ഇലോൺ മസ്കിന് കീഴിലുള്ള സ്‌പേസ് എക്‌സിന്റെ ആഗോള ഇന്റര്‍നെറ്റ് പദ്ധതിയായ സ്റ്റാര്‍ലിങ്ക് വിക്ഷേപിച്ച സാറ്റലൈറ്റുകളുടെ എണ്ണം 2000 കടന്നു. ചൊവ്വാഴ്ച ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്നും ഫാല്‍ക്കണ്‍ 9 റോക്കറ്റിലാണ് 49 സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റുകള്‍ ബഹിരാകാശത്തേക്ക് വിക്ഷേപിച്ചത്. എന്നാൽ, വിക്ഷേപണത്തിനു ശേഷം ഒരു മണിക്കൂറും 20 മിനിറ്റും കഴിഞ്ഞാണ് സ്‌പേസ് എക്‌സിന്റെ ഔദ്യോഗിക ട്വിറ്ററിലൂടെ വിക്ഷേപണം വിജയിച്ചതായി അറിയിച്ചത്.
2018 ഫെബ്രുവരിയിലാണ് ആദ്യ സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് വിക്ഷേപിച്ചത്. ഇതുവരെ 2042 സാറ്റലൈറ്റുകള്‍ ബഹിരാകാശത്തെത്തി. പല കാരണങ്ങളാല്‍ ഇവയില്‍ പലതും പ്രവര്‍ത്തനക്ഷമമല്ലാതായിരുന്നു. ഭൂമിയിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിലേക്ക് ഡിഷ് ആന്റിന വഴി അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കുകയാണ് സ്റ്റാര്‍ലിങ്ക് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. തുടക്കമെന്ന നിലയില്‍ ഇപ്പോള്‍ തന്നെ 23 രാജ്യങ്ങളില്‍ സ്റ്റാര്‍ലിങ്ക് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
സ്റ്റാര്‍ലിങ്ക് പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ 42,000 സാറ്റലൈറ്റുകള്‍ വിക്ഷേപിക്കുമെന്നാണ് മസ്‌ക് പറയുന്നത്. ഈ വര്‍ഷം മൂന്നാം തവണയാണ് ഫാല്‍ക്കണ്‍ 9 റോക്കറ്റ് പറന്നുയര്‍ന്നത്. ജനുവരി ആറിനും 13നുമായിരുന്നു ആദ്യ രണ്ട് വിക്ഷേപണങ്ങള്‍. ഫാല്‍ക്കണ്‍ 9 റോക്കറ്റിന്റെ ഒരുഭാഗം വിജയകരമായി തന്നെ കടലില്‍ തിരിച്ചിറക്കാനും സ്‌പേസ് എക്‌സിന് സാധിച്ചു. ഈ ബൂസ്റ്ററുകള്‍ വീണ്ടും ഉപയോഗിക്കാനാവുമെന്നത് വലിയ സാമ്പത്തിക ലാഭമാണ് സ്‌പേസ് എക്‌സിന് നല്‍കുക. സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റുകളുടെ അടുത്ത വിക്ഷേപണം ജനുവരി 29നാണ് നിശ്ചയിച്ചിരിക്കുന്നത്.
2021ല്‍ മാത്രം 18 സ്റ്റാര്‍ലിങ്ക് വിക്ഷേപണങ്ങളാണ് സ്‌പേസ് എക്‌സ് നടത്തിയത്. ആയിരം സാറ്റലൈറ്റുകളും ബഹിരാകാശത്തേക്ക് എത്തിക്കാന്‍ ഇതുവഴി സ്‌പേസ് എക്‌സിനായി. കഴിഞ്ഞ ആഴ്ചയില്‍ നടന്ന ഫാല്‍ക്കണ്‍ 9 ദൗത്യം സ്‌പേസ് എക്‌സിന്റെ മൂന്നാമത്തെ 'റൈഡ്‌ഷെയര്‍' ദൗത്യമായിരുന്നു. വിവിധ രാജ്യങ്ങള്‍ക്കും സ്വകാര്യ പങ്കാളികള്‍ക്കും ആവശ്യമുള്ള സാറ്റലൈറ്റുകളേയും മറ്റും ബഹിരാകാശത്തേക്ക് എത്തിക്കുന്നതിന് ഇത്തരം പങ്കാളിത്ത ദൗത്യങ്ങൾ വഴി സാധിക്കും. ഓരോ വിക്ഷേപണത്തിലും 200 കിലോഗ്രാം ഭാരമുള്ള വസ്തുക്കള്‍ കൊണ്ടുപോകാനാണ് അവസരമുള്ളത്. ബഹിരാകാശ ദൗത്യങ്ങളെ സംബന്ധിച്ച് കുറഞ്ഞ തുകയായ ഒരു മില്യണ്‍ ഡോളറാണ് ഇത്തരം റൈഡ് ഷെയറുകള്‍ക്ക് സ്‌പേസ് എക്‌സ് ഈടാക്കുന്നത്. സ്വന്തമായി ബഹിരാകാശ ദൗത്യം നടത്തണമെങ്കില്‍ ഏതാണ്ട് 50 ദശലക്ഷം ഡോളര്‍ ചെലവു വരുന്നിടത്താണിത്.
English Summary: SpaceX fires its 2,000th Starlink satellite into space