ഛിന്നഗ്രഹങ്ങളെ ഇടിച്ചുതെറിപ്പിക്കാൻ പദ്ധതിയിട്ട് ചൈന, അടുത്ത വർഷം മുതൽ

asteroid-earth
SHARE

ഭൂമിക്കരികിലെത്തുന്ന അപകടകാരികളായ ഛിന്നഗ്രഹങ്ങളെ ഇടിച്ചുതെറിപ്പിക്കാൻ പദ്ധതിയൊരുക്കാൻ ചൈന. ചൈനീസ് പ്രതിരോധമന്ത്രിയായ വു യാൻഹുവയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പദ്ധതി അടുത്തവർഷം മുതൽ തുടങ്ങുമെന്ന് ശക്തമായ അഭ്യൂഹമുണ്ട്. അതല്ല, 2021-2025 കാലഘട്ടത്തിൽ ചൈനയുടെ പതിനാലാം പഞ്ചവത്സര പദ്ധതിയുടെ അവസാനമാകും തുടങ്ങുകയെന്നും റിറിപ്പോർട്ടുകളുണ്ട്.

പദ്ധതിയുടെ വിശദവിവരങ്ങൾ പുറത്തറിഞ്ഞിട്ടില്ല. ചൈനീസ് പ്രതിരോധവകുപ്പിന്റെ സഹകരണത്തോടെ ചൈനീസ് നാഷനൽ സ്‌പേസ് അഡ്മിനിസ്‌ട്രേഷനാണു പദ്ധതിയുമായി മുന്നോട്ടുപോകുന്നത്. ആദ്യഘട്ടമായി ഭൂമിയിൽ നിന്നും ബഹിരാകാശത്തു നിന്നും പരിധി ലംഘിച്ചു വരുന്ന ഛിന്നഗ്രഹങ്ങളെ നിരീക്ഷിക്കാൻ സംവിധാനങ്ങളൊരുക്കും. ഏതെങ്കിലും ഛിന്നഗ്രഹങ്ങൾ ഇങ്ങനെ വരുന്നതു കണ്ടാൽ ലോകത്തിനാകെ മുന്നറിയിപ്പു നൽകുന്ന അലാം സംവിധാനങ്ങളും ചൈന ഒരുക്കും.

രണ്ടാം ഘട്ടമായി അപകടകാരികളായ ഛിന്നഗ്രഹങ്ങൾ ഭൂമിയിൽ പതിക്കുന്നതിൽ നിന്നു പ്രതിരോധിക്കാൻ അവയെ ഇടിച്ചുതെറിപ്പിക്കാനായി സംവിധാനമൊരുക്കും. ചൈനീസ് പ്രതിരോധമന്ത്രി തന്റെ വാർത്താസമ്മേളനത്തിൽ ഇക്കാര്യം ഊന്നിപ്പറഞ്ഞിരുന്നു.

ഛിന്നഗ്രഹ പതനങ്ങളും തുടർന്നുണ്ടാകുന്ന സ്‌ഫോടനങ്ങളും ഗുരുതരമായ പ്രത്യാഘാതങ്ങൾക്കു വഴിയൊരുക്കാം. പ്രാചീന കാലത്ത് ഒരു ഛിന്നഗ്രഹം ഭൂമിയിൽ പതിച്ചതിന്റെ ആഘാതവും തുടർന്നുണ്ടായ പാരിസ്ഥിതിക മാറ്റങ്ങളുമാണ് ദിനോസറടക്കമുള്ള കുറേയേറെ ജീവികളുടെ നാശത്തിനു വഴിവച്ചത്. ഇസ്രയേലിലെ വീസ്മാൻ ഇൻസ്റ്റിറ്റ്യൂട്ടിന്‌റെ പഠനപ്രകാരം 140 മീറ്ററിനു മുകളിൽ വ്യാസമുള്ള ഒരു ഛിന്നഗ്രഹം ഭൂമിയിൽ പതിച്ചാൽ ഒരു അണുബോംബ് പതിക്കുന്നതിന്റെ ആയിരമിരട്ടി ഊർജം അതുണ്ടാക്കും.

മുന്നൂറ് മീറ്ററിലധികം വ്യാസമുള്ള ഒരു ഛിന്നഗ്രഹത്തിന് ഒരു ഭൂഖണ്ഡത്തെയാകെ നശിപ്പിക്കാനൊക്കും. ബഹിരാകാശത്തുള്ള അപോഫിസ് തുടങ്ങിയ ഛിന്നഗ്രഹങ്ങൾ ഇതിന് ഉദാഹരണമാണ്. ഒരു കിലോമീറ്ററിലധികം വ്യാസമുള്ള ഒരു ഛിന്നഗ്രഹമാണു പതിക്കുന്നതെങ്കിൽ ഭൂമിയിൽ സർവനാശമാകും സംഭവിക്കുക.

ഛിന്നഗ്രഹങ്ങൾക്കെതിരെ പ്രതിരോധം തീർക്കാനുള്ള പദ്ധതികൾക്ക് നാസ തുടക്കമിട്ടുകഴിഞ്ഞു. കഴിഞ്ഞ നവംബറിൽ വിക്ഷേപിച്ച ഡാർട്ട് ഇത്തരത്തിലെ ആദ്യ പദ്ധതിയാണ്.ഡൈമോർഫോസ് എന്ന ഛിന്നഗ്രഹത്തിനെ ഇടിച്ച് അതിന്റെ ഭ്രമണപഥത്തിൽ മാറ്റം വരുത്താനാണ് ഡാർട്ട് ലക്ഷ്യമിടുന്നത്. 2022 സെപ്റ്റംബറിൽ ഇത് ഇടിക്കാനുള്ള ശ്രമം നടത്തും.

എന്നാൽ വാർത്ത പുറത്തുവന്നതിനു പിന്നാലെ ചൈനയ്‌ക്കെതിരെ വിമർശനവുമുയർന്നിട്ടുണ്ട്. ഛിന്നഗ്രഹങ്ങൾ മാത്രമല്ല, ചൈന ഇടയ്ക്കിടെ വിക്ഷേപിക്കുന്ന റോക്കറ്റ് ഭാഗങ്ങളും മറ്റ് ബഹിരാകാശ ദൗത്യങ്ങളുമൊക്കെ ഭൂമിയിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്ന് ചില സമൂഹമാധ്യമ ഉപയോക്താക്കൾ ചൂണ്ടിക്കാട്ടി. ചൈന വിക്ഷേപിച്ച ഒരു ബഹിരാകാശ നിലയത്തിന്റെ ഭാഗം ഭൂമിയിൽ വീഴുമെന്ന് ഇടയ്ക്ക് ആശങ്ക ഉയർന്നിരുന്നു. പിന്നീട് ഇത് ഡിയഗോ ഗാർഷിയയ്ക്കു സമീപം കടലിൽ പതിച്ചു. ചൈനയുടെ ലോങ് മാർച്ച് റോക്കറ്റ് വിക്ഷേപണങ്ങളുടെ ചില സ്റ്റേജ് ഭാഗങ്ങളും ഇത്തരത്തിൽ ആശങ്കയ്ക്കു വഴിവച്ചിരുന്നു.

English Summary: China announces plans for a new asteroid-deflecting mission

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

35 ന്റെ ചെറുപ്പത്തിൽ കോട്ടയത്തെ മുത്തച്ഛൻ ഓട്ടോറിക്ഷ

MORE VIDEOS
FROM ONMANORAMA