ADVERTISEMENT

ചൊവ്വയിൽ ജീവനുണ്ടോയെന്നത് അനേകകാലങ്ങളായുള്ള മനുഷ്യരാശിയുടെ അന്വേഷണമാണ്. കാലങ്ങൾക്കു മുൻപ് ജീവൻ നിലനിൽക്കാനുള്ള സാധ്യത ഉണ്ടായിരുന്നു എന്നതിൽ കവിഞ്ഞ് ഈ ചുവന്നഗ്രഹത്തിന്റെ സാഹചര്യങ്ങളെക്കുറിച്ച്  വിദഗ്ധർക്കുള്ള അറിവ് തീർത്തും കുറവാണ്.

 

അടുത്തകാലത്ത് വിക്ഷേപിച്ച പെഴ്സിവീയറൻസ് ഉൾപ്പെടെ റോവറുകൾ ചൊവ്വയുടെ രഹസ്യങ്ങൾ തിരയുന്നുണ്ട്. ഇവയിലൊന്നായ ക്യൂരിയോസിറ്റി റോവർ പുറത്തുവിട്ട വിവരമാണ് ഇപ്പോൾ വീണ്ടും ജീവന്റെ സാധ്യതയെക്കുറിച്ചുള്ള ചർച്ചകൾ ഉയർത്തിവിട്ടിരിക്കുന്നത്. ചൊവ്വയിൽ കണ്ടെത്തിയ ചില സാംപിളുകളിൽ പ്രത്യേക തരം കാർബൺ സംയുക്തങ്ങൾ റോവർ കണ്ടെത്തിയിരിക്കുന്നു. ഭൂമിയിൽ ജീവനുമായി ബന്ധപ്പെട്ടുള്ളതാണ് ഈ സംയുക്തങ്ങൾ.

 

ചൊവ്വയിൽ ജീവനുണ്ടെന്നുള്ളതിന്റെ സ്ഥിരീകരണമായി ഈ കണ്ടെത്തലിനെ കാണാൻ കഴിയില്ലെന്നു ശാസ്ത്രജ്ഞർ പറയുന്നു. എന്നാൽ തികച്ചും ജിജ്ഞാസയുണർത്തുന്നതാണ് ഇത്. കണ്ടെത്തലുകൾ, നാഷനൽ അക്കാദമി ഓഫ് സയൻസസ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ചു.

 

രണ്ടു സാധ്യതകളാണ് ഈ കാർബൺ സംയുക്തമുണ്ടാകാനുള്ള കാരണങ്ങളായി ശാസ്ത്രജ്ഞർ മുന്നോട്ടുവയ്ക്കുന്നത്. ചൊവ്വയുടെ ഉപരിതലത്തിലുള്ള ആദിമമായ സൂക്ഷ്മാണുക്കൾ മീഥെയ്ൻ വാതകത്തെ അന്തരീക്ഷത്തിലേക്കു വിട്ടിരിക്കാമെന്നും അൾട്രാവയലറ്റ് പ്രകാശം ഈ വാതകത്തെ സങ്കീർണമായ തന്മാത്രകളാക്കി മാറ്റിയിരിക്കാമെന്നുമാണ് ഒരു സാധ്യത. ഇവ പിന്നീട് ചൊവ്വയുടെ ഉപരിതലത്തിലേക്ക് എത്തി ചൊവ്വയിലെ പാറകൾക്കൊപ്പം ചേർന്നിരിക്കാമെന്നും ശാസ്ത്രജ്ഞർ സാധ്യത പറയുന്നു. ഇത് ചൊവ്വയിൽ ജീവനുണ്ടാകുമെന്ന പ്രതീക്ഷ പുലർത്തുന്ന സാധ്യതയാണ്.

 

മറ്റൊരു സാധ്യത പറയുന്നത് ചൊവ്വയുടെ അന്തരീക്ഷത്തിലുള്ള കാർബൺ ഡയോക്സൈഡ്, അൾട്രാവയലറ്റ് രശ്മികളുമായി പ്രവർത്തിച്ച് സങ്കീർണമായ തന്മാത്രകളുണ്ടാക്കിയിരികാം എന്നതാണ് അടുത്ത സാധ്യത. ഇങ്ങനെയാണ് സംഭവിച്ചതെങ്കിൽ ജീവന് സാധ്യതയില്ല.

 

2011 നവംബർ 26നു യുഎസിലെ ഫ്ലോറിഡയിലുള്ള കേപ് കാനവറാലിൽ നിന്നു വിക്ഷേപിക്കപ്പെട്ട റോവർ ദൗത്യമാ ക്യൂരിയോസിറ്റി 2012 ഓഗസ്റ്റ് ആറിനാണ് ചൊവ്വയിലെ ഗേൽ ക്രേറ്റർ മേഖലയിൽ ഇറങ്ങിയത്. 3 മീറ്റർ നീളവും 900 കിലോ ഭാരവുമുള്ള ക്യൂരിയോസിറ്റി, ചൊവ്വയിൽ ഇതുവരെ ഇറങ്ങിയിടുള്ളതിൽ ഏറ്റവും ഭാരമേറിയ റോവറാണ്. ആദിമകാലത്ത് ചൊവ്വയിൽ ജീവൻ നിലനിന്നിരിക്കാമെന്ന സാധ്യത മുന്നോട്ടു വയ്ക്കപ്പെട്ടത് ഈ റോവർ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്.

 

English Summary: Did scientists just find evidence of life on Mars? A curious amount of carbon detected

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com