ADVERTISEMENT

പരന്നു കിടക്കുന്ന വെള്ളത്തിന് നടുവിലായി പാതാളത്തേക്കെന്നതു പോലെ ഒരു കുഴി. അതിലൂടെ താഴേക്ക് അതിവേഗം കുതിച്ചൊഴുകുന്ന വെള്ളം. ബെറിസ തടാകത്തിലെ മോണ്ടിസെല്ലോ ഡാമില്‍ നിന്നും ഇങ്ങനെ വ്യത്യസ്തമായ രീതിയിലാണ് വെള്ളം പുറത്തേക്കൊഴുകുക. തടാകത്തിന്റെ മുകള്‍ പരപ്പില്‍ നിന്നുള്ള ഈ ജലപാതക്ക് 'പ്രതാപിയായ കുഴല്‍' എന്നാണ് നാട്ടുകാര്‍ ഇട്ടിരിക്കുന്ന പേര്. 

 

കലിഫോര്‍ണിയയിലെ നാപ കൗണ്ടിയിലാണ് ബെറിസ തടാകം സ്ഥിതി ചെയ്യുന്നത്. തടാകത്തിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായാണ് മോണ്ടിസെല്ലോ ഡാം നിര്‍മിച്ചത്. തടാകത്തിലെ ജലനിരപ്പ് 440 അടിയിലും കൂടുതലായാലാണ് ഈ പടുകൂറ്റന്‍ കുഴല്‍ വഴി വെള്ളം പുറത്തേക്കൊഴുകുക. 

 

മറ്റൊരു ലോകത്തില്‍ നിന്നെന്നതു പോലുള്ള കാഴ്ച കാണുന്നതിനായി പ്രതാപിയായ കുഴല്‍ വഴിയുള്ള അധികജല പ്രവാഹം കാണുന്നതിനായി ആയിരക്കണക്കിന് സന്ദര്‍ശകരും എത്താറുണ്ട്. 2017ലെ മഴക്കാലത്തും നിരവധി പേര്‍ ഈ കാഴ്ച കാണാനായി എത്തിയെന്ന് ന്യൂയോര്‍ക്ക് ടൈംസ് അടക്കമുള്ള അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. 2019ലെ മഴക്കാലവും ഗ്ലോറി ഹോളിനെ വീണ്ടും വാര്‍ത്തകളിലെത്തിക്കുകയുണ്ടായി. ഇതേ വര്‍ഷം തന്നെ ഒരു നീര്‍ക്കാക്ക ഈ ജലക്കുഴലിലേക്ക് വീഴുന്നതിന്റെ വിഡിയോ ദ ഗാര്‍ഡിയന്‍ അടക്കമുള്ള മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. 

 

ഒരിക്കല്‍ മാത്രം ഈ ജലക്കുഴലിലേക്ക് ഒരാള്‍ വീണു മരിക്കുകയുണ്ടായിട്ടുണ്ട്. സാധാരണ നിലയില്‍ മനുഷ്യര്‍ക്ക് നീന്തി കടക്കാവുന്ന വേഗം മാത്രമാണ് ഈ കുഴലിലേക്കുള്ള ജലപ്രവാഹത്തിനുണ്ടാവാറ്. എന്നാല്‍ 1997ല്‍ ഈ കുഴലിനടുത്തേക്ക് എത്തപ്പെട്ട സ്ത്രീ 20 മിനിറ്റോളമാണ് വക്കില്‍ പിടിച്ചുകിടന്നത്. എന്നാല്‍ രക്ഷാസംഘം എത്തുമ്പോഴേക്കും അവര്‍ താഴേക്ക് പതിക്കുകയും ചെയ്തു. മണിക്കൂറുകള്‍ക്ക് ശേഷമാണ് അന്ന് മൃതദേഹം ലഭിച്ചത്. 

 

ജലനിരപ്പ് കുറവുള്ള സമയങ്ങളില്‍ തടാകത്തിന് നടുവിലെ കിണര്‍ പോലെ തോന്നിപ്പിക്കുന്ന ഈ ജലപാതക്ക് അസാധാരണ വലുപ്പമുണ്ട്. 72 അടി വീതിയും താഴേക്ക് 245 അടി ആഴവുമുള്ള കുഴലാണിത്. സെക്കൻഡില്‍ 48000 ക്യുബിക് അടി വെള്ളം വഹിക്കാന്‍ ശേഷിയുണ്ട് ഈ കുഴലിന്. 1950കളില്‍ നിര്‍മിക്കുമ്പോള്‍ പരമാവധി 50 വര്‍ഷമാണ് ആയുസ് കണക്കാക്കിയിരുന്നത്. എന്നാല്‍ കാലാവധിക്കപ്പുറം കഴിഞ്ഞിട്ടും ഗ്ലോറി ഹോളിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. എന്നു മാത്രമല്ല ഈ വിചിത്രമായ കാഴ്ച നാള്‍ക്കു നാള്‍ കൂടുതല്‍ പേരിലേക്കെത്തുകയും ചെയ്യുന്നു.

 

English Summary: This Bizarre Hole in The Water Is Not an Optical Illusion. It Actually Exists

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com