ADVERTISEMENT

ഉപഗ്രഹാധിഷ്ഠിത ഇന്റർനെറ്റ് സേവനദാതാക്കളായ സ്റ്റാർലിങ്കിന്റെ വെബ്സൈറ്റിൽ കേരളത്തിലെ സ്ഥലങ്ങളിലേക്കും ഇന്റർനെറ്റ് സൗകര്യം ഓർഡർ ചെയ്യാം. കേന്ദ്ര സർക്കാർ നിർദേശങ്ങൾ പാലിച്ച് രാജ്യത്ത് ഇപ്പോൾ സേവനം തുടങ്ങുന്നില്ലെന്ന മെസേജും ലഭിക്കും. സേവനം ലഭ്യമാക്കാൻ സ്റ്റാർലിങ്കിനു താൽപര്യമുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അതേസമയം ‌32 രാജ്യങ്ങളിലേക്കു നെറ്റ്‌വർക് സേവനം വ്യാപിപ്പിക്കുമ്പോഴും 6 രാജ്യങ്ങളിൽ പ്രവർത്തനം തുടങ്ങാൻ താൽപര്യമില്ലെന്നു സ്റ്റാർലിങ്ക്. ട്വിറ്ററിൽ സ്റ്റാർലിങ്ക് അക്കൗണ്ടിൽ നിന്നു പോസ്റ്റ് ചെയ്ത ഭൂപടത്തിലാണ് റഷ്യയുൾപ്പെടെ ചില രാജ്യങ്ങളിലേക്കു പ്രവർത്തനം ഉണ്ടാകില്ലെന്നു കാണിച്ചത്. സമീപമുള്ള മറ്റെല്ലാ രാജ്യങ്ങളിലും സേവനം ലഭ്യമാക്കുമെന്നിരിക്കെ, ചില രാജ്യങ്ങളെ മാത്രം ഒഴിവാക്കിയത് വ്യക്തമായ ബോധ്യത്തിലാണ്. രാജ്യങ്ങളുടെ നയങ്ങളും അവിടത്തെ രാഷ്ട്രീയവുമാണ് ചില രാജ്യങ്ങളെ മാത്രം ഒഴിവാക്കിയതിനു പിന്നിലെന്നു വ്യക്തമാണ്.

∙ 32 രാജ്യങ്ങളിൽ സ്റ്റാർലിങ്ക്

ഇതുവരെ 32 രാജ്യങ്ങളിലാണ് സ്റ്റാർലിങ്ക് സേവനം ലഭ്യമായിട്ടുള്ളത്. ഭൂമിക്കു മുകളിൽ ചെറു ഉപഗ്രഹങ്ങളുടെ ശൃംഖല തീർത്താണ് ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്നത്. യൂറോപ്പിലെ മിക്ക രാജ്യങ്ങൾക്കും പുറമേ യുഎസ്, കാനഡ, ബ്രസീൽ, ചിലെ, ഓസ്ട്രേലിയയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലാണ് പ്രധാനമായും സ്റ്റാർലിങ്ക് സേവനം ലഭ്യമാകുക. വീടുകളിലോ സ്ഥാപനങ്ങളിലോ സ്ഥാപിച്ച ആന്റിന വഴിയാണ് ഉപഗ്രഹങ്ങളിൽ നിന്നുള്ള സിഗ്നലുകൾ സ്വീകരിക്കുക. അതു വൈഫൈ വഴി മറ്റ് ഉപകരണങ്ങളിലേക്ക് എത്തിക്കുകയാണു ചെയ്യുന്നത്. ഉപഗ്രഹാധിഷ്ഠിത ഇന്റർനെറ്റ് മേഖലയിൽ സ്റ്റാർലിങ്കിന്റെ പ്രധാന എതിരാളികളായ വൺവെബും ആമസോണിന്റെ പ്രോജക്ട് കയ്പറും ഉപഗ്രഹ വിക്ഷേപണങ്ങൾക്കു പദ്ധതിയിടുമ്പോഴാണ് മസ്കിന്റെ കമ്പനി സേവനം ലഭ്യമാക്കിത്തുടങ്ങുന്നത്.

 

ഏരിയൻ സ്പേസ്, യുണൈറ്റഡ് ലോഞ്ച് അലയൻസ്, ബ്ലൂ ഒറിജിൻ എന്നീ കമ്പനികളുമായി സഹകരിച്ചാണ് ആമസോൺ പ്രോജക്ട് കയ്പറിലെ ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിക്കുന്നത്. വരും വർഷങ്ങളിൽ 83 ഉപഗ്രഹങ്ങൾ ഭ്രമണ പഥത്തിലെത്തിക്കാൻ ഈ കമ്പനികളുമായി ധാരണയായിട്ടുണ്ട്. അതേസമയം സ്റ്റാർലിങ്കുമായി കടുത്ത മത്സരം തുടർന്നിരുന്ന വൺവെബിനു തിരിച്ചടിയായത് റഷ്യ – യുക്രെയ്ൻ യുദ്ധമാണ്. റഷ്യയായിരുന്നു വൺവെബിന്റെ ഉപഗ്രഹങ്ങൾ വിക്ഷേപിച്ചിരുന്നത്. യുദ്ധം വന്നതോടെ റഷ്യയുമായുള്ള ബന്ധത്തിൽ അയവു വരികയും തുടർന്നുള്ള വിക്ഷേപണങ്ങൾ റഷ്യയെ ഏല്‍പിക്കേണ്ടെന്നു തീരുമാനിക്കുകയുമായിരുന്നു. ചെലവു കുറഞ്ഞ രീതിയിൽ കൂടുതൽ ഉപഗ്രഹങ്ങൾ ഒരുമിച്ചു വിക്ഷേപിക്കാൻ വൺവെബ് ധാരണയുണ്ടാക്കിയത് ഇലോൺ മസ്കിന്റെ തന്നെ സ്പേസ് എക്സുമായാണ്. ലോകത്തു തന്നെ ചെലവു കുറഞ്ഞ രീതിയിൽ ഉപഗ്രഹ വിക്ഷേപണം നടത്തുന്ന കമ്പനിയാണ് സ്പേസ് എക്സ് എന്നതിനാലാണ് എതിരാളികളായിട്ടും അവരെ തന്നെ തിരഞ്ഞെടുക്കാൻ വൺവെബിനെ പ്രേരിപ്പിച്ചത്. യൂറോപ്യൻ സ്പേസ് ഏജൻസിയുടെ സഹായത്തോടെ ഉപഗ്രഹങ്ങളെ വിക്ഷേപിച്ചാൽ അത് പദ്ധതിയുടെ ചെലവു കൂട്ടുമെന്നായിരുന്നു വൺവെബിന്റെ കണക്കുകൂട്ടൽ.

 

starlink-spacex

∙ സ്റ്റാർലിങ്ക് ഇല്ലാത്ത രാജ്യങ്ങൾ

 

അമേരിക്കൻ മേഖലയിൽ ക്യൂബ, വെനിസ്വേല എന്നീ രാജ്യങ്ങളിലൊഴികെ മറ്റെല്ലാ രാജ്യങ്ങളിലും സേവനം ലഭ്യമാക്കാൻ സ്റ്റാർലിങ്കിനു പദ്ധതിയുണ്ട്. യൂറോപ്പിൽ ബെലാറസ് ഒഴികെയുള്ള മറ്റെല്ലാ രാജ്യങ്ങളിലും സ്റ്റാർലിങ്കിന്റെ സേവനം ഭാഗികമായി ലഭിച്ചു തുടങ്ങി. റഷ്യയുമായി യുദ്ധം തുടരുന്ന യുക്രെയ്നിലും സ്റ്റാർലിങ്ക് ഭാഗികമായി പ്രവർത്തിക്കുന്നുണ്ട്. എന്നാൽ റഷ്യയുടെ രുപ ഭാഗത്തും സ്റ്റാർ ലിങ്ക് പ്രവർത്തിച്ചു തുടങ്ങിയിട്ടില്ല എന്നു മാത്രമല്ല ഉടനേ അവിടേക്കു സേവനം എത്തിക്കാനും അവർക്കു താൽപര്യമില്ല. സിറിയ, ഇറാൻ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളാണ് സേവനം ലഭ്യമാകാത്ത മറ്റു രാജ്യങ്ങൾ. ഭൂമിയുടെ എല്ലാ ഭാഗത്തിനും അഭിമുഖമായി ഉപഗ്രഹങ്ങള്‍ ഉണ്ടെന്നിരിക്കെ, ഏതാനും രാജ്യങ്ങളിൽ മാത്രം സേവനം നിഷേധിക്കപ്പെട്ടത് ഇലോൺ മസ്കിന്റെ വ്യക്തമായ നിലപാടാണ്. യുക്രെയ്നുമായുള്ള യുദ്ധമാകാം റഷ്യയ്ക്കു സേവനം നിഷേധിക്കാനുള്ള കാരണം. യുഎസിനു ഭീഷണിയുയർത്തുന്ന ഇസ്രയേലിനു പോലും ഇന്റർനെറ്റ് സേവനം സ്റ്റാർലിങ്ക് ലഭ്യമാക്കാൻ പദ്ധതിയുണ്ട്. യൂറോപ്യൻ രാജ്യങ്ങളാണ് ഉപഗ്രഹാധിഷ്ഠിത ഇന്റർനെറ്റ് സേവനത്തിന് ആദ്യം അംഗീകാരം നൽകിയത്. മറ്റു ഭൂഖണ്ഡങ്ങളിലെ രാജ്യങ്ങൾ പലതും സ്റ്റാർലിങ്കിന്റേതടക്കമുള്ള ഉപഗ്രഹാധിഷ്ഠിത ഇന്റർനെറ്റ് സേവനം തടയുകയോ, താൽക്കാലികമായി നിരോധനം ഏർപ്പെടുത്തുകയോ ചെയ്തിട്ടുണ്ട്.

starlink-space-x

 

∙ പരിസ്ഥിതി സൗഹൃദമോ?

 

ഇപ്പോഴുള്ളതിലും പരിസ്ഥിതി സൗഹൃദവും ഭൂമിയുടെ എല്ലാ മേഖലകളിലേക്ക് എത്തുന്നതുമായ നെറ്റ്‌വർക് ആണ് തങ്ങളുടേത് എന്നാണ് സ്റ്റാർലിങ്ക് ഉൾപ്പെടെയുള്ള ഉപഗ്രഹാധിഷ്ഠിത ഇന്റർനെറ്റ് സേവന ദാതാക്കൾ അവകാശപ്പെടുന്നത്. നിലവിലെ നെറ്റ്‌വർക്കിൽ സമുദ്രങ്ങൾക്കടിയിൽ കൂടി പോലും കേബിളുകൾ സ്ഥാപിച്ചിട്ടുണ്ട്. കേബിളുകൾ എത്താൻ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിൽ നെറ്റ്‌വർക് ലഭ്യമാക്കാനും ബുദ്ധിമുട്ടുണ്ട്. ഇവയ്ക്കുള്ള പരിഹാരമായാണ് ഉപഗ്രഹാധിഷ്ഠിത നെറ്റ്‌വർക് പറയുന്നത്. ഭുമിയിലെ ഏതു വിദൂര ഭാഗത്തും നെറ്റ്‌വർക് ലഭ്യമാക്കാൻ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഉപഗ്രഹ ശൃംഖലയ്ക്കു കഴിയും.

 

എന്നാൽ ആയിരക്കണക്കിന് ചെറു ഉപഗ്രഹങ്ങൾ ആകാശത്ത് വല തീർക്കുമ്പോൾ ഭൂമിയുടെ ഹരിത ഗൃഹ പ്രഭാവത്തെ സ്വാധീനിക്കും. ഉപയോഗ കാലാവധി കഴിഞ്ഞ ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ കറങ്ങി നടക്കുന്നത് മറ്റ് ഉപഗ്രഹങ്ങളുമായി കൂട്ടിയിടിക്കാനും നാശനഷ്ടമുണ്ടാക്കാനും സാധ്യതയുണ്ട്. സ്റ്റാർലിങ്കിന്റെ ഉപഗ്രഹങ്ങൾ കാലാവധി കഴിയുമ്പോൾ സ്വയം നശിക്കുന്നതോ, ഭൂമിയിലേക്കു തിരിച്ചിറക്കാൻ കഴിയുന്നതോ വിധമാണ് വികസിപ്പിച്ചിരിക്കുന്നതെന്ന് അവകാശപ്പെടുന്നുണ്ട്. എന്നിരുന്നാലും അടുത്തടുത്തായി സ്ഥിതിചെയ്യുന്ന ലോഹ നിർമിത ഉപഗ്രഹങ്ങൾ ഭൂമിയിൽ നിന്നുള്ള വികിരണങ്ങളെ തടയാനും അതു വഴി ഭൂമിയിലെ ചൂട് ഉയരാനും സാധ്യതയുണ്ട്. ഭൂമിയിലേക്ക് എത്തേണ്ട സൗര വികി‌രണങ്ങളെ തടയുന്നതും സ്വാഭാവികത ഇല്ലാതാക്കും. നിയന്ത്രണം വിട്ട് കറങ്ങിനടക്കുന്ന ഉപഗ്രഹങ്ങളുടെ എണ്ണം കൂടുന്നത് ഭാവിയിലെ ബഹിരാകാശ യാത്രകളിൽ സഞ്ചാരികളുടെ ജീവനു തന്നെ അപകടം സൃഷ്ടിക്കാനും സാധ്യതയുണ്ട്.

 

∙ സ്പേസ് എക്സിന് ഈ വർഷം മാത്രം 19 വിക്ഷേപണങ്ങൾ

 

വർഷം പകുതിയാകുന്നതിനു മുൻപു തന്നെ 19 വിക്ഷേപണങ്ങളാണ് സ്പേസ് എക്സ് പൂർത്തിയാക്കിയത്. സ്റ്റാർലിങ്ക് പദ്ധതിയിൽപെട്ട 53 ഉപഗ്രഹങ്ങളാണ് കഴിഞ്ഞ ദിവസം സ്പേസ് എക്സ് വിക്ഷേപിച്ചത്. സ്പേസ് എക്സിന്റെയും സ്റ്റാർലിങ്കിന്റെയും വിക്ഷേപണങ്ങൾക്കു പുറമേ നാസയുടെ അടക്കം ഉപഗ്രഹങ്ങളെയും ബഹിരാകാശ പേടകങ്ങളെയും ഉള്‍പ്പെടെ വിക്ഷേപിച്ചിട്ടുണ്ട്. നാസ വിക്ഷേപിക്കുന്നതിനെക്കാൾ കുറഞ്ഞ ചെലവിൽ സ്പേസ് എക്സിനു വിക്ഷേപണം നടത്താനാകും എന്നതാണ് സ്പേസ് എക്സിനെ വിക്ഷേപണങ്ങൾ ഏൽപിക്കാനുള്ള കാരണം. ഇന്ത്യൻ സ്പേസ് റിസർച് ഓർഗനൈസേഷൻ, ഇസ്റോയാണ് ചെലവു കുറഞ്ഞ രീതിയിൽ വിക്ഷേപണങ്ങൾ നടത്തുന്ന മറ്റൊരു ബഹിരാകാശ ഏജൻസി. ചെലവു കുറഞ്ഞ വിക്ഷേപണങ്ങൾക്കൊപ്പം പുനരുപയോഗത്തിനായി റോക്കറ്റ് ഭാഗങ്ങൾ തിരിച്ചിറക്കുന്ന സാങ്കേതിക വിദ്യയിലും സ്പേസ് എക്സ് മുന്നിലാണ്.

 

English Summary: SpaceX's Starlink Internet Is Now Available In 32 Countries

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com