ADVERTISEMENT

ചര്‍മം കണ്ടാല്‍ പ്രായം തോന്നില്ലെന്നത് പരസ്യത്തിലൊതുങ്ങാതെ യാഥാര്‍ഥ്യമാവുന്നു. മനുഷ്യ ചര്‍മത്തെ 30 വര്‍ഷത്തോളം പ്രായം പിന്നിലേക്ക് എത്തിക്കാന്‍ സഹായിക്കുന്ന കണ്ടെത്തലുമായി ബ്രിട്ടിഷ് ഗവേഷകരാണ് രംഗത്തെത്തിയിരിക്കുന്നത്. കേംബ്രിജ് സര്‍വകലാശാലയിലെ ബാബ്രാഹം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് നിര്‍ണായക കണ്ടെത്തലിന് പിന്നില്‍. പഴയ കോശങ്ങളെ ഭാഗികമായി പുനരുജീവിപ്പിച്ചും ചര്‍മ കോശങ്ങളുടെ ചെറുപ്പം വീണ്ടെടുത്തുമാണ് ഇത് സാധ്യമാക്കിയത്. 

 

സാധാരണ കോശങ്ങളെ വിത്തുകോശങ്ങളാക്കുന്നതില്‍ 2007ല്‍ ഷിന്‍യ യമനകയാണ് ആദ്യം വിജയിക്കുന്നത്. വിത്തു കോശങ്ങള്‍ക്ക് (Stem Cells) ഏതുതരം കോശങ്ങളുമായി മാറാനും ശേഷിയുണ്ട്. ഏതാണ്ട് 50 ദിവസമെടുത്താണ് സാധാരണ കോശങ്ങളെ വിത്തു കോശങ്ങളാക്കി മാറ്റുന്നതില്‍ ഷിന്‍യ യമനക വിജയിച്ചത്. 

 

എന്നാല്‍, പുതിയ രീതി വഴി 13 ദിവസങ്ങള്‍ കൊണ്ട് സാധാരണ കോശങ്ങളെ വിത്തുകോശങ്ങളാക്കി മാറ്റാന്‍ കഴിയും. ഇതിനിടെ പ്രായവുമായി ബന്ധപ്പെട്ട് മാറ്റങ്ങള്‍ വരുത്തുകയും കോശങ്ങള്‍ക്ക് അവയുടെ അതുവരെയുള്ള വ്യക്തിത്വം നഷ്ടമാവുകയും ചെയ്യുന്നു. ഭാഗികമായി മാറ്റങ്ങള്‍ വരുത്തിയ കോശങ്ങളെ സാധാരണ അന്തരീക്ഷത്തില്‍ വളരുന്നതിനു അനുവദിക്കുകയും ചെയ്യുന്നു.

 

കോശങ്ങളില്‍ കൃത്രിമ മാറ്റങ്ങള്‍ വരുത്തുന്നതില്‍ കാര്യമായ പുരോഗതിയാണ് ഞങ്ങളുടെ പഠനഫലം നല്‍കുന്നത്. കോശങ്ങള്‍ക്ക് അവയുടെ പ്രാഥമിക ധര്‍മത്തില്‍ മാറ്റം വരുത്താതെ പുത്തന്‍ ഉണര്‍വും ചെറുപ്പവും നല്‍കാനാകുമെന്ന് തെളിഞ്ഞിരിക്കുകയാണ്. ഇതിനിടെ നിര്‍ജീവ കോശങ്ങളേയും പുനരുജീവിപ്പിക്കാന്‍ സാധിക്കുകയും ചെയ്തുവെന്ന് പഠന സംഘത്തിലെ അംഗമായ ഡോ. ദില്‍ജീത്ത് ഗില്‍ പറഞ്ഞു. 

 

കോശങ്ങള്‍ക്ക് പ്രായമാകുന്നത് സംബന്ധിച്ച പലവിധ ഘടകങ്ങള്‍ പഠനത്തിനിടെ ഗവേഷകര്‍ പരിശോധിക്കുകയുണ്ടായി. എപ്പിജെനെറ്റിക് ക്ലോക്ക് എന്ന് വിളിക്കുന്ന കോശങ്ങളുടെ പ്രായത്തെക്കുറിച്ച് സൂചന നല്‍കുന്ന രാസവസ്തുക്കളുടെ സാന്നിധ്യം. ട്രാന്‍സ്‌ക്രിപ്‌റ്റോം എന്നറിയപ്പെടുന്ന കോശങ്ങളുടെ ജനിതക വിവരങ്ങള്‍ എന്നിവയാണ് പ്രധാനമായും നോക്കിയത്. ഇതുവഴി തങ്ങള്‍ മാറ്റം വരുത്തിയ കോശങ്ങള്‍ മുപ്പത് വര്‍ഷം ചെറുപ്പമായെന്നും ഗവേഷകര്‍ കണ്ടെത്തി. 

 

കൃത്രിമമായി മുറിവു വരുത്തിയ കോശങ്ങള്‍ ഭാഗികമായി ചെറുപ്പമാകുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ മാറ്റം വരുത്തിയ കോശങ്ങള്‍ മറ്റുള്ളവയെ അപേക്ഷിച്ച് വളരെ വേഗത്തില്‍ വിടവുകള്‍ നികത്തുന്നുവെന്നും തിരിച്ചറിഞ്ഞു. ഇത് ഭാവിയില്‍ എളുപ്പം മുറിവുണക്കാന്‍ സഹായിക്കുന്ന രീതിയിലേക്ക് കോശങ്ങളെ മാറ്റിയെടുക്കാന്‍ കഴിയുന്ന കണ്ടെത്തലിലേക്ക് നയിക്കുമെന്നും പ്രതീക്ഷയുണ്ട്.

 

English Summary: Ageing in human skin cells reversed by 30 years using new method

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com