ADVERTISEMENT

ചൊവ്വയില്‍ പറന്നിറങ്ങിയ പറക്കുംതളികയുടെ അവശിഷ്ടങ്ങളെ പോലെ തോന്നിപ്പിക്കുന്ന ചിത്രങ്ങള്‍ പുറത്തുവിട്ട് നാസ. സയന്‍സ് ഫിക്ഷന്‍ സിനിമയിലെ ദൃശ്യങ്ങളെ പോലെ തോന്നിപ്പിക്കുന്ന ഈ ചിത്രങ്ങള്‍ക്ക് പിന്നില്‍ അന്യഗ്രഹജീവികളല്ല മറിച്ച് മനുഷ്യര്‍ തന്നെയാണ് എന്നതാണ് രസകരമായ കാര്യം. നാസയുടെ പെഴ്സിവീയറൻസ് പേടകത്തിന് സുരക്ഷിതമായി ചൊവ്വയില്‍ ഇറങ്ങാന്‍ സഹായിച്ച ഉപകരണങ്ങളുടെ ചിത്രങ്ങളാണിത്. ഇൻജ്യുനൂയിറ്റി ഹെലിക്കോപ്റ്ററാണ് 26ാം പറക്കലിനിടെ ഈ അപൂര്‍വ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. 

 

പെഴ്സിവീയറൻസ് ചൊവ്വയില്‍ സുരക്ഷിതമായി ഇറങ്ങാന്‍ ഉപയോഗിച്ച കോണ്‍ ആകൃതിയിലുള്ള ബാസ്‌കറ്റ്‌ബോളിന്റേയും പാരച്യൂട്ടിന്റേയും പത്ത് ചിത്രങ്ങളാണ് ഇൻജ്യുനൂയിറ്റി പകര്‍ത്തിയത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് പെഴ്സിവീയറൻസ് ചൊവ്വയില്‍ ഇറങ്ങിയത്. ഒരു കാറിന്റെ വലുപ്പമുള്ള പെഴ്സിവീയറൻസ് പേടകം ഏതാണ്ട് 70.5 അടി വലുപ്പമുള്ള പാരച്യൂട്ടിന്റെ സഹായത്തിലാണ് സുരക്ഷിതമായി ചൊവ്വയില്‍ ഇറങ്ങിയത്. ഇത് എക്കാലത്തേയും വലിയ മനുഷ്യ നിര്‍മിത വാഹനത്തിന്റെ ചൊവ്വയിലെ ലാന്റിങ്ങായിരുന്നു.

 

ചൊവ്വാ ദൗത്യത്തിലെ അതി സങ്കീര്‍ണമായ ഭാഗമാണ് ലാന്റിങ്. ഗുരുത്വ ബലവും ഉയര്‍ന്ന ഊഷ്മാവും മറ്റ് അപ്രതീക്ഷിത കടമ്പകളുമൊക്കെ ചൊവ്വയിലെ ലാന്റിങ്ങിനിടെ വെല്ലുവിളിയാവാറുണ്ട്. മണിക്കൂറില്‍ ഏതാണ്ട് 20,000 കിലോമീറ്റര്‍ വേഗത്തിലാണ് പെഴ്സിവീയറൻസ് ചൊവ്വയിലേക്കിറങ്ങിയത്. ഇത്രയേറെ വേഗത്തിലും സുരക്ഷിതമായി ചൊവ്വയിലിറങ്ങാന്‍ പെഴ്സിവീയറൻസിനെ സഹായിച്ച ഉപകരണങ്ങളുടെ വ്യത്യസ്തമായ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മനുഷ്യ ചരിത്രത്തിലെ തന്നെ ഏറ്റവും വ്യക്തമായി വിവരശേഖരണം നടത്തിയ ചൊവ്വയിലെ ലാന്റിങ്ങായിരുന്നു പെഴ്സിവീയറൻസിന്റേത്. പാരച്യൂട്ട് വിടരുന്നത് മുതല്‍ ചൊവ്വയില്‍ സുരക്ഷിതമായി ഇറങ്ങുന്നതുവരെയുള്ള ദൃശ്യങ്ങള്‍ നാസ വിജയകരമായി പകര്‍ത്തിയിരുന്നു. 

 

ചുവന്ന ഗ്രഹത്തിലെ ജീവന്റെ തെളിവുകള്‍ കണ്ടെത്തുകയെന്ന ലക്ഷ്യത്തിലാണ് നാസ 2020ല്‍ ചൊവ്വാ ദൗത്യം ആരംഭിക്കുന്നത്. കാറിന്റെ വലുപ്പത്തിലുള്ള പേടകമായ പെഴ്സിവീയറൻസായിരുന്നു പ്രധാന ഭാഗം. ചൊവ്വയിലെ ജസേറോ കിടങ്ങ് എന്ന് വിളിക്കുന്ന പ്രദേശത്താണ് പേടകം ഇറങ്ങിയത്. ഏതാണ്ട് 1600 അടി ആഴം കണക്കാക്കുന്ന പ്രദേശമാണിത്. 350-390 കോടി വര്‍ഷങ്ങള്‍ക്ക് മുൻപ് ഈ പ്രദേശത്ത് സൂഷ്മാണുക്കള്‍ ജീവിച്ചിരുന്നുവെന്നാണ് ശാസ്ത്രം കണക്കുകൂട്ടുന്നത്. 

ചൊവ്വയിലെ അതിപ്രാചീന ജീവന്റെ തുടിപ്പുകളെക്കുറിച്ചുള്ള തെളിവുകള്‍ മണ്ണ് സാംപിളുകളും മറ്റും വഴി ശേഖരിക്കുകയാണ് പെഴ്സിവീയറൻസ് പേടകം ചെയ്യുന്നത്. 250 കോടി ഡോളര്‍ ചെലവ് കണക്കാക്കുന്ന നാസയുടെ ഈ ചൊവ്വാ ദൗത്യം 2020 ജൂലൈ 30നാണ് ഭൂമിയില്‍ നിന്നും പുറപ്പെട്ടത്. തൊട്ടടുത്ത വര്‍ഷം ഫെബ്രുവരി 18ന് പെഴ്സിവീയറൻസ് വിജയകരമായി ചൊവ്വയില്‍ ഇറങ്ങുകയും ചെയ്തു. പെഴ്സിവീയറൻസ് ശേഖരിക്കുന്ന ചൊവ്വയിലെ സാംപിളുകള്‍ പിന്നീട് ഭൂമിയിലേക്ക് തിരിച്ചെത്തിക്കും. യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുമായി സഹകരിച്ച് നാസ ഈ ദശാബ്ദത്തിന്റെ അവസാനത്തില്‍ അതിനായുള്ള ചൊവ്വാ ദൗത്യം നടത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

 

ആകെ അഞ്ച് തവണ പറക്കുകയായിരുന്നു ഇൻജ്യുനൂയിറ്റിയെന്ന ചൊവ്വയിലെ ചെറുഹെലിക്കോപ്റ്ററിന്റെ ദൗത്യം. എന്നാല്‍ വിജയകരമായ 26ാം പറക്കലിലാണ് ഇൻജ്യുനൂയിറ്റി പെഴ്സിവീയറൻസിന്റെ ലാന്റിങ് ഉപകരണങ്ങളുടെ ചിത്രങ്ങളെടുത്തിരിക്കുന്നത്. ആകെ 1007 അടിയാണ് ഏപ്രില്‍ 23ന് നടന്ന ഈ പറക്കലില്‍ ഇൻജ്യുനൂയിറ്റി മറികടന്നത്. മണിക്കൂറില്‍ ഏതാണ്ട് 10.79 കിലോമീറ്റര്‍ വേഗതയില്‍ 152.9 സെക്കൻഡാണ് ഇൻജ്യുനൂയിറ്റി പറന്നത്. ഈ ചിത്രങ്ങള്‍ ഭാവിയിലെ ചൊവ്വാ ദൗത്യങ്ങളുടെ ലാന്റിങ് ഉപകരണങ്ങളുടെ നിര്‍മാണത്തിന് വരെ സഹായകമാകുമെന്നാണ് കരുതപ്പെടുന്നത്.

 

English Summary: NASA's Mars Ingenuity helicopter spots 'otherworldly' wreckage of Perseverance rover's landing equipment on surface of the Red Planet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com