ADVERTISEMENT

ആദ്യമായി ഒരു നക്ഷത്രം പൊട്ടിത്തെറിക്കുന്നത് ചിത്രീകരിക്കാനായതിന്റെ ആവേശത്തിലാണ് ശാസ്ത്രജ്ഞര്‍. പ്രതീക്ഷിച്ചതിലും വളരെ വലിയ സൂപ്പര്‍നോവ സ്‌ഫോടനമാണ് യഥാര്‍ഥത്തില്‍ കാണാൻ അവസരം ലഭിച്ചത്. SN2020tlf എന്ന് പേരിട്ട നക്ഷത്രത്തിന്റെ അവസാനത്തെ പൊട്ടിത്തെറിയാണ് വിജയകരമായി ചിത്രീകരിച്ചത്.

 

ഭൂമിയില്‍ നിന്നും 120 ദശലക്ഷം പ്രകാശ വര്‍ഷം അകലെയുള്ള റെഡ് സൂപ്പര്‍ജയന്റ് നക്ഷത്രത്തിന്റെ അവസാനത്തെ 100 ദിവസങ്ങള്‍ നിരീക്ഷിക്കാന്‍ ശാസ്ത്ര സംഘത്തിനായി. അസ്‌ട്രോഫിസിക്കല്‍ ജേണലിലാണ് ഇതേക്കുറിച്ചുള്ള പഠനഫലം പ്രസിദ്ധീകരിച്ചത്. തീഷ്ണമായ തിളക്കങ്ങളോടു കൂടിയ അവസാനത്തെ പൊട്ടിത്തെറിയുടെ ഭാഗമായി നക്ഷത്രത്തില്‍ നിന്നും വന്‍ വാതകഗോളങ്ങള്‍ പുറത്തേക്ക് വരികയും ചെയ്തു. 

 

'അന്തിമവേളയില്‍ കൂറ്റന്‍ നക്ഷത്രങ്ങള്‍ ഏതൊക്കെ ഘട്ടങ്ങളിലൂടെയാവും കടന്നുപോവുക എന്നതിനെക്കുറിച്ച് വ്യക്തമായ വിവരങ്ങളാണ് ഇതുവഴി ലഭിച്ചത്. ആദ്യമായാണ് ഒരു ചുവന്ന സൂപ്പര്‍ജയന്റ് സ്റ്റാര്‍ പൊട്ടിത്തെറിക്കുന്നതിന് സാക്ഷിയാവാന്‍ സാധിച്ചതെന്ന് കലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകന്‍ വെയ്ന്‍ ജേക്കബ്‌സണ്‍ ഗാലന്‍ പറഞ്ഞു. 

 

വലുപ്പം വച്ചു നോക്കിയാല്‍ ചുവന്ന സൂപ്പര്‍ജയന്റ്‌സ് എന്നു വിളിക്കുന്ന ഇത്തരം നക്ഷത്രങ്ങളാണ് ഏറ്റവും മുന്നില്‍. നമ്മുടെ സൂര്യനേക്കാള്‍ നൂറുകണക്കിന്, ചിലപ്പോള്‍ ആയിരക്കണക്കിന് ഇരട്ടി വലുപ്പം പോലും ഇവയ്ക്ക് ഉണ്ടാവാറുണ്ട്. അപ്പോഴും പ്രപഞ്ചത്തിലെ ഏറ്റവും തിളക്കമുള്ള നക്ഷത്രങ്ങളുടെ കൂട്ടത്തിലോ ഏറ്റവും ഭാരമുള്ളവയുടെ കൂട്ടത്തിലോ ഇത്തരം നക്ഷത്രങ്ങള്‍ വരികയുമില്ല. 

 

സൂര്യനെ പോലെ തന്നെ ഉള്‍ക്കാമ്പിലെ ന്യൂക്ലിയര്‍ ഫ്യൂഷനെ തുടര്‍ന്നാണ് ഈ കൂറ്റന്‍ നക്ഷത്രങ്ങളിലും ഊര്‍ജം ഉത്പാദിപ്പിക്കപ്പെടുന്നത്. ഇവ വളരെ വലിയ നക്ഷത്രങ്ങളായതുകൊണ്ടു തന്നെ ഹൈഡ്രജനും ഹീലിയവും മാത്രമല്ല കൂടുതല്‍ ഭാരമുള്ള മൂലകങ്ങളും ഇത്തരം നക്ഷത്രങ്ങളില്‍ നിന്നും പുറത്തേക്ക് വരാറുണ്ട്. 

 

സൂപ്പര്‍നോവ അവസ്ഥയിലേക്ക് മാറും മുന്‍പ് നേരത്തെയും ചുവന്ന സൂപ്പര്‍ജയന്റ് നക്ഷത്രങ്ങളെ ശാസ്ത്രജ്ഞര്‍ നിരീക്ഷിച്ചിട്ടുണ്ട്. എന്നാല്‍ ആദ്യമായാണ് ഇവ പൊട്ടിത്തെറിക്കുന്നത് പൂര്‍ണമായും നിരീക്ഷിക്കാന്‍ ശാസ്ത്രജ്ഞര്‍ക്ക് അവസരം ലഭിച്ചത്. 2020 മുതല്‍ തന്നെ SN2020tlf നക്ഷത്രത്തെ ശാസ്ത്രജ്ഞര്‍ നിരീക്ഷിക്കുന്നുണ്ട്. ഹവായിലെ രണ്ട് ദൂരദര്‍ശിനികളായിരുന്നു ഇതിനായി ഉപയോഗിച്ചത്. 130 ദിവസത്തെ നിരീക്ഷണത്തിനൊടുവില്‍ പൊട്ടിത്തെറിയുടെ കാഴ്ചകളും ദൃശ്യമാവുകയായിരുന്നു.

 

English Summary: Scientists watched a star explode in real time for the first time ever

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com