ADVERTISEMENT

ചൊവ്വാഗ്രഹത്തിൽ നിന്ന് കഴിഞ്ഞ ദിവസം നാസയുടെ ക്യൂരിയോസിറ്റി റോവർ അയച്ച ചിത്രത്തിൽ ദുരൂഹമായ വാതിലോ കവാടമോ പോലെയൊരു ഘടന കണ്ടത് ചർച്ചാവിഷയമായിരുന്നു. അന്യഗ്രഹജീവികളുടെ സങ്കേതത്തിലേക്ക് തുറക്കുന്ന ഒരു കവാടമാണ് ഇതെന്ന മട്ടിലൊക്കെ ചർച്ചയുയർന്നു. എന്നാൽ ഇത് അങ്ങനെയൊന്നുമല്ലെന്നും ചൊവ്വയിലെ സ്വാഭാവിക ഘടന മാത്രമാണ് ഇതെന്നുമാണ് ഒരു കൂട്ടം പ്രമുഖ ശാസ്ത്രജ്ഞർ പറയുന്നത്.

ചൊവ്വയിലെ ഗ്രീൻഹ്യൂ പെഡിമെന്റ് എന്ന മേഖലയിൽ നിന്നാണ് ഈ ചിത്രം പകർത്തിയിരിക്കുന്നത്. 2012 ഓഗസ്റ്റിലാണ് ക്യൂരിയോസിറ്റി റോവർ മാസങ്ങൾ നീണ്ട യാത്രകൾക്കു ശേഷം ചൊവ്വയിലെ ഗാലി ക്രേറ്ററിൽ ഇറങ്ങിയത്. 2014 മുതൽ ഗാലിക്രേറ്ററിലെ കേന്ദ്ര കൊടുമുടിയായ ഷാർപ് പർവതം അഥവാ ഏയോലിസ് മോൻസ് മേഖലയിലാണ് ക്യൂരിയോസിറ്റിയുള്ളത്. ക്യൂരിയോസിറ്റി അയച്ച ബ്ലാക് ആൻഡ് വൈറ്റ് ചിത്രത്തിൽ നിന്നു കളർചിത്രവും ശാസ്ത്രജ്ഞർ സൃഷ്ടിച്ചിരുന്നു. ഇത് പാറകളിലെ സ്വാഭാവികമായ ദ്രവീകരണം മൂലം സംഭവിച്ചതാകാമെന്നാണ് ബ്രിട്ടിഷ് ജിയോളജിസ്റ്റായ നീൽ ഹോഗ്‌സൺ പറയുന്നത്. ചൊവ്വയിലെ കാറ്റാകാം ഇതിനു വഴി വച്ചത്. കവാടത്തിന്‌റെ ഭിത്തിയിലും മറ്റുമായി ദ്രവീകരണം നടന്നതിനു സ്ഥിരീകരണം നൽകുന്ന ചില ഘടനകളുള്ളതും ഈ സംശയം ഉറപ്പിക്കുന്നു.

ചിത്രത്തിൽ കാണുന്നതു പോലെ വലിയ ഒരു കവാടമൊന്നുമല്ല ഇതെന്നും കൂടി വന്നാൽ ഒരു മീറ്റർ വരെയെ ഇതിന്‌റെ പൊക്കം കാണുകയുള്ളുവെന്നും ഫ്രാൻസിലെ നാന്‌റസ് സർവകലാശാലാ ശാസ്ത്രജ്ഞനായ നിക്കൊളാസ് മാൻഗോൾഡ് പറഞ്ഞു. ഒരു പാറക്കഷ്ണം കാലപ്പഴക്കത്താലുള്ള ദ്രവീകരണം മൂലം പൊട്ടിമാറിയതാകാം ഇതിനു വഴിയൊരുക്കിയതെന്നാണ് മാൻഗോൾഡിന്‌റെ അഭിപ്രായം. ഇതിനിടയ്ക്ക് ചൊവ്വയിൽ സംഭവിച്ച ഭൂകമ്പത്തിനു സമാനമായ പ്രകമ്പനങ്ങളാകാം ഈ കവാടത്തിനു കാരണമായതെന്നും അഭിപ്രായമുയർന്നിരുന്നു. എന്നാൽ ഈ സാധ്യത മാൻഗോൾഡ് തള്ളുന്നു. ദ്രവീകരണം തന്നെയാണ് ഇതിനു കാരണമായതെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് അദ്ദേഹം.

English Summary: NASA’s rover found alien doorway on Mars? Find out truth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com