ് മുറികളിലും ശാസ്ത്രകൗതുകങ്ങൾ തിരഞ്ഞ ആ കണ്ണുകൾ ഇന്നു ഏറെ ഉയരങ്ങളിൽ എത്തിയിരിക്കുന്നു. അതെ, മലയാളി ശാസ്ത്രജ്ഞനും തിരുവനന്തപുരം വിഎസ്‍എസ്‍സി ഡയറക്ടറുമായ എസ്. സോമനാഥ് ആണ് ഇസ്രോയുടെ പുതിയ മേധാവി. ഡോ.കെ.ശിവന്‍ വിരമിച്ചതോടെയാണ് സോമനാഥിന് പുതിയ ചുമതല ലഭിച്ചിരിക്കുന്നത്.

ചന്ദ്രയാൻ 2 പദ്ധതിയിൽ നിർണായക പങ്കു വഹിച്ച വിക്രം സാരാഭായ് സ്പേസ് സെന്റർ (വിഎസ്എസ്‌സി) ഡയറക്ടർ കൂടിയായിരുന്ന എസ്.സോമനാഥ് (58) ആലപ്പുഴക്കാരനാണ്. തുറവൂർ വേടാംപറമ്പിൽ ശ്രീധരപ്പണിക്കർ എന്ന അധ്യാപകന്റെയും അരൂർ സ്വദേശിനി തങ്കമ്മയുടെയും മകനാണ് സോമനാഥ്.

ഇസ്രോ ചെയർമാൻ പദവിയിലെത്തുന്ന അഞ്ചാമത്തെ കേരളീയനാണ് സോമനാഥ്. എം.ജി.കെ. മേനോൻ, ഡോ. കെ.കസ്‌തൂരിരംഗൻ, ഡോ. ജി.മാധവൻനായർ, ഡോ. കെ.രാധാകൃഷ്ണൻ എന്നിവരാണു മറ്റു 4 പേർ. 1985 ൽ വിഎസ്‍എസ്‍സിയിൽ ചേർന്ന സോമനാഥ് ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്റർ (എൽപിഎസ്‌സി) മേധാവിയായും പ്രവർത്തിച്ചിട്ടുണ്ട്. 2018 ൽ വിഎസ്‌എസ്‌സി ഡയറക്ടറായി. ജിഎസ്എൽവി മാർക്ക് 3 ഉൾപ്പെടെയുള്ള വിക്ഷേപണ വാഹനങ്ങൾക്കു രൂപം നൽകിയതു സോമനാഥിന്റെ നേതൃത്വത്തിലാണ്. ചന്ദ്രയാൻ–1 ദൗത്യത്തിൽ റോക്കറ്റ് രൂപകൽപന ചെയ്ത പ്രോജക്ട് ഡയറക്ടറാണ്. ചന്ദ്രയാൻ–2 റോക്കറ്റ് നിർമാണത്തിലും വിക്ഷേപണത്തിലും പ്രധാന ചുമതലകൾ വഹിച്ചു.

കൊല്ലം ടികെഎം എൻജിനീയറിങ് കോളജിൽ നിന്നാണ് എൻജിനീയറിങ്ങിൽ ബിരുദമെടുത്തത്. മാസ്റ്റേഴ്സ് ബിരുദം ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നിന്ന്. 1985ൽ വിഎസ്എസ്‌സിയിൽ ചേർന്നു. പിഎസ്എൽവി ദൗത്യങ്ങളുടെ കാലമായിരുന്നു അത്. ആദ്യത്തെയും രണ്ടാമത്തെയും വിക്ഷേപണങ്ങളുടെ രൂപകൽപനയിൽ പങ്കാളിയായിരുന്നു. പിന്നെ ചന്ദ്രയാൻ ദൗത്യത്തിന്റെ ഭാഗമായി. ആദ്യ ദൗത്യത്തിൽ റോക്കറ്റ് രൂപകൽപന ചെയ്ത പ്രോജക്ട് ഡയറക്ടറായിരുന്നു.

ചന്ദ്രയാൻ 2ൽ റോക്കറ്റ് നിർമാണത്തിന്റെയും വിക്ഷേപണത്തിന്റെയും പ്രധാനപ്പെട്ട ഒട്ടേറെ ഭാഗങ്ങൾ വിഎസ്എസ്‌സിയാണു നിർമിച്ചത്. എൻജിൻ രൂപകൽപനയും സോമനാഥിന്റെ ചുമതലയിലായിരുന്നു. ഇന്ത്യയുടെ പ്രഥമ ബഹിരാകാശ ദൗത്യമായ ഗഗൻയാൻ, ചന്ദ്രയാൻ–3 തുടങ്ങിയവ ഐഎസ്ആർഒ നടപ്പാക്കുക സോമനാഥിന്റെ നേതൃത്വത്തിലായിരിക്കും.

അരൂർ – അരൂക്കുറ്റി റോഡിൽ പള്ളിയറക്കാവ് ക്ഷേത്രത്തിനടുത്തും പിന്നീടു തുറവൂർ വളമംഗലത്തുമായിരുന്നു സോമനാഥിന്റെ കുടുംബം താമസിച്ചിരുന്നത്. ഭാര്യ വത്സല പൂച്ചാക്കൽ സ്വദേശിനിയാണ്. തിരുവനന്തപുരത്തു ജിഎസ്ടി വകുപ്പിൽ ജോലി ചെയ്യുന്നു. മകൾ മാലികയും മകൻ മാധവും എൻജിനീയറിങ് വിദ്യാർഥികളാണ്.

English Summary: S Somanath, New Chief Of ISRO (Space Agency)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com