ഗുജറാത്തിൽ ആകാശത്തു നിന്നു വീണത് ലോഹപ്പന്തുകൾ, പരിഭ്രാന്തരായി ജനം

space-metal-balls
SHARE

ഗുജറാത്തിൽ ആകാശത്തു നിന്നു ഭൂമിയിലേക്കു വീണ ലോഹപ്പന്തുകൾ തദ്ദേശവാസികൾക്കിടയിൽ ആശങ്ക പരത്തി. ഖാംബൊലാജ്, ഭാലെജ്, രാംപുര എന്നീ ഗ്രാമങ്ങളിലെ ആളുകളാണ് പൊടുന്നനെയുണ്ടായ പ്രതിഭാസത്തിൽ അമ്പരന്ന് നിന്നത്. ഗുജറാത്തിലെ ആനന്ദ് ജില്ലയിലാണ് ഈ മൂന്ന് സ്ഥലങ്ങളും.

കഴിഞ്ഞദിവസം വൈകുന്നേരത്തോടെയാണ് അദ്ഭുതപ്പെടുത്തുന്ന പ്രതിഭാസമുണ്ടായത്. ഉൽക്കപോലെയെത്തിയ ബഹിരാകാശ വസ്തുക്കൾ വൈകിട്ട് അഞ്ചോടെയാണ് കനത്ത പൊട്ടിത്തെറി ശബ്ദത്തോടെ എത്തിയത്. ചുറ്റുമുള്ള ഭൂമി വരെ വിറച്ചുപോയ ശബ്ദമായിരുന്നു ഇതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. പലരും ശബ്ദത്തിൽ ഭയന്ന് വീട്ടിൽ നിന്നു വെളിയിലേക്കോടി. ശക്തമായ ഭൂചലനമാണ് ഇതെന്നാണ് അവർ ധരിച്ചത്.

5 മുതൽ 6 കിലോ വരെ ഭാരം വരുന്ന ഗോളരൂപത്തിലുള്ള വസ്തുക്കൾ ഭൂമിയിലേക്കു വീഴുകയായിരുന്നു. ഇതെത്തുടർന്ന് നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയും ആനന്ദ് ജില്ലാ പൊലീസ് മേധാവി അജിത് രാജിയന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മേഖലയിലേക്കു വന്ന് ബന്തവസ് ഏർപെടുത്തുകയും ചെയ്തു.

ഗുജറാത്തിലെ അഹമ്മദാബാദ് നഗരത്തിൽ നിന്ന് നാൽപതു കിലോമീറ്ററും ഗാന്ധിനഗറിൽ നിന്നു 96 കിലോമീറ്ററും അകലെയാണ് സംഭവം നടന്ന മേഖല. ഭാലെജ്, ഖാംബൊലാജ് എന്നീ സ്ഥലങ്ങൾ അഹമ്മദാബാദ് - വഡോദര എക്‌സ്പ്രസ് ഹൈവേയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളാണ്. ഭാഗ്യവശാൽ ജനവാസം കുറഞ്ഞ മേഖലകളിലാണ് ലോഹപ്പന്തുകൾ വീണത്.

ബഹിരാകാശത്ത് തകർന്ന് കത്തിനശിച്ച ഉപഗ്രഹത്തിന്റെ കത്താത്ത ഭാഗങ്ങളാണ് ഇവയെന്നാണ് കരുതപ്പെടുന്നത്. ഗുരുത്വാകർഷണമില്ലാത്ത ബഹിരാകാശത്ത് യാത്ര ചെയ്യുമ്പോൾ ഉപഗ്രഹത്തിന്റെ ബാലൻസ് കാത്തുസൂക്ഷിക്കുന്ന ബോൾ ബെയറിങ്ങുകളാണ് ഇവ. ഇതുറപ്പാക്കാനായി ഫോറൻസിക് വിദഗ്ധരുടെ സഹായവും പൊലീസ് അധികൃതർ തേടിയിട്ടുണ്ട്.

ഈ വർഷം ഏപ്രിൽ രണ്ടിന് മഹാരാഷ്ട്രയിലെ ചന്ദ്രാപുരിലുള്ള ലാഡ്‌ബോറി ഗ്രാമത്തിലും വലിയ സ്‌ഫോടനശബ്ദം കേൾക്കുകയും ഉൽക്ക പോലെയുള്ള ഏതോ വസ്തു കാണപ്പെടുകയും ചെയ്തു. ഇതും ആശങ്കയ്ക്ക് വഴിവച്ചിരുന്നു. പിന്നീടുള്ള അന്വേഷണത്തിൽ ഇത് ന്യൂസീലൻഡിൽ നിന്നു വിക്ഷേപിച്ച ഒരു ഉപഗ്രഹത്തിന്റെ ഭാഗമാണെന്നു തെളിഞ്ഞു.

English Summary: Mysterious metal balls raining in Gujarat, likely space debris

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് പാവപ്പെട്ടവന്റെ സ്വർഗം! | 10 Lakh House | Hometour

MORE VIDEOS
FROM ONMANORAMA