ഭൂമിയില്‍നിന്ന് ഏറ്റവും അകലത്തിലുള്ള മനുഷ്യനിര്‍മിത വസ്തു ഏതെന്നെ ചോദ്യത്തിന് വോയേജര്‍ 1 എന്ന ഒരേയൊരു ഉത്തരമേയുള്ളൂ. വ്യാഴവും ശനിയും യുറാനസും നെപ്റ്റ്യൂണുമൊക്കെ കടന്ന് ഇപ്പോള്‍ ഭൂമിയില്‍നിന്ന് ഏതാണ്ട് 2,400 കോടി കിലോമീറ്റര്‍ ദൂരെയാണ് വോയേജര്‍ 1. അനശ്വരതയിലേക്കാണ് ഈ പേടകങ്ങളുടെ യാത്രയെന്നാണ് ഇപ്പോള്‍ ശാസ്ത്രലോകം ഓര്‍മിപ്പിക്കുന്നത്. വോയേജര്‍ 1 ലും എതിര്‍ദിശയിലേക്ക് സഞ്ചരിക്കുന്ന ഇരട്ടയായ വോയേജര്‍ 2 വിലും മനുഷ്യ സംസ്‌കാരവും സന്ദേശങ്ങളും പേറുന്ന നിരവധി സ്വര്‍ണ റെക്കോർഡുകളുമുണ്ട്.
ഭൂമിയിലെ 55 ഭാഷകള്‍, ജീവജാലങ്ങളുടെ ശബ്ദങ്ങള്‍, ചിത്രങ്ങള്‍, ദൃശ്യങ്ങള്‍, വിവിധ മാനവിക സംസ്‌കാരങ്ങളുടെ സന്ദേശങ്ങള്‍ തുടങ്ങി, 1977 ല്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ജിമ്മി കാര്‍ട്ടറുടെ സന്ദേശം വരെ വഹിച്ചാണ് വോയേജര്‍ 1 പേടകം വിദൂര പ്രപഞ്ചത്തിലേക്കുള്ള യാത്ര തുടരുന്നത്. എന്നെങ്കിലും കൂട്ടിമുട്ടുന്ന അന്യഗ്രഹ ജീവികള്‍ക്ക് ഇവിടെ ഭൂമിയെന്നൊരു ഗ്രഹവും അതില്‍ ജീവനും ഉണ്ടെന്ന സന്ദേശം കൈമാറുകയാണ് ഈ കാലാതീത മാനവിക സ്വപ്‌നത്തിന്റെ ലക്ഷ്യം. വോയേജര്‍ ലക്ഷ്യത്തിലെത്തുമ്പോഴേക്കും ഒരുപക്ഷേ ഭൂമിയിലെ അവസാന ജീവനും ഇല്ലാതായിരിക്കും.
നൂറുകണക്കിന് കോടി വര്‍ഷങ്ങള്‍ ബഹിരാകാശത്തെ ഏറ്റവും മോശം കാലാവസ്ഥയേയും അതിജീവിക്കാന്‍ ശേഷിയുള്ള രീതിയിലാണ് വോയേജര്‍ പേടകങ്ങളിലെ സ്വര്‍ണ റെക്കോർഡുകള്‍ നിര്‍മിച്ചിരിക്കുന്നത്. എന്നാല്‍ ഇവ ഏതെങ്കിലും നക്ഷത്രത്തിന് സമീപത്തേക്കെത്തണമെങ്കില്‍ ലക്ഷം കോടി വര്‍ഷങ്ങളെങ്കിലും എടുക്കുമെന്നാണ് ജ്യോതിശാസ്ത്രജ്ഞര്‍ കണക്കുകൂട്ടുന്നത്. അഞ്ഞൂറു കോടി വര്‍ഷമാണ് നമ്മുടെ സൂര്യന്റെ ആയുസ്സ് കണക്കാക്കുന്നത്. സൂര്യനൊപ്പം ഭൂമിയിലെ ജീവന്റെ സാധ്യതകളും കൂടി ഇക്കാലത്തിനുള്ളില്‍ ഇല്ലാതാവും. അപ്പോഴും വോയേജര്‍ പേടകങ്ങള്‍ മനുഷ്യ സന്ദേശവുമായി സഞ്ചാരം തുടരുന്നുണ്ടാവും എന്നതിനാലാണ് അവ അനശ്വരതയോടു ചേര്‍ന്നു നില്‍ക്കുന്നുവെന്ന് വ്യാഖ്യാനിക്കപ്പെടുന്നത്. ഇതിനിടെ ഏതെങ്കിലും അന്യഗ്രഹജീവികള്‍ ഈ മനുഷ്യ നിര്‍മിത പേടകത്തെ കണ്ടെത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
മനുഷ്യര്‍ക്കിടയില്‍ മരണാനന്തര ജീവിതത്തെക്കുറിച്ച് പല തരം വിശ്വാസങ്ങള്‍ സജീവമാണ്. ഇതില്‍ ഏതാണ്ടെല്ലാം തന്നെ ജീവിതകാലത്തെ പ്രവൃത്തികളുമായി ചേര്‍ന്നു നില്‍കുന്നു. ജിമ്മി കാര്‍ട്ടര്‍ തലച്ചോറിലെ അര്‍ബുദത്തോട് മല്ലടിച്ച് കഴിയുമ്പോള്‍ ഇങ്ങനെ പറഞ്ഞിരുന്നു: ‘ജീവിതവും മരണവും എന്നെ സംബന്ധിച്ച് വലിയ കാര്യമല്ല. ക്രിസ്തീയ വിശ്വാസമനുസരിച്ച്, മരിച്ചാലും എനിക്ക് പുനര്‍ജന്മമുണ്ടാവും. അതുകൊണ്ടുതന്നെ ഇപ്പോള്‍ മരിച്ചാലും ഞാന്‍ വീണ്ടും ജീവിക്കും.’’ ഈ മുന്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ വ്യക്തിത്വവും വാക്കുകളും കോടിക്കണക്കിനു വര്‍ഷങ്ങള്‍ക്കു ശേഷവും ഏതെങ്കിലും അന്യഗ്രഹജീവികള്‍ വോയേജറിലെ സ്വര്‍ണത്തളികകളില്‍നിന്നു കണ്ടെടുക്കാനുള്ള സാധ്യതയുണ്ട്.
പ്രത്യേകിച്ച് ഒരു മതത്തിലും വിശ്വസിക്കാത്തവരിലുമുണ്ട് ആത്മാവിലും മരണശേഷമുള്ള അവയുടെ നിലനില്‍പ്പിലും കാര്യമുണ്ടെന്ന് കരുതുന്ന ചിലർ. മരണാനന്തര ജീവിതത്തെക്കുറിച്ച് മനോഹരമായ വാചകമാണ് കാള്‍ സാഗന്‍ പറഞ്ഞിട്ടുള്ളത്. വിശ്വപ്രസിദ്ധ പ്രപഞ്ചശാസ്ത്രജ്ഞനായ അദ്ദേഹമായിരുന്നു വോയേജര്‍ പേടകങ്ങള്‍ എന്ന ആശയത്തിനും അവ പ്രാവര്‍ത്തികമാക്കിയതിനും പിന്നില്‍. ‘‘മനുഷ്യന്റെ ഒരു ആഗ്രഹം എന്നതിനപ്പുറം മറ്റൊന്നും എനിക്കിതേക്കുറിച്ച് പറയാനില്ല’’ എന്നായിരുന്നു കാള്‍ സാഗന്‍ പുനര്‍ജന്മത്തെക്കുറിച്ച് പറഞ്ഞത്. മനുഷ്യന്റെ അന്തമില്ലാത്ത ആഗ്രഹങ്ങളെപ്പോലെ നീണ്ടുകിടക്കുന്ന പ്രപഞ്ചത്തിന്റെ വിദൂരതയിലേക്കുള്ള യാത്രക്കിടെ വോയേജര്‍ അമരത്വം കൂടിയാണ് സ്വന്തമാക്കുന്നത്.
English Summary: The Voyager Probes May Be The Closest Humanity Gets to Immortality. Here's Why