ADVERTISEMENT

കഴിഞ്ഞ ജനുവരി മുതല്‍ തന്റെ ചൂടന്‍ സ്വഭാവം പ്രകടമാക്കുന്നത് തുടരുകയാണ് സൂര്യന്‍. കൊറോണല്‍ മാസ് ഇജക്ഷനും സൗര കാറ്റുമെല്ലാം ദിനംപ്രതിയെന്നോണം സൂര്യനില്‍ നിന്നും ഭൂമിയിലേക്ക് എത്തുന്നുണ്ട്. യുഎസ് നാഷണല്‍ ഓഷ്യാനിക് ആ അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷനിലെ(NOAA) സ്‌പേസ് വെതര്‍ പ്രഡിക്ഷന്‍ സെന്ററും ബ്രിട്ടിഷ് കാലാവസ്ഥാ നിരീക്ഷണ വിഭാഗവും വരും ദിവസങ്ങള്‍ കൂടുതല്‍ സൂക്ഷിക്കണമെന്ന് കഴിഞ്ഞ മാസം തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ശക്തമായ സൗരക്കാറ്റ് കാരണം ഓസ്ട്രേലിയയിലെ തെക്കുകിഴക്കൻ ഏഷ്യയിലെയും റേഡിയോ വിനിമയങ്ങൾ തകരാറിലായിരിക്കുന്നു. ഏറെ ഞെട്ടിക്കുന്ന റിപ്പോർട്ടാണിത്. സൂര്യനിലെ മാറ്റങ്ങൾ കാരണം ആശയവിനിമയ, മറ്റു ഇലക്ട്രോണിക് സംവിധാനങ്ങൾ നിശ്ചലമായാൽ ഭൂമിയിലുള്ളവർക്ക് വൻ തിരിച്ചടിയാകും. 

 

ഇതുവരെ സംഭവിച്ചിട്ടില്ലാത്ത എന്തെങ്കിലും വരും ദിവസങ്ങളിലും ഉണ്ടാകുമെന്ന് ഈ മുന്നറിയിപ്പുകൊണ്ട് അര്‍ഥമില്ല. കഴിഞ്ഞ മാസവും ലെവല്‍ അഞ്ച് വരെ പോയ സൗരക്കാറ്റുകള്‍ ഭൂമിയിലേക്ക് എത്തിയിട്ടുണ്ട്. ഹൈ ഫ്രീക്വന്‍സി റേഡിയോ സിഗ്നലുകളിലും മറ്റും ഇവ മൂലം കുഴപ്പങ്ങള്‍ നേരിടുകയും അതിനെതിരെ പ്രതിരോധമാര്‍ഗങ്ങള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. വൈദ്യുതി വിതരണ ശൃംഖലകളിലും ഇത്തരം സൗരക്കാറ്റുകള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ജീവജാലങ്ങളുടെ കുടിയേറ്റങ്ങളില്‍ പോലും സൂര്യന്റെ ഇത്തരം ഇടപെടലുകള്‍ പ്രതിസന്ധിക്കിടയാക്കിയിട്ടുണ്ട്. സാഹചര്യങ്ങള്‍ അനുകൂലമായാല്‍ സാറ്റലൈറ്റുകളുടെ പ്രവര്‍ത്തനം പോലും ഇത്തരം പ്രതിഭാസങ്ങള്‍ മൂലം തടസപ്പെടുകയും ചെയ്യും. 

 

30 മെഗാഹെട്സിൽ താഴെയുള്ള റേഡിയോ വിനിമയങ്ങളാണ് ഇപ്പോൾ തകരാറിലായിയിരിക്കുന്നത്. ഈ പ്രതിഭാസം 2025 വരെ ശക്തമായി തുടരുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ധ്രുവപ്രദേശങ്ങളുടെ അന്തരീക്ഷത്തില്‍ കാണപ്പെടുന്ന ഓറ ഓസ്‌ട്രേലിസിനും ഓറ ബൊറേലിസിനും സൂര്യനിലെ താപവ്യതിയാനങ്ങള്‍ മാറ്റങ്ങളുണ്ടാക്കാറുണ്ട്. സൂര്യന്‍ കൂടുതല്‍ സജീവമായിരിക്കുന്ന കാലത്ത് ഇത്തരം സൗരക്കാറ്റുകളെന്നത് സാധാരണ പ്രതിഭാസമാണ്. കൊറോണല്‍ മാസ് ഇജക്ഷനുകളും സൗരക്കാറ്റുകളും ഭൂമിയുടെ കാന്തിക മണ്ഡലത്തെയും മുകളിലെ അന്തരീക്ഷത്തെയും ബാധിക്കാന്‍ ശേഷിയുള്ളവയാണെന്നതാണ് നമ്മുടെ ആശങ്കക്ക് അടിസ്ഥാനം.

 

സൂര്യന്റെ ഏറ്റവും പുറംപാളിയായ കൊറോണയില്‍ ഊര്‍ജ സ്‌ഫോടനങ്ങളുണ്ടാവുന്നതാണ് കൊറോണല്‍ മാസ് ഇജക്ഷന്‍ അഥവാ സിഎംഇകള്‍ക്ക് കാരണം. സൂര്യനിലെ കൊറോണയില്‍ താരതമ്യേന തണുത്ത ഭാഗങ്ങളുമുണ്ടാവാറുണ്ട്. സൂര്യന്റെ അന്തരീക്ഷത്തിലെ ഇത്തരം തണുത്ത കുമിളകളാണ് സൗരക്കാറ്റുകള്‍ക്ക് തുടക്കമിടാറ്. ഇത്തരം കൊറോണയിലെ കുമിളകള്‍ ഭൂമിയുടെ ദിശയിലേക്കാണുള്ളതെങ്കില്‍ സൗരക്കാറ്റ് ഭൂമിയിലെത്തുകയും ചെയ്യും. സൂര്യനില്‍ നിന്നും ചാര്‍ജുള്ള ഇത്തരം കണങ്ങള്‍ ഭൂമിയുടെ കാന്തിക മണ്ഡലത്തിലേക്ക് എത്തിയാല്‍ അവിടെയുള്ള ചാര്‍ജുള്ള കണങ്ങളുമായി കൂടിചേരാറുണ്ട്. ധ്രുവങ്ങളില്‍ കൂടുതല്‍ അകലത്തില്‍ ധ്രുവദീപ്തി കാണുന്നതിനും ഇത് ഇടയാക്കും. 

 

11 വര്‍ഷം നീണ്ട താപവ്യതിയാനങ്ങളുടെ ഒരു കാലചക്രം സൂര്യന് സ്വാഭാവികമായി സംഭവിക്കാറുണ്ട്. ഇക്കാലത്തിനിടെ ഏറ്റവും കുറച്ച് മാത്രം സജീവമായ കാലവും ഏറ്റവും ചൂടേറിയ കാലവും സൂര്യനുണ്ടാവും. സോളാര്‍ മിനിമം എന്നറിയപ്പെടുന്ന ഏറ്റവും ചൂട് കുറഞ്ഞ സൂര്യന്റെ കാലം 2019 ഡിസംബറിലാണ് സംഭവിച്ചത്. ഇനിയുള്ള വര്‍ഷങ്ങളില്‍ സൂര്യനില്‍ നിന്നും കൂടുതല്‍ ചൂട് ഭൂമിയിലെത്തുമെന്നതിന്റെ മുന്നറിയിപ്പ് കൂടിയാണിത്. 

 

ശാസ്ത്രലോകം 2025 ജൂലൈയിലാണ് സോളാര്‍ മാക്‌സിമം പ്രതീക്ഷിക്കുന്നത്. രേഖപ്പെടുത്തപ്പെട്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും സജീവമായ സൗരചക്രമാണ് ഇപ്പോള്‍ സംഭവിക്കുന്നത്. അതുകൊണ്ടുതന്നെ വരും വര്‍ഷങ്ങളിലും സൂര്യന്‍ ചൂടനായി തന്നെ തുടരുമെന്ന് വേണം കരുതാന്‍.

 

English Summary: Solar flare causes radio blackout over parts of Asia, Australia; Sun to be even more active this week

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com