ADVERTISEMENT

അതിവേഗത്തിലുള്ള ഇലക്ട്രോണുകളുടെ പ്രവാഹം ഭൂമിയിലേക്ക് നേരത്തെ കരുതിയതിലും കൂടുതലായി സംഭവിക്കുന്നുണ്ടെന്ന് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. ഭൂമിയുടെ കാന്തിക മണ്ഡലത്തിലൂടെ വൈദ്യുത കാന്തിക ഊര്‍ജത്തിന്റെ തിരകളടിക്കുമ്പോഴാണ് ഇലക്ട്രോണുകളുടെ ഈ പ്രവാഹം സംഭവിക്കുന്നത്. ഈ ഇലക്ട്രോണ്‍ പ്രവാഹം കാന്തികമണ്ഡലം നിറയുമ്പോള്‍ ഭൂമിയിലേക്ക് ഒഴുകുന്നുമുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

സൂര്യനിലെ ഊര്‍ജവിസ്‌ഫോടനങ്ങളുടെ ഫലമായുണ്ടാവുന്ന സൗര കാറ്റുകളുടെ അവസരത്തിലാണ് സാധാരണ ഇത്തരം ഇലക്ട്രോണ്‍ പ്രവാഹങ്ങള്‍ ഭൂമിയിലേക്ക് എത്തുന്നത്. ഇത്തരം ഇലക്ട്രോണ്‍ പ്രവാഹങ്ങള്‍ ഉത്തരധ്രുവ ദീപ്തി പോലുള്ള പ്രതിഭാസങ്ങളെ സ്വാധീനിക്കുന്നുണ്ടെന്ന് നേരത്തെ തന്നെ കണ്ടെത്തിയിട്ടുണ്ട്.

ഈ ഇലക്ട്രോണ്‍ പ്രവാഹം ബഹിരാകാശ യാത്രികരേയും കൃത്രിമ ഉപഗ്രഹങ്ങളേയും ബഹിരാകാശ യാനങ്ങളേയുമെല്ലാം ബാധിക്കാറുണ്ടെന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഭൂമിയുടെ കാന്തിക മണ്ഡലമാണ് ഇത്തരം ഇലക്ട്രോണുകളുടെ അമിത പ്രവാഹങ്ങളെ ഒരു പരിധി വരെ ഭൂമിയിലേക്ക് വരാതെ തടയുന്നത്. ഭൂമിയുടെ സംരക്ഷിത മേഖലയ്ക്ക് പുറത്തുള്ള ബഹിരാകാശ യാത്രികരും കൃത്രിമോപഗ്രഹങ്ങളും സ്വാഭാവികമായും ഇലക്ട്രോണ്‍ പ്രവാഹത്തിന്റെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുകയും ചെയ്യുന്നു. 

ഇലക്ട്രോണ്‍ പ്രവാഹത്തെക്കുറിച്ച് കൂടുതല്‍ വ്യക്തമായ അറിവ് ലഭിക്കുന്നത് ഭാവിയില്‍ സാറ്റലൈറ്റുകള്‍ക്കും ബഹിരാകാശ സഞ്ചാരികള്‍ക്കും കൂടുതല്‍ സുരക്ഷിതത്വം നല്‍കുമെന്നാണ് പഠനത്തിന്റെ സഹ രചയിതാവും കലിഫോര്‍ണിയ ലോസ് ആഞ്ചലസ് സര്‍വകലാശാലയിലെ ബഹിരാകാശ ശാസ്ത്ര വിഭാഗം പ്രഫസറുമായ വാസില്ലിസ് ആഞ്ചലോപൗലോസ് പറയുന്നത്. 

ചെറിയ അളവില്‍ ഊര്‍ജ കണങ്ങള്‍ ഭൂമിയിലേക്ക് വീഴുന്നുണ്ടെന്ന് കാലങ്ങളായി ശാസ്ത്രലോകത്തിന് അറിവുള്ളതാണ്. സൂര്യനില്‍ പിറവിയെടുക്കുന്ന ഈ ഊര്‍ജ കണങ്ങള്‍ സൗരകാറ്റിന്റെ വേളയിലാണ് ഏകദേശം 15 കോടി കിലോമീറ്റര്‍ ദൂരത്തുള്ള ഭൂമിയിലേക്കെത്തുന്നത്. വാന്‍ അല്ലെന്‍ ബെല്‍റ്റ് എന്നറിയപ്പെടുന്ന ഭൂമിയുടെ രണ്ടറ്റത്തും ഡോണറ്റുകളുടെ ആകൃതിയില്‍ സ്ഥിതി ചെയ്യുന്ന കാന്തികമണ്ഡലം ഭൂരിഭാഗം ഇലക്ട്രോണ്‍ പ്രവാഹത്തേയും തടയുന്നു. ഭൂമിയുടെ ഈ കാന്തികമണ്ഡലത്തെ അതിജീവിച്ച് നേരത്തെ കരുതിയതിലും കൂടുതല്‍ ഇലക്ട്രോണുകള്‍ ഭൂമിയിലേക്കെത്തുന്നു എന്നാണ് പുതിയ പഠനം പറയുന്നത്. 

രണ്ട് സാറ്റലൈറ്റുകളില്‍ നിന്നുള്ള വിവരങ്ങള്‍ വിശകലനം ചെയ്താണ് ഗവേഷകര്‍ പുതിയ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. വാന്‍ അലെന്‍ ബെല്‍റ്റിന് മുകളിലും താഴെയുമുള്ള സാറ്റലൈറ്റുകളാണിവ. ഇലക്ട്രോണ്‍ പ്രവാഹങ്ങളുടെ വിവരശേഖരണത്തിന് ഈ സ്ഥാനങ്ങള്‍ നിര്‍ണായകമായി. സാറ്റലൈറ്റുകള്‍ക്കും ബഹിരാകാശ യാനങ്ങള്‍ക്കും ഭീഷണിയായേക്കാവുന്ന ഇലക്ട്രോണിക് പ്രവാഹങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന നിലവിലെ സംവിധാനങ്ങള്‍ അപര്യാപ്തമാണ്. ഇലക്ട്രോണിക് പ്രവാഹങ്ങളെക്കുറിച്ച് കൂടുതല്‍ വ്യക്തമായ വിവരങ്ങള്‍ ലഭ്യമാവുന്നതോടെ ഈ സംവിധാനങ്ങളുടെ കാര്യക്ഷമത വര്‍ധിക്കുമെന്നും പഠനത്തിന്റെ രചയിതാക്കള്‍ അവകാശപ്പെടുന്നു.

 

English Summary: Ultra-Fast 'Electron Showers' Hit Earth Far More Often Than We Thought, Says New Study

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com