ADVERTISEMENT

ന്യൂക്ലിയര്‍ ഫ്യൂഷന്‍ വഴി (കൃത്രിമ സൂര്യൻ) ഊര്‍ജം ഉൽപാദിപ്പിക്കുന്നത് യാഥാര്‍ഥ്യമാക്കുന്നതിലേക്ക് ഒരു പടി കൂടി അടുത്ത് ശാസ്ത്രജ്ഞര്‍. നക്ഷത്രങ്ങളില്‍ ഊര്‍ജം നിര്‍മിക്കപ്പെടുന്ന ന്യൂക്ലിയര്‍ ഫ്യൂഷന്‍ വഴിയുള്ള ഏറ്റവും കൂടിയ ഊര്‍ജമാണ് യുകെ ആസ്ഥാനമായുള്ള ജെഇടി ലബോറട്ടറിയിലെ ശാസ്ത്രജ്ഞര്‍ വിജയകരമായി നിര്‍മിച്ചിരിക്കുന്നത്. മറ്റൊരു വിധത്തില്‍ അഞ്ച് സെക്കൻ‌ഡ് ആയുസുണ്ടായിരുന്ന ഒരു ചെറു നക്ഷത്രത്തെ നിര്‍മിച്ചെടുക്കുന്നതില്‍ ഈ ശാസ്ത്രജ്ഞര്‍ വിജയിച്ചു.

ന്യൂക്ലിയര്‍ ഫ്യൂഷന്‍ വഴിയുള്ള ഊര്‍ജം ഉൽപാദിപ്പിക്കാനായാല്‍ പരിധിയില്ലാതെ മലിനീകരണം ഇല്ലാത്ത ഹരിത ഇന്ധനം നിര്‍മിക്കാന്‍ സാധിക്കും. ഈ പരീക്ഷണത്തിനിടെ അഞ്ച് സെക്കൻഡ് സമയംകൊണ്ട് 59 മെഗാജൂള്‍ ഊര്‍ജ്ജമാണ് ശാസ്ത്രജ്ഞര്‍ നിര്‍മിച്ചത്. ഇത് 11 മെഗാവാട്ട് പവറിനോളം വരും. ന്യൂക്ലിയര്‍ ഫ്യൂഷന്‍ ഉപയോഗിച്ച് 1997 ഉൽപാദിപ്പിച്ച ഊര്‍ജ്ജത്തിന്റെ ഇരട്ടിയോളം വരുമിത്. 

ഭൂമിയിലെ മനുഷ്യന്റെ ഊര്‍ജ്ജ ആവശ്യം പരിഗണിക്കുമ്പോള്‍ വളരെ ചെറിയ അളവ് ഊര്‍ജം മാത്രമാണ് ഈ ന്യൂക്ലിയര്‍ ഫ്യൂഷന്‍ പരീക്ഷണം വഴി നിര്‍മിക്കാനായത്. എന്നാല്‍ സമാനമായ പരീക്ഷണങ്ങളിലൂടെ ഒരുനാള്‍ കൂറ്റന്‍ ഫ്യൂഷന്‍ റിയാക്ടറുകള്‍ നിര്‍മിക്കാനാവുമോ എന്നാണ് ശാസ്ത്രം അന്വേഷിക്കുന്നത്. ഫ്രാന്‍സ് ആസ്ഥാനമായി ആഗോള കൂട്ടായ്മ വഴി വലിയ ഫ്യൂഷന്‍ റിയാക്ടര്‍ നിര്‍മിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുമുണ്ട്.

ന്യൂക്ലിയര്‍ ഫ്യൂഷന്‍ വഴി ആവശ്യത്തിനുള്ള ഊര്‍ജം നിര്‍മിക്കാനായാല്‍ ഊര്‍ജ വിനിയോഗം വഴിയുള്ള മനുഷ്യ നിര്‍മിത ഹരിതഗൃഹ വാതകങ്ങളെ ഇല്ലാതാക്കാനാകും. ഹ്രസ്വകാലം മാത്രം കഴിയുന്ന റേഡിയോ ആക്ടീവ് മാലിന്യങ്ങള്‍ മാത്രമായിരിക്കും ന്യൂക്ലിയര്‍ ഫ്യൂഷനെ തുടര്‍ന്ന് ഉണ്ടാവുക. യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങളും അമേരിക്കയും ചൈനയും റഷ്യയും അടക്കമുള്ള ആഗോള സമൂഹത്തിന്റെ പിന്തുണയിലാണ് ന്യൂക്ലിയര്‍ ഫ്യൂഷന്‍ വഴി ഊര്‍ജ്ജം നിര്‍മ്മിക്കുന്ന ഐടിഇആർ സംവിധാനം ഫ്രാന്‍സില്‍ ഒരുങ്ങുന്നത്. ഭൂമിയുടെ ഊര്‍ജ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ വേണ്ട സുസ്ഥിര ഊര്‍ജ ഉൽപാദന കേന്ദ്രമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. 

ലോകത്ത് നിലവിലുള്ള ആണവ നിലയങ്ങള്‍ ന്യൂക്ലിയര്‍ ഫിഷനിലൂടെയാണ് ഊര്‍ജം ഉൽപാദിപ്പിക്കുന്നത്. അണുവിന്റെ കേന്ദ്രം വിഘടിച്ച് രണ്ടോ അതിലധികമോ അണുകേന്ദ്രങ്ങളായി മാറുന്ന പ്രക്രിയയാണ് അണുവിഘടനം അഥവാ ന്യൂക്ലിയര്‍ ഫിഷന്‍. അണുബോംബുകളിലും ഫിഷന്‍ ആണ് നടക്കുന്നത്. ഒന്നിലേറെ അണുകേന്ദ്രങ്ങള്‍ ഒന്നിക്കുന്ന ന്യൂക്ലിയര്‍ ഫ്യൂഷന്‍ എന്ന പ്രക്രിയയാണ് നമ്മുടെ സൂര്യനില്‍ അടക്കം നടക്കുന്നത്. ഏതാണ്ട് ഒരു കോടി സെല്‍ഷ്യസ് വരെ താപനില സൂര്യനില്‍ ഉത്പാദിപ്പിക്കപ്പെടുന്നത് ഫ്യൂഷന്‍ വഴിയാണ്. 

 

ഇപ്പോഴും ഫ്യൂഷന്‍ വഴിയുള്ള നിയന്ത്രിത ഊര്‍ജ ഉത്പാദനം ശാസ്ത്രലോകത്തിന് വെല്ലുവിളിയാണ്. എങ്കിലും വരും ദശാബ്ദങ്ങളില്‍ ഇതും മനുഷ്യന്റെ വരുതിയിലാവുമെന്നാണ് പ്രതീക്ഷ. യാഥാര്‍ഥ്യമായാല്‍ ഊര്‍ജ വിനിയോഗത്തിലും അതുവഴി ലോകക്രമത്തിലും വലിയ മാറ്റങ്ങളാകും വരുത്തുക. കാലാവസ്ഥാ വ്യതിയാനം പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമായും ഇത്തരം ഊര്‍ജ ഉൽപാദന മാര്‍ഗങ്ങള്‍ വിലയിരുത്തപ്പെടുന്നു.

 

English Summary: UK Breaks Fusion Energy World Record In Breakthrough That Can Change The World

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com