ADVERTISEMENT

ഇന്ത്യയിലെ ആദ്യത്തേതും ഏഷ്യയിലെ തന്നെ ഏറ്റവും വലുതുമായ ലിക്വിഡ് മിറര്‍ ടെലസ്‌കോപ് ഉത്തരാഖണ്ഡിലെ ദേവസ്തലില്‍ സ്ഥാപിച്ചു. വിദൂരപ്രപഞ്ചത്തിലെ സൂപ്പര്‍നോവകള്‍, ബഹിരാകാശത്തെ അവശിഷ്ടങ്ങള്‍, ഉല്‍ക്കകള്‍ എന്നിവയെല്ലാം നിരീക്ഷിക്കാന്‍ ഇനി മുതല്‍ ഇന്ത്യന്‍ ലിക്വിഡ് മിറര്‍ ടെലസ്‌കോപും(ILMT) ഉണ്ടാവും.

 

ഇന്ത്യയ്ക്ക് പുറമേ ബെല്‍ജിയം കാനഡ എന്നിവിടങ്ങളിലെ ജ്യോതിശാസ്ത്രജ്ഞരുടെ നേരിട്ടുള്ള സഹകരണത്തിലാണ് ഈ ടെലസ്‌കോപ് നിര്‍മിച്ചത്. ഏതാണ്ട് നാല് മീറ്റര്‍ വിസ്തീര്‍ണമുണ്ട് ഐഎൽഎംടി ക്ക്. ഈ ടെലസ്‌കോപില്‍ ദ്രവരൂപത്തിലുള്ള മെര്‍ക്കുറിയുടെ സഹായത്തിലാണ് വെളിച്ചം ശേഖരിക്കുകയും ഫോക്കസ് സാധ്യമാക്കുകയും ചെയ്യുന്നത്. ഉത്തരാഖണ്ഡിലെ നൈനിറ്റാല്‍ ജില്ലയിലെ ആര്യഭട്ട റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒബ്‌സര്‍വേഷണല്‍ സയന്‍സസില്‍ (ARIES) ആണ് ഈ ടെലസ്‌കോപ് സ്ഥാപിച്ചിരിക്കുന്നത്. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിലുള്ള സ്ഥാപനമാണിത്. 

 

പ്രകാശത്തെ വ്യക്തമായി കാണുന്നതിന് സഹായിക്കുന്ന ദ്രവരൂപത്തിലുള്ള മെര്‍ക്കുറി അര്‍ധവൃത്താകൃതിയില്‍ ക്രമീകരിച്ചാണ് ഈ ലിക്വിഡ് മിറര്‍ ടെലസ്‌കോപ് സജ്ജീകരിച്ചിരിക്കുന്നത്. കാറ്റില്‍ നിന്നും സംരക്ഷിക്കാനായി നേരിയ കനമുള്ള സുതാര്യമായ ഫിലിമുകളും ഈ മെര്‍ക്കുറിക്ക് മുകളില്‍ വച്ചിട്ടുണ്ട്. ഈ ടെലസ്‌കോപിലെ മെര്‍ക്കുറിയിലൂടെ പ്രതിഫലിക്കുന്ന വെളിച്ചം ഇരട്ട ലെന്‍സിലൂടെ കടന്നുപോയാണ് വിദൂര കാഴ്ചകള്‍ വ്യക്തതയോടെ നമുക്ക് കാണിച്ചു തരുന്നത്. ഒരു ഇലക്ട്രോണിക് ക്യാമറ ഉപയോഗിച്ച് തല്‍സമയം ഈ ദൃശ്യങ്ങള്‍ പകര്‍ത്തി ശേഖരിക്കുകയും ചെയ്യുന്നു. 

 

സമുദ്ര നിരപ്പില്‍ നിന്നും 2450 മീറ്റര്‍ ഉയരത്തിലാണ് ഈ ടെലസ്‌കോപ് സ്ഥാപിച്ചിരിക്കുന്നത്. ദേവസ്തല്‍ നിരീക്ഷണ കേന്ദ്രത്തില്‍ ഇതോടെ രണ്ട് ടെലസ്‌കോപ്പുകളായി. ഐഎൽഎംടിക്ക് പുറമേ ഇവിടെ ദേവസ്തല്‍ ഒപ്റ്റിക്കല്‍ ടെലസ്‌കോപും (DOT) നേരത്തെ സ്ഥാപിച്ചിട്ടുണ്ട്. ബെല്‍ജിയത്തിലെ സെന്റർ സ്പേഷ്യൽ ഡി ലീഗുമായി സഹകരിച്ചാണ് അഡ്വാന്‍സ്ഡ് മെക്കാനിക്കല്‍ ആൻഡ് ഒപ്റ്റിക്കല്‍ സിസ്റ്റംസ് (AMOS) ഈ ടെലസ്‌കോപ് നിര്‍മിച്ചിരിക്കുന്നത്. 

 

ഈ ടെലസ്‌കോപ് പദ്ധതിയുടെ ഭാഗമായുള്ള വിവര കൈമാറ്റങ്ങള്‍ക്ക് നിരവധി രാജ്യങ്ങളും ജ്യോതിശാസ്ത്രജ്ഞരും സര്‍വകലാശാലകളും സഹകരിക്കുന്നുണ്ട്. ഇന്ത്യയില്‍ നിന്നും എആർഐഇഎസിലെ ഗവേഷകരാണ് ഐഎല്‍എംടി ടെലസ്‌കോപുമായി സഹകരിക്കുന്നത്. ലീഗ് സര്‍വകലാശാലയും റോയല്‍ ഒബ്‌സര്‍വേറ്ററിയുമാണ് ബെല്‍ജിയത്തില്‍ നിന്നുള്ളത്. പോളണ്ടിലെ പൊസ്‌നാന്‍ നിരീക്ഷണ കേന്ദ്രവും ഉസ്ബക്കിസ്ഥാനിലെ അക്കാദമി ഓഫ് സയന്‍സസ് ആൻഡ് നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് ഉസ്ബക്കിസ്ഥാനും ഈ പദ്ധതിയുടെ ഭാഗമാണ്. ബ്രിട്ടിഷ് കൊളംബിയ സര്‍വകലാശാല, ലാവല്‍ സര്‍വകലാശാല, മോണ്ട്രിയാല്‍ സര്‍വകലാശാല, ടൊറന്റോ സര്‍വകലാശാല, യോര്‍ക്ക് സര്‍വകലാശാല, വിക്ടോറിയ സര്‍വകലാശാല എന്നിവയും പദ്ധതിയുമായി സഹകരിക്കുന്നുണ്ട്.

 

English Summary: What is Liquid Mirror Telescope, India’s first in Uttarakhand

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com