ADVERTISEMENT

ഇന്നവേറ്റേഴ്‌സ് അണ്ടര്‍ 35 രാജ്യാന്തര പുരസ്‌കാരം സൗദി എൻജിനീയറും കിങ് അബ്ദുല്ല യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആൻഡ് ടെക്‌നോളജി (KAUST) അസിസ്റ്റന്റ് പ്രഫസറുമായ ദാന അല്‍ സുലൈമാന്. മനുഷ്യരിലെ വ്യത്യസ്തങ്ങളായ അര്‍ബുദം തിരിച്ചറിയാന്‍ സഹായിക്കുന്ന ചിപ്പ് കണ്ടെത്തിയതിനാണ് പുരസ്‌ക്കാരം. 

 

'ചെറു സൂചികള്‍ അടങ്ങിയതാണ് ഓരോ ചിപ്പുകളും. ഇത് ചര്‍മത്തില്‍ വയ്ക്കാനാകും. ഈ ചിപ്പുകള്‍ക്ക് ശരീരദ്രവങ്ങള്‍ ശേഖരിക്കാനും അര്‍ബുദ പരിശോധന നടത്താനുമാകും. ലളിതമായ മാര്‍ഗമാണിതെന്ന് അല്‍ എക്ബാരിയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ദാന അല്‍ സുലൈമാന്‍ തന്റെ കണ്ടെത്തല്‍ വിശദീകരിക്കുന്നു. അര്‍ബുദ പരിശോധനക്കായി ശ്രവം ശേഖരിക്കുന്ന പരമ്പരാഗത രീതി രോഗികള്‍ക്ക് പലപ്പോഴും തികച്ചും വേദനാജനകമാണ്. അക്കാര്യം തിരിച്ചറിഞ്ഞതോടെയാണ് ഇങ്ങനെയൊരു സാധ്യതയെക്കുറിച്ച് ചിന്തിച്ചതെന്നും അവര്‍ പറയുന്നു. സൗദി അറേബ്യയിലെ സ്വകാര്യ സര്‍വകലാശാലയായ കെഎയുഎസ്ടിയിലെ മെറ്റീരിയല്‍ സയന്‍സ് ആൻഡ് ബയോ എൻജിനീയറിങ് വിഭാഗം അസിസ്റ്റന്റ് പ്രഫസറാണ് ദാന. 

 

എംഐടിയില്‍ നിന്നും കെമിക്കല്‍ എൻജിനീയറിങ്ങില്‍ ഉന്നത പഠനവും ഇംപീരിയല്‍ കോളജ് ലണ്ടനില്‍ ബയോ എൻജിനീയറിങ്ങില്‍ പിഎച്ച്ഡിയും എടുത്ത ശേഷമാണ് പ്രഫ. ദാന കെഎയുഎസ്ടിയില്‍ എത്തുന്നത്. പല തരത്തിലുള്ള അര്‍ബുദങ്ങള്‍ തിരിച്ചറിയാന്‍ പുരസ്‌കാര യോഗ്യമായ ചിപ്പിന് സാധിക്കും. ഒരുപാട് മനുഷ്യ അധ്വാനവും സമയവും പണവും ലാഭിക്കാനും ഈ കണ്ടെത്തല്‍ കാരണമാകുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. തന്റെ ചിപ്പിന് അമേരിക്കന്‍ പേറ്റന്റ് ലഭിച്ചിട്ടുണ്ടെന്നും പ്രഫ. ദാന അറിയിക്കുന്നു. കിങ് അബ്ദുള്ള സര്‍വകലാശാലയില്‍ നിര്‍മിച്ച് ഭാവിയില്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്ക് ഈ ചിപ്പ് വിതരണം ചെയ്യാനാകുമെന്ന പ്രതീക്ഷയും അവര്‍ പ്രകടിപ്പിച്ചു.

 

35 വയസിന് താഴെയുള്ള ശാസ്ത്ര-സാങ്കേതിക-ഗവേഷക രംഗത്തുള്ള വിദഗ്ധര്‍ക്കാണ് ഇന്നൊവേറ്റേഴ്‌സ് അണ്ടര്‍ 35 പുരസ്‌കാരം നല്‍കുക. ബയോമെഡിസിന്‍, കംപ്യൂട്ടിങ് ആൻഡ് കമ്മ്യൂണിക്കേഷന്‍സ്, ഊര്‍ജം, സോഫ്റ്റ്‌വെയര്‍, ഗതാഗതം, ഇന്റര്‍നെറ്റ് തുടങ്ങി വൈവിധ്യമാര്‍ന്ന മേഖലയിലെ കണ്ടുപിടുത്തങ്ങളും ഈ പുരസ്‌ക്കാരത്തിനായി പരിഗണിക്കപ്പെടാറുണ്ട്. കണ്ടെത്തലിനെക്കുറിച്ച് മൂന്ന് മിനിറ്റില്‍ കൂടാത്ത വിവരണവും പുരസ്‌കാരത്തിനായുള്ള അപേക്ഷയില്‍ നല്‍കേണ്ടതുണ്ട്. പശ്ചിമേഷ്യ, ഉത്തര ആഫ്രിക്ക, അറബ് മേഖലകളിലെ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് മാത്രമാണ് ഈ പുരസ്‌കാരത്തിന് അപേക്ഷിക്കാനുള്ള അര്‍ഹത.

 

English Summary: Saudi Engineer's Cancer detection chip wins her International Award

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com