ADVERTISEMENT

ഭൂമിയിലെ ആറാം കൂട്ട വംശനാശം പാതിവഴിയിലാണെന്ന് പഠനം. നേരത്തെ ഭൂമിയിലുണ്ടായ അഞ്ച് കൂട്ട വംശനാശങ്ങള്‍ക്കും കാലാവസ്ഥാ മാറ്റമോ ഉല്‍ക്കാ പതനമോ ഒക്കെയായിരുന്നു കാരണമെങ്കില്‍ ഇക്കുറി മനുഷ്യനാണ് പ്രധാന കാരണമെന്നതാണ് മാറ്റം. ബയോളജിക്കല്‍ റിവ്യൂസ് ജേണലിലാണ് മനുഷ്യന്‍ വേഗത്തിലാക്കിയ ആറാം കൂട്ടവംശനാശത്തെക്കുറിച്ചുള്ള പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

 

ഇപ്പോള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ആറാം കൂട്ടവംശനാശം പുതിയതല്ലെന്നും 16–ാം നൂറ്റാണ്ട് മുതല്‍ തന്നെ ആരംഭിച്ചിട്ടുണ്ടെന്നും ഗവേഷകര്‍ പറയുന്നു. 20 ലക്ഷം ജീവജാലങ്ങള്‍ ഒരുകാലത്ത് ഭൂമിയില്‍ ഉണ്ടായിരുന്നു. ജീവജാലങ്ങളിൽ എഡി 1500 മുതല്‍ ഇന്നുവരെ 7.3 മുതല്‍ 13 ശതമാനം വരെ കുറവുണ്ടായിട്ടുണ്ട്. ഇതുവഴി ഏതാണ്ട് 1.50 ലക്ഷം മുതല്‍ 2.60 ലക്ഷം വരെ ജീവജാലങ്ങള്‍ ഇല്ലാതായെന്നാണ് കണക്ക്. 

 

അതേസമയം, ചില ഗവേഷകര്‍ കൂട്ടവംശനാശം ആരംഭിച്ചുവെന്ന വാദത്തെ ഇതിനെ എതിര്‍ക്കുന്നുണ്ട്. എതിര്‍പ്പുകളെ വിയോജിപ്പോടെ തന്നെ അംഗീകരിക്കുന്നുവെന്നാണ് പഠനത്തിന് നേതൃത്വം നല്‍കിയ ഹവായ് സര്‍വകലാശാലയിലെ പ്രഫ. റോബര്‍ട്ട് കോവീ ഇതേക്കുറിച്ച് പ്രതികരിച്ചത്. പഠനത്തില്‍ പ്രധാനമായും സസ്തനികളേയും പക്ഷികളേയുമാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഭൂമിയിലെ പ്രധാന ജൈവ വൈവിധ്യമായ നട്ടെല്ലില്ലാത്ത ജീവികളെ ഉള്‍പ്പെടുത്തിയിട്ടില്ല എന്നത് പഠനത്തിന്റെ പോരായ്മയാണ്. 

 

'വിപുലമായ തോതില്‍ ഭൂമിയിലെ ജൈവവൈവിധ്യത്തെ തകര്‍ക്കാന്‍ ശേഷിയുള്ള ഒരേയൊരു ജീവവര്‍ഗം മനുഷ്യനാണ്. നമ്മള്‍ മറ്റു ജീവജാലങ്ങളെപ്പോലെയല്ല പ്രകൃതിയെ സ്വാധീനിക്കുന്നത്. ജൈവ വൈവിധ്യത്തേയും ഭാവിയേയും പറ്റി ആകുലതയുള്ള ഒരേയൊരു ജീവിവര്‍ഗവും മനുഷ്യനായിരിക്കുമെന്നും പഠനത്തില്‍ പ്രഫ. റോബര്‍ട്ട് കോവീ പറയുന്നു. 

 

വിവിധ പ്രകൃതി സംരക്ഷണ മാര്‍ഗങ്ങള്‍ നമ്മള്‍ കൈക്കൊള്ളുന്നുണ്ടെങ്കിലും നിലവില്‍ പ്രകൃതിയിലുണ്ടായ നാശത്തെ തിരികെ പിടിക്കാന്‍ മാത്രം പോന്ന ശേഷി ഇതിനുണ്ടെന്ന് കരുതാനാവില്ലെന്നും പഠനം മുന്നറിയിപ്പ് നല്‍കുന്നു. ആറാം കൂട്ടവംശനാശം സംഭവിക്കുന്നത് പോലും അംഗീകരിക്കാന്‍ തയാറായില്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലാകുമെന്നും പ്രഫ. റോബര്‍ട്ട് കോവീ പറയുന്നുണ്ട്. കൂട്ട വംശനാശത്തിന്റെ ആഘാതം പല മേഖലകളിലും പല രീതിയിലാണ് അനുഭവപ്പെടുക. സസ്യജാലങ്ങളില്‍ വളരെ സാവധാനത്തിലാണ് കൂട്ടവംശനാശം പിടിമുറുക്കുക. ചെറു ദ്വീപുകളിലെ ജൈവ വൈവിധ്യം ഭൂഖണ്ഡങ്ങളെ അപേക്ഷിച്ച് അതിവേഗത്തില്‍ തകരുകയും ചെയ്യും.

 

English Summary: Sixth mass extinction event in progress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com