ADVERTISEMENT

ഇന്റര്‍നാഷണല്‍ ലൂണാര്‍ റിസര്‍ച്ച് സ്‌റ്റേഷന്‍ എന്ന പേരില്‍ ചന്ദ്രനില്‍ ചൈനയും റഷ്യയും സംയുക്ത  കോളനി സ്ഥാപിക്കുന്നുവെന്ന വിവരം 2021 ജൂണിലാണ് പുറത്തുവന്നത്. അമേരിക്കയുടെ ആര്‍ട്ടിമിസ് എന്ന പേരില്‍ നടപ്പാക്കുന്ന സമാനമായ പദ്ധതിക്കുള്ള ബദലായിരുന്നു ഇത്. ഇതോടെ ഭൂമിക്ക് പുറത്തേക്കുള്ള മനുഷ്യന്റെ അധിനിവേശ സ്വപ്‌നങ്ങള്‍ക്ക് മത്സരസ്വഭാവം കൈവന്നിരിക്കുകയാണ്. പരമാവധി വേഗത്തില്‍ ചന്ദ്രനിലെ ലഭ്യമായ പ്രകൃതിവിഭവങ്ങളില്‍ സ്വാധീനം ഉറപ്പിക്കുകയാണ് ഈ ലോകശക്തികളുടെ പ്രധാന ലക്ഷ്യം. 

ചന്ദ്രനില്‍ മനുഷ്യരില്ലാത്ത സ്ഥിരം ആസ്ഥാനം നിര്‍മിക്കാനുള്ള ചൈനീസ് പദ്ധതിയുടെ പുതുക്കിയ ലക്ഷ്യം ഡിസംബര്‍ 27നാണ് ചൈന പ്രഖ്യാപിച്ചത്. നേരത്തെ 2035-ല്‍ നടത്തുമെന്ന് പറഞ്ഞിരുന്ന പദ്ധതി 2027 ആകുമ്പോഴേക്കും പൂര്‍ത്തിയാക്കുമെന്നാണ് ഇപ്പോള്‍ ചൈന അറിയിച്ചിരിക്കുന്നത്. 'ചന്ദ്രനിലെ വിഭവങ്ങളുടെ സമാധാനപരമായ ചൂഷണത്തിനുള്ള ശക്തമായ അടിത്തറ' എന്ന ഈ പദ്ധതിയെക്കുറിച്ചുള്ള ചൈന നാഷണല്‍ സ്‌പേസ് അഡ്മിനിസ്‌ട്രേഷന്‍ തലവന്‍ വു യനാഹുവയുടെ വിശേഷണം തന്നെ കാര്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. 

ജോ ബൈഡന് കീഴിലുള്ള അമേരിക്കയും ആര്‍ട്ടിമിസ് ദൗത്യത്തിന് ട്രംപിന്റെ പിന്തുണ ശക്തമായി തുടരുന്നുണ്ട്. 2019ല്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റായിരുന്ന മൈക്ക് പെന്‍സ് ചൈനയില്‍ നിന്നും ഉയരാനിടയുള്ള ബഹിരാകാശത്തെ ഭീഷണിയെക്കുറിച്ച് സൂചന നല്‍കിയിരുന്നു. അതേസമയം, സോവിയറ്റ് യൂണിയനും അമേരിക്കയും തമ്മില്‍ നടന്ന ശീതയുദ്ധത്തിന് സമാനമായ മത്സരത്തിന് ഒരിക്കലും താല്‍പര്യമില്ലെന്ന നിലപാടാണ് ചൈന ആവര്‍ത്തിച്ചിരുന്നത്. പരസ്യമായി ഇങ്ങനെ പറയുമ്പോഴും ബഹിരാകാശത്തും അമേരിക്കന്‍ നീക്കങ്ങളോട് മത്സരബുദ്ധിയോടെ തന്നെയാണ് ചൈന പ്രതികരിച്ചിട്ടുള്ളതും.

2024 ഓടെ വീണ്ടും ചന്ദ്രനിലേക്കെത്തി ഉപരിതലത്തിലും ചന്ദ്രന്റെ ഭ്രമണപഥത്തിലുമായി മനുഷ്യ താവളത്തിന് വേണ്ട അടിസ്ഥാനമിടുകയാണ് ആര്‍ട്ടിമിസ് ദൗത്യം ലക്ഷ്യമിടുന്നത്. ഭാവിയിലെ ചന്ദ്രനിലേക്കുള്ള മനുഷ്യ ദൗത്യങ്ങള്‍ക്ക് നിശ്ചിത നിയമങ്ങളും അമേരിക്കയും സഖ്യകക്ഷികളും മുന്നോട്ടുവെക്കുകയും ചെയ്യുന്നുണ്ട്. ഒരുകാലത്ത് പൊതു ഉടമസ്ഥതയിലുള്ള ഭൂമി ഒരു വിഭാഗം സ്വകാര്യ ഉടമസ്ഥതയിലേക്ക് മാറ്റിയതു പോലുള്ള ചൂഷണ സാധ്യത ഇതിലുണ്ടെന്ന ആശങ്ക അമേരിക്കയുടെ ഈ നീക്കത്തിനോട് ചൈനയും റഷ്യയും അടക്കമുള്ള രാജ്യങ്ങള്‍ക്കുണ്ട്. ചന്ദ്രനിലുള്ള അവകാശം മുഴുവന്‍ മനുഷ്യരാശിക്കും ഒരുപോലെയാണെന്ന യുഎന്‍ പ്രഖ്യാപനത്തിന് വിരുദ്ധമാണ് അമേരിക്കന്‍ നീക്കമെന്നാണ് റഷ്യയും ചൈനയും ഉന്നയിക്കുന്ന വിമര്‍ശം.

രാജ്യാന്തര ബഹിരാകാശ നിലയം പോലെ ചന്ദ്രനെ ചുറ്റുന്ന നിലയം സ്ഥാപിക്കാന്‍ ആര്‍ട്ടിമിസ് ദൗത്യത്തിന്റെ ഭാഗമായി അമേരിക്കക്ക് പദ്ധതിയുണ്ട്. 2025 ആകുമ്പോഴേക്കും ഏതാണ്ട് 100 ബില്യണ്‍ ഡോളറാണ് ഇതിനായി അമേരിക്ക ചെലവിടുക. ഇതിനെ അപേക്ഷിച്ച് സങ്കീര്‍ണത കുറഞ്ഞതാണ് ചൈനീസ് ലക്ഷ്യം. ചന്ദ്രനില്‍ ആണവോര്‍ജം ഇന്ധനമാക്കി പ്രവര്‍ത്തിക്കുന്ന റിസര്‍ച്ച് സ്റ്റേഷന്‍ സ്ഥാപിക്കുകയാണ് ചൈനീസ് ലക്ഷ്യം. ഭാവിയിലെ ചാന്ദ്ര ദൗത്യങ്ങള്‍ക്ക് ഇത് സഹായമാവുകയും ചെയ്യും. അമേരിക്കയെ അപേക്ഷിച്ച് കുറഞ്ഞ ചെലവില്‍ ചന്ദ്രനില്‍ കഴിയാന്‍ ചൈനയെ ഈ നിലയം സഹായിക്കുകയും ചെയ്യും.

ചക്രങ്ങളില്‍ സഞ്ചരിക്കുന്ന ഒരു വാഹനവും ചൈന ചന്ദ്രനിലേക്കയക്കുന്നുണ്ട്. ചന്ദ്രന്റെ ഉപരിതലത്തില്‍ 1000 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ ശേഷിയുള്ളതാണിത്. അമേരിക്കയുടെ ചന്ദ്രനിലെ അധിനിവേശ ശ്രമങ്ങള്‍ക്ക് ചൈനയുടെ ഈ വാഹനം വെല്ലുവിളി ഉയര്‍ത്തുകയും ചെയ്യും. നിര്‍മിത ബുദ്ധിയുടെ കൂടി സഹായത്തിലാവും ചൈനയുടെ ചാന്ദ്ര വാഹനത്തിന്റെ പ്രവര്‍ത്തനം.  

അമേരിക്കയെ അപേക്ഷിച്ച് കൂടുതല്‍ ചന്ദ്രന്റെ ഉപരിതലത്തില്‍ കഴിഞ്ഞുകൊണ്ടുള്ളതായിരിക്കും ചൈനീസ് പദ്ധതികള്‍. അതുകൊണ്ടുതന്നെ ചന്ദ്രനിലെ പ്രകൃതി നിര്‍മിത ഗുഹകളിലും ചൈന വിശദ പരിശോധന നടത്തും. സാധ്യമെങ്കില്‍ മനുഷ്യ താവളത്തിന് അനുയോജ്യമായ ഗുഹ കണ്ടെത്തുക കൂടിയാണ് ഇതിനു പിന്നിലെ ലക്ഷ്യം. നാസ 2030ല്‍ ചന്ദ്രനില്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള ആണവ നിലയത്തിന്റെ നൂറിരട്ടി ശേഷിയുള്ള ഒന്ന് ചന്ദ്രനില്‍ നിര്‍മിക്കാനും ചൈനക്ക് പദ്ധതിയുണ്ട്. 150 ടണ്‍ വഹിക്കാന്‍ ശേഷിയുള്ള റോക്കറ്റും വിമാനത്താവളങ്ങളില്‍ നിന്നും പറന്നുയര്‍ന്ന് ബഹിരാകാശത്തേക്ക് എത്താന്‍ ശേഷിയുള്ള ഹൈപര്‍സോണിക് വിമാനങ്ങളും ചൈന ഒരുക്കുന്നുണ്ട്. ഇരുരാജ്യങ്ങളുടേയും ചാന്ദ്ര പദ്ധതികള്‍ പരിശോധിക്കുമ്പോള്‍ ഭൂമിയിലെ യുഎസ് - ചൈന മത്സരം ചന്ദ്രനിലും തുടരുമെന്ന ഉറപ്പു തന്നെയാണ് ലഭിക്കുന്നത്.

English Summary: To Counter NASA’s $100 Billion Artemis Program, China Advances Its Low-Cost Lunar Base Mission By Eight Years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com