ADVERTISEMENT

വ്യായാമം ഒരു ശീലമാക്കി മാറ്റിയ, ദിവസത്തേക്കുള്ള ഊര്‍ജം മുഴുവന്‍ അതുവഴി നേടുന്ന നിരവധി പേരുണ്ട്. എന്നാല്‍ അതിലും കൂടുതല്‍ വ്യായാമത്തെ ഇഷ്ടപ്പെടാത്തവരാണ് എന്നതാണ് സത്യം. ഇടക്ക് വച്ച് വ്യായാമം നിന്നു പോവുന്നതും മടുക്കുന്നതുമൊക്കെ സ്വാഭാവികം. ഒട്ടും മടുപ്പില്ലാതെ വ്യായാമം ജീവിതത്തിന്റെ മാര്‍ഗമാക്കാനുള്ള വഴി പറഞ്ഞു തരികയാണ് ഒരു കൂട്ടം ഗവേഷകര്‍.

 

∙ വ്യായാമം നമ്മുടെ ശീലമല്ല

 

മാനവ ചരിത്രം പരിശോധിച്ചാല്‍ വളരെക്കുറച്ച് കാലമേ ആയിട്ടുള്ളൂ നമുക്ക് നേരത്തും കാലത്തുമൊക്കെ ഭക്ഷണം ലഭിച്ചു തുടങ്ങിയിട്ടെന്ന് കാണാം. ദാരിദ്ര്യത്തിന്റെ കാലത്ത് വ്യായാമം എന്നത് ഒരു ആഢംബരമായിരുന്നു. അടുത്ത ഭക്ഷണം എപ്പോഴാണ് കിട്ടുകയെന്നതിനെക്കുറിച്ച് ഉറപ്പില്ലാത്തതിനാല്‍ സജീവമായിരിക്കുക എന്നതിനേക്കാള്‍ അടങ്ങി ഒതുങ്ങി മിണ്ടാതിരിക്കുകയായിരുന്നു മനുഷ്യ പ്രകൃതം. 

 

അതുകൊണ്ടുതന്നെ ചുമ്മാ മടിപിടിച്ചിരിക്കുകയെന്നത് മനുഷ്യന്റെ സ്വാഭാവിക രീതിയാണെന്ന് പറയാം. ഭക്ഷണം ദുര്‍ലഭമല്ലാതാവുകയും മടി ശീലമാവുകയും ചെയ്തതോടെ ആയുസിന്റെ നീളം കുറയുകയും അസുഖങ്ങള്‍ പിടിപെടുകയും ചെയ്തതോടെയാണ് വ്യായാമം നല്ല ശീലങ്ങളില്‍ മുന്നിലെത്തിയത്. വ്യായാമമില്ലായ്മയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് മെഡിക്കല്‍ ജേണലായ ദ ലാന്‍സെറ്റില്‍ ഒരു പഠനം വന്നിരുന്നു. വ്യായാമം കുറയുന്നത് മലാശയ അര്‍ബുദ സാധ്യത 30-40 ശതമാനവും ബ്രസ്റ്റ് കാന്‍സര്‍ 30 ശതമാനവും ടൈപ് 2 പ്രമേഹം 20 മുതല്‍ 60 ശതമാനം വരെയും അകാലമരണം 30-50 ശതമാനം വരെയും വര്‍ധിപ്പിക്കുന്നുവെന്നാണ് കണ്ടെത്തിയത്. 

 

∙ എത്ര വ്യായാമം ചെയ്യണം?

 

ആരോഗ്യത്തോടെയിരിക്കാന്‍ ഒരു മുതിര്‍ന്ന പൗരന്‍ എത്രത്തോളം വ്യായാമം കുറഞ്ഞത് ചെയ്യണമെന്ന ചോദ്യത്തിനും ഉത്തരമുണ്ട്. നടത്തവും അനായാസ സൈക്കിള്‍ സവാരിയും അടക്കമുള്ള ലഘുവ്യായാമങ്ങളാണെങ്കില്‍ ആഴ്ചയില്‍ 300 മണിക്കൂര്‍ ചെയ്യണം. ഇനി ഓട്ടവും നീന്തലും ഫുട്‌ബോള്‍, ബാഡ്മിന്റണ്‍, ടെന്നീസ് പോലുള്ള എന്തെങ്കിലും കളികളുമാണെങ്കില്‍ ആഴ്ചയില്‍ 150 മിനിറ്റാണ് ചെയ്യേണ്ടത്. ഭാരം ഉയര്‍ത്തുന്നതും പുഷ് അപ്പ് പോലെയുമുള്ള പേശികള്‍ക്കായുള്ള വ്യായാമം ആഴ്ചയില്‍ രണ്ട് ദിവസമെങ്കിലും ചെയ്യണം. ഇതൊക്കെ സങ്കീര്‍ണമായി തോന്നുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട സജീവമായ ഏത് വ്യായാമത്തേയും ആരോഗ്യമുള്ള ജീവിതത്തിനായി തിരഞ്ഞെടുക്കുകയുമാവാം. 

 

∙ പ്രചോദനത്തിന് പിന്നിലെ ശാസ്ത്രം

 

ഇടയില്‍ അവസാനിപ്പിക്കാതെ വ്യായാമം തുടര്‍ന്നു കൊണ്ടുപോകാനായി ചില സൂത്രങ്ങള്‍ പരീക്ഷിക്കുകയുമാവാം. 

1– എന്തിന് വേണ്ടിയാണ് നിങ്ങള്‍ വ്യായാമം ചെയ്യുന്നത് എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുക. രോഗം പ്രതിരോധിക്കാന്‍, മക്കള്‍ക്ക് വേണ്ടി, കൂടുതല്‍ ആരോഗ്യത്തോടെയുള്ള ജീവിതത്തിന് തുടങ്ങി ഉത്തരം എന്തായാലും അത് വ്യക്തമായിരിക്കുന്നത് വ്യായാമം തുടരാനുള്ള പ്രചോദനമാവും. 

2– വ്യായാമം സുഹൃത്തുക്കള്‍ക്കൊപ്പമാക്കാന്‍ ശ്രമിക്കുക. സുഹൃത്തുക്കളെ വിഷമിപ്പിക്കരുതെന്ന തോന്നല്‍ വ്യായാമം കൂടുതല്‍ ഉത്തരവാദിത്വത്തോടെ ചെയ്യാന്‍ നിങ്ങളെ സഹായിച്ചേക്കാം. കുടുംബമായും സുഹൃത്തുക്കള്‍ക്കൊപ്പവും വ്യായാമം നടത്തുന്നവര്‍ ദീര്‍ഘകാലത്തേക്ക് ഇത് തുടരാറുണ്ടെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. 

3– സ്വയം സമ്മാനം നല്‍കുക. വസ്ത്രങ്ങളോ ഷൂവോ ഭക്ഷണമോ എന്തുമാകട്ടെ നിങ്ങള്‍ക്കിഷ്ടപ്പെട്ട ഒരു സമ്മാനം വ്യായാമത്തിലെ ലക്ഷ്യങ്ങള്‍ നേടിയാല്‍ നല്‍കുക. ഇത് സ്വയം പ്രചോദനത്തിന് സഹായിക്കും. 

4– ഫിറ്റ്‌നെസ് ട്രാക്കറുകള്‍ സ്വന്തമാക്കുക. നിലവില്‍ വിപണിയില്‍ നിരവധി ഫീച്ചറുകളുള്ള ഫിറ്റ്‌നെസ് ട്രാക്കറുകളുണ്ട്. നിങ്ങളുടെ വ്യായാമം കൂടുതല്‍ രസകരമാക്കാന്‍ ഫിറ്റ്‌നെസ് ട്രാക്കറുകള്‍ക്കാവും. കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ സ്വയം വിലയിരുത്താനും ഇത് സഹായിക്കും. 

5– എല്ലാ ദിവസവും നിശ്ചിത സമയത്ത് വ്യായാമം ചെയ്യുന്നത് അതൊരു ശീലമാക്കാന്‍ സഹായിക്കും. വൈകുന്നേരത്തേക്കാള്‍ രാവിലെ വ്യായാമം ചെയ്യുന്നവരില്‍ അത് പെട്ടെന്ന് ശീലമാകാറുണ്ടെന്നും പഠനങ്ങള്‍ പറയുന്നുണ്ട്. 

6– ഏറ്റവും ഇഷ്ടപ്പെടുന്ന വ്യായാമ മുറ തന്നെ തിരഞ്ഞെടുക്കുക. അത് ഓട്ടമായാലും നടത്തമായാലും നീന്തലായാലും സൈക്ലിങ്ങായാലും മറ്റു കളികളായാലും നിങ്ങള്‍ ആസ്വദിക്കുന്നുവെന്നതാണ് പ്രധാനം. 

7– ലക്ഷ്യം വലുതാണെങ്കിലും ചെറിയ രീതിയില്‍ ആരംഭിക്കുക. ഇത് ദീര്‍ഘകാലം തുടരാനും പെട്ടെന്ന് മടുപ്പിക്കാതിരിക്കാനും സഹായിക്കും. 

8– വ്യായാമത്തിനിടെ സംഗീതം ആസ്വദിക്കുന്നത് പലരേയും പറ്റിയ മാനസികാവസ്ഥയിലേക്കെത്തിക്കുന്നതിന് സഹായിക്കാറുണ്ട്. ഇത് കേള്‍ക്കുന്ന സംഗീതമായും ബന്ധപ്പെട്ടിരിക്കുന്നു. നടത്തം, ഓട്ടം തുടങ്ങിയ ആവര്‍ത്തിക്കുന്ന മടുപ്പിക്കാനിടയുള്ള വ്യായാമങ്ങളില്‍ പ്രത്യേകിച്ചും പാട്ടു കേള്‍ക്കുന്നത് സഹായമാവും. 

9– പട്ടികളെ കൂടെ കൂട്ടുക. വളര്‍ത്തു പട്ടികളേയും കൊണ്ട് നടക്കാനിറങ്ങുന്നവര്‍ അല്ലാത്ത സമയങ്ങളില്‍ നടക്കുന്നതിനേക്കാള്‍ കൂടുതല്‍ ദൂരം നടക്കാനിടയുണ്ട്. സാമൂഹ്യ ബന്ധങ്ങള്‍ കൂട്ടാനും സുരക്ഷാ ബോധം വര്‍ധിപ്പിക്കാനുമൊക്കെ ഇത് സഹായിക്കും. 

10– വ്യായാമം തുടര്‍ച്ചയായി കൊണ്ടുപോകാനും ശീലമാക്കാനും വേണ്ടത് ക്ഷമയാണ്. വ്യായാമം ചെയ്യാതിരിക്കാന്‍ നൂറു കാരണങ്ങളുണ്ടാവും. ചെയ്യാന്‍ ഒരൊറ്റ കാരണമേയുണ്ടാവൂ. പല കടമ്പകള്‍ കടന്ന് വ്യായാമം ശീലമാക്കിയാല്‍ നിങ്ങളാവില്ല ഭാവിയില്‍ കുടുംബത്തിലേയും നാട്ടിലേയും മാതൃകയെന്ന് ആര് കണ്ടു.

 

English Summary: Really Hate Exercise? These 10 Science-Based Tips Could Help You Get Motivated

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com