ADVERTISEMENT

ഭൂമിക്കു പുറത്ത് ആദ്യ മനുഷ്യക്കോളനി സ്ഥാപിക്കാനുള്ള സാധ്യത ആരായുകയാണ് പ്രമുഖ ശാസ്ത്രജ്ഞര്‍. സയന്‍സ് ഫിക്ഷന്‍ സിനിമകളില്‍ മാത്രം കണ്ടുവന്ന ഇത്തരം സാധ്യതകളെ ഗൗരവത്തോടെ കണ്ട് അവയ്ക്ക് ചുക്കാന്‍പിടിക്കാന്‍ എത്തിയിരിക്കുന്നത് നാസയും സ്‌പേയ്സ്എക്‌സും അടക്കമുള്ള കമ്പനികളാണ്. എന്നാല്‍, സിനിമ പിടിക്കുന്നതു പോലെ എളുപ്പമല്ല യാഥാര്‍ഥ്യമെന്നും ശാസ്ത്ര ലോകത്തിന് അറിയാം. ഭൂമിയില്‍ നിന്ന് ചൊവ്വയിലേക്ക് എത്തണമെങ്കില്‍ ഒൻപത് മാസം വേണമെന്നാണ് സ്‌പേസ്.കോം പറയുന്നത്. തിരിച്ചെത്തണമെങ്കില്‍ 21 മാസം വേണം. കാരണം ഭൂമിയും ചൊവ്വയും അനുകൂല സ്ഥിതിയിലായിരിക്കുമ്പോള്‍ വേണം തിരിച്ചു പുറപ്പെടാന്‍. ഇതിന് മൂന്നുമാസം കഴിയണം. ചുരുക്കിപ്പറഞ്ഞാല്‍, ചൊവ്വയിലേക്കു പോകുന്ന പേടകം ഈ കാലമത്രയും സ്വയംപര്യാപ്തത ഉള്ളതായിരിക്കണം.

 

∙ വെല്ലുവിളികള്‍ ഏറെ, എന്നുവച്ച് മുന്നോട്ടുവച്ച കാല്‍ പിന്‍വലിച്ചേക്കില്ല

 

മുകളില്‍ പറഞ്ഞ പ്രശ്‌നങ്ങള്‍ കൂടാതെ ബഹിരാകാശ സഞ്ചാരികളെ സൂര്യ-പ്രപഞ്ച വികിരണങ്ങളില്‍ നിന്ന് സംരക്ഷിച്ചു നിർത്തണം. പിന്നെ, അന്തരീക്ഷമില്ലാത്ത ചൊവ്വയുടെ പരിസ്ഥിതിയില്‍ മൈക്രോഗ്രാവിറ്റിയുടെ പ്രശ്‌നങ്ങള്‍ അടക്കം നിരവധി അസ്വാഭാവിക സാഹചര്യങ്ങള്‍ തരണംചെയ്യേണ്ടതായും ഉണ്ട്. ഇതെല്ലാം കണ്ട് ചൊവ്വാ ദൗത്യം അങ്ങു വേണ്ടന്നുവയ്ക്കാനല്ല ശാസ്ത്രജ്ഞര്‍ ശ്രമിക്കുന്നത്. പകരം ഇവയെ മറികടക്കാനുള്ള പോംവഴികള്‍ ആലോചിക്കുകയാണ് അവര്‍. അതിലൊന്നാണ് ഇക്കഴിഞ്ഞയാഴ്ച ബ്രിട്ടനിലെ പ്രമുഖ അസ്‌ട്രോണമര്‍ ആയ ലോര്‍ഡ് മാര്‍ട്ടിന്‍ റീസ് മുന്നോട്ടുവച്ചനിര്‍ദേശം. ചൊവ്വാ പര്യവേക്ഷണത്തിനു പോകുന്നവരെ ഭാഗികമായി സൈബോര്‍ഗുകള്‍ ആക്കിയാല്‍ പല പ്രശ്‌നങ്ങളും തരണംചെയ്യാനായേക്കുമെന്നാണ് അദ്ദേഹം പറയുന്നത്. ചൊവ്വയിലേക്കു പുറപ്പെടുന്ന ധൈര്യശാലികളായ പര്യവേക്ഷകര്‍ക്ക് തങ്ങളുടെ ശരീരവും യന്ത്രങ്ങളുമായി സംയോജിപ്പിക്കാനുള്ള പ്രചോദനം ലഭിച്ചേക്കുമെന്നാണ് ഹേ ഫെസ്റ്റിവലില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞത്.

starship-spacex

 

∙ മരണമില്ലാത്ത മറ്റൊരു ജീവി വര്‍ഗം തന്നെയായി തീരാം

 

ചൊവ്വയിലെ ജീവിതത്തിനായി ഇത്തരത്തില്‍ ശരീരവും യന്ത്രങ്ങളും തമ്മില്‍ യോജിപ്പിച്ച ആളുകള്‍ മറ്റൊരു ജീവിവര്‍ഗം ( species) തന്നെ ആയിത്തീരാമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. അവര്‍ക്ക് രക്തവും മാംസവും ഉണ്ടായിരിക്കും. കൂടാതെ ഇലക്ട്രോണിക് ഭാഗങ്ങളും ഉണ്ടായിരിക്കും. എന്നാല്‍, അവര്‍ക്ക് ഇലക്ട്രോണിക് ശരീരം മാത്രമാകാന്‍ സാധിച്ചാല്‍ ഏറക്കുറെ മരണമില്ലാത്തവരും ആയിതീരാന്‍ സാധിക്കുമെന്ന് മാര്‍ട്ടിന്‍ നിരീക്ഷിക്കുന്നു. അങ്ങനെ സാധിച്ചാല്‍ ഗോളാന്തര (interstellar) യാത്രക്കാരും ആയിത്തീരാന്‍ സാധിച്ചേക്കുമെന്ന് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ഭാവിയിലെ ചൊവ്വാ വാസികള്‍ക്ക് സൈബോര്‍ഗുകള്‍ ആകേണ്ടിവരുമോ? എന്തെല്ലാമാണ് ചൊവ്വാ വാസത്തില്‍ നേരിടേണ്ടിവരുന്ന വെല്ലുവിളികള്‍? സൈബോര്‍ഗ് ആയാല്‍ ഉണ്ടാകാവുന്ന നേട്ടങ്ങള്‍ എന്തെല്ലാമാണ്?

 

∙ വെള്ളം കുടിക്കേണ്ട

starship-elon-musk

 

മനുഷ്യ ശരീര ഭാഗങ്ങള്‍ക്കൊത്ത് യന്ത്ര ഭാഗങ്ങളും പ്രവര്‍ത്തിപ്പിക്കുന്ന അവസ്ഥയെയാണ് സൈബോര്‍ഗ് എന്നു വിശേഷിപ്പിക്കുന്നത്. എക്‌സോസ്‌കെലിറ്റന്‍ പോലെയുള്ള സംവിധാനങ്ങളും പ്രയോജനപ്പെടുത്തിയേക്കാം. (സ്‌പേസ്എക്‌സ് മേധാവി ഇലോണ്‍ മസ്‌ക് പറയുന്നത് സ്മാര്‍ട് ഫോണ്‍ അടക്കമുള്ള കംപ്യൂട്ടര്‍ കേന്ദ്രീകൃത മനുഷ്യരൊക്കെ ഇപ്പോള്‍ത്തന്നെ സൈബോര്‍ഗുകളായി എന്നാണ്. ആര്‍ക്കും യന്ത്രങ്ങളെ പിരിഞ്ഞിരിക്കാനാവില്ല. പക്ഷേ, യന്ത്രങ്ങള്‍ മനുഷ്യശരീരത്തിനു വെളിയിലാണെന്നു മാത്രം.) ഇങ്ങനെ സൈബോര്‍ഗ് ആകുന്നതിനു പകരമുള്ള ഒരു സംവിധാനമാണ് നാസയുടെ സ്‌പേസ് സൂട്ടുകള്‍. ചൊവ്വാ യാത്രയ്ക്ക് അവയും പരിഗണിക്കപ്പെടുന്നു. സൈബോര്‍ഗ് സിസ്റ്റങ്ങള്‍ ഉപയോഗിച്ചാല്‍ നാം ശ്വസിക്കുന്ന വായുവിലെ ഈര്‍പ്പം വലിച്ചെടുത്ത് വെള്ളമാക്കി പരിവര്‍ത്തനം ചെയ്യാനാകും. ഇതിനായി മൂക്കില്‍ നിക്ഷേപിക്കാവുന്ന സംവിധാനങ്ങളുണ്ട്. ഇവയെ ഇന്‍സേര്‍ട്‌സ് എന്നു വിളിക്കുന്നു. വൃക്കയ്ക്കുള്ളിലും ദഹന വ്യൂഹത്തിനുള്ളിലും ഇത്തരം ഇന്‍സേര്‍ട്ടുകള്‍ വയ്ക്കുക മൂലം വെള്ളം ആ വഴികളിലൂടെ പുറത്തുപോകുന്നില്ലെന്ന് ഉറപ്പാക്കാനാകും.

 

∙ ഇതൊക്കെ നടക്കുമോ? 

 

അറിയേണ്ട കാര്യം ഇത്തരം സംവിധാനങ്ങള്‍ക്കുള്ള ജോലികള്‍ വര്‍ഷങ്ങളായി നടന്നുവരികയാണ് എന്നതാണ്. ജാപ്പനീസ് കമ്പനിയായ ടക്‌റാം (Takram) തങ്ങളുടെ വമ്പന്‍ പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിരുന്നു. ശരീരത്തില്‍ നിന്നു വെള്ളം വലിഞ്ഞുപോകുന്ന ഹൈഡ്രേഷന്‍ ഇല്ലാതാക്കാനായി കൃത്രിമ അവയവങ്ങള്‍ ഉണ്ടാക്കുമെന്നായിരുന്നു അവര്‍ പറഞ്ഞത്. ഈ സിസ്റ്റത്തിനെ വിളിക്കുന്നത് ഹൈഡ്രോളെമിക് സിസ്റ്റം (Hydrolemic System) എന്നാണ്. ഈ സിസ്റ്റം ചെയ്യുക വായുവില്‍ നിന്ന് ഈര്‍പ്പം വലിച്ചെടുക്കുക എന്നതും, ശരീരത്തിലുള്ള ജലാംശം നഷ്ടപ്പെടാതിരിക്കാന്‍ ശ്രമിക്കുക എന്നതുമാണ്. 

 

Hidden water discovered in Mars’ Valles Marineris canyon

∙ ദിവസം 0.1 കപ്പ് വെള്ളം മാത്രം കുടിച്ചാല്‍ മതി

 

കഴുത്തില്‍ പിടിപ്പിക്കാവുന്ന ഒരു കോളര്‍ നാം വിയര്‍ക്കുന്നില്ലെന്ന് ഉറപ്പാക്കും. ശരീരത്തില്‍ ഉദ്പാദിപ്പിക്കുന്ന ചൂടിനെ വൈദ്യുതിയായി പരിണമിപ്പിച്ചാണ് ഇത് ചെയ്യുന്നത്. ഈ സിസ്റ്റം ഉപയോഗിക്കുകയാണെങ്കില്‍ ഒരാള്‍ ഒരു ദിവസം 0.1 കപ്പ് വെള്ളം മാത്രം കുടിച്ചാല്‍ മതിയാകുമെന്നാണ് പറയുന്നത്. 

 

∙ മൈക്രോഗ്രാവിറ്റിയോ? 

 

കോളനി ഉണ്ടാക്കാന്‍ ചൊവ്വയില്‍ പോകുന്നവരുടെ ശരീരത്തിന്റെ ബാലന്‍സ് തെറ്റാം. ഒരു ഗുരുത്വാകര്‍ഷണ മേഖലയില്‍ നിന്ന് മറ്റൊന്നിലേക്കു മാറ്റപ്പെടുന്നതിനാലാണിത്. തലയും കണ്ണും തമ്മിലും കണ്ണും കൈയ്യും തമ്മിലൊക്കെയുള്ള ഏകോപനം താറുമാറാകും. ബാലന്‍സ് തെറ്റും. ചലനത്തിലും പ്രശ്‌നങ്ങള്‍ വരും. ബഹിരാകാശ സഞ്ചാരികളുടെ എല്ലുകള്‍ക്കും മസിലുകള്‍ക്കും ബഹിരാകാശത്തു വച്ച് മാറ്റങ്ങള്‍ വരും. ഇതിനൊക്കെ പുറമെ, മൈക്രോഗ്രാവിറ്റിയിലെത്തുമ്പോള്‍ ശരീരത്തിലുള്ള ശ്രവങ്ങള്‍ തലയുടെ ഭാഗത്തേക്ക് കേന്ദ്രീകരിക്കും. ഇത് കണ്ണുകള്‍ക്കുമേല്‍ മര്‍ദം ഉണ്ടാക്കുകയും കാഴ്ചസംബന്ധമായ പ്രശ്‌നങ്ങള്‍ വരുത്തുകയും ചെയ്യുമെന്ന് നാസ പറയുന്നു.

 

വേണ്ട കരുതല്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ മൂത്രത്തില്‍ കല്ല് രോഗം പിടിപെടാം. നിര്‍ജലീകരണം, എല്ലുകളില്‍ നിന്ന് കാല്‍സ്യം കൂടുതലായി പുറംതള്ളുന്നത് തുടങ്ങിയവ വലിയ പ്രശ്‌നങ്ങളായിരിക്കും സംഭവിക്കുക. ഇതിനെതിരെ കൃത്രിമ ഗുരുത്വാകര്‍ഷണ ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന കാര്യം നാസ പരിഗണിക്കുന്നു. കമ്പനോപാധികള്‍ ഉപയോഗച്ച് എല്ലുളെയും മസിലുകളെയും ആരോഗ്യത്തോടെ നിലനിര്‍ത്താനും ശ്രമിക്കുന്നു. അതേസമയം, ഒരു സൈബോര്‍ഗായി ചൊവ്വയില്‍ ചെന്നാല്‍ ഇതില്‍ ചില പ്രശ്‌നങ്ങള്‍ ഒഴിവാക്കാനായേക്കുമെന്നും ചിന്തിക്കുന്നവരുണ്ട്. ഉദാഹരണത്തിന് ഇരുമ്പ് ശ്വാസകോശവും സ്റ്റീല്‍ ഫലകങ്ങളും (plate) ത്വക്കിനുള്ളില്‍ പിടിപ്പിക്കുന്ന കാര്യം പരിഗണനയിലുണ്ട്. നമ്മുടെ മൃദുവായ ശരീരഭാഗങ്ങളെ മൈക്രോഗ്രാവിറ്റി പ്രശ്‌നങ്ങളല്‍ നിന്ന് സംരക്ഷിച്ചു നിർത്തുന്നതില്‍ സഹായിക്കുമെന്നു കരുതുന്നു. 

 

∙ ചൊവ്വയില്‍ ശ്വാസമെടുക്കുക എന്നതും ദുഷ്‌കരം

 

ചൊവ്വയുടെ അന്തരീക്ഷം അടക്കിവാഴുന്നത് കാര്‍ബണ്‍ ഡൈഓക്‌സൈഡാണ്. ഭൂവാസികള്‍ക്ക് അത് വിഷവാതകമാണ് എന്നാണ് ഗവേഷകയായ ഡോ. ഫിലിന്‍ഡാ ഗാന്റ് പറയുന്നത്. ഭൂമിയിലെ വായു മണ്ഡലത്തിന്റെ 1 ശതമാനത്തില്‍ താഴെ മാത്രമാണ് അതുള്ളത്. അതേസമയം ചൊവ്വയില്‍ അത് 96 ശതമാനമാണ്. വേണ്ടത്ര പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കാതെ മനുഷ്യര്‍ ചൊവ്വയില്‍ വച്ച് ശ്വസിക്കാന്‍ ശ്രമിച്ചാല്‍ ഉടനടി ശ്വാസംമുട്ടി മരിക്കും. നാസയുടെ സ്‌പേസ് സൂട്ടുകള്‍ ഇതിനെതിരെയുള്ള പ്രതിരോധം കൂടി ഒരുക്കുന്നു. ഈ സിസ്റ്റത്തിന് എന്തെങ്കിലും പ്രശ്‌നം ഉണ്ടായി തുടങ്ങുന്നതിനു മുൻപ് മുന്നറിയിപ്പുകള്‍ സൂട്ടുകള്‍ പുറപ്പെടുവിക്കപ്പെടും. അതേസമയം, സൈബോര്‍ഗ് ആകുക എന്നതാണ് സൂട്ടിനെക്കാള്‍ മെച്ചം എന്നുള്ള അഭിപ്രായവും ഉണ്ട്. 

 

∙ സോളാര്‍ ശക്തി 

 

സൗരോര്‍ജം ആണ് ചൊവ്വയില്‍ ആണവ ശക്തിയേക്കാള്‍ ഫലപ്രദമെന്നും കണ്ടെത്തിക്കഴിഞ്ഞു. ഇതിനാല്‍ സോളാര്‍ ശക്തിയുള്ള ജെനറേറ്ററുകള്‍ ഉപയോഗിക്കപ്പെടും. കൂടാതെ ചൊവ്വയിലെ സഞ്ചാരത്തിന് ഉപയോഗിക്കുന്ന വാഹനത്തിലും ശ്വസിക്കാവുന്ന വായു അടക്കം ലഭ്യമാക്കുന്ന സംവിധാനങ്ങള്‍ ഉണ്ടായിരിക്കും. ഇവയില്‍ ആഴ്ചകളോളം വസിക്കാവുന്ന രീതിയിലായിരിക്കും തയാര്‍ ചെയ്യുക. ഇത്തരം വാഹനങ്ങളില്‍ കയറി ബഹിരാകാശ സഞ്ചാരികള്‍ക്ക് യാത്ര ചെയ്യാം. എവിടെയെങ്കിലും താത്പര്യജനകമായ സ്ഥലം കണ്ടാല്‍ അവിടെ നർത്തി സ്‌പേസ് സൂട്ട് ധരിച്ച് പുറത്തിറങ്ങാം.

 

∙ വെള്ളം, ഭക്ഷണം

 

ചൊവ്വയില്‍ വെള്ളം കണ്ടെത്താനായേക്കുമെന്ന പ്രതീക്ഷയിലാണ് നാസ. പക്ഷേ അതിലേറെ പ്രശ്‌നമാണ് ഭക്ഷണം. ഇന്റര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷനിലോ, ചന്ദ്രനിലോ ആവശ്യത്തിന് ഭക്ഷണം ലഭ്യമാക്കാം. പക്ഷേ, ചൊവ്വയില്‍ ദീര്‍ഘകാലം ജീവിക്കണമെങ്കില്‍ അതിന് പുതിയ പദ്ധതികള്‍ വേണമന്നാണ് പ്രഫസര്‍ മൈക്കിൾ ഡിക്‌സണ്‍ പറയുന്നത്. അതേസമയം, ചൊവ്വയില്‍ കൃഷി സാധ്യമായേക്കുമെന്ന ശുഭപ്രതീക്ഷയുമുണ്ട്. ഇത്തരത്തില്‍ നിരവധി വെല്ലുവിളികളാണ് ചൊവ്വാ ദൗത്യത്തിനൊരുങ്ങുന്ന സാഹസികര്‍ നേരിടുന്നത്. ബഹിരാകാശ സഞ്ചാരികളുടെ ശാരീരിക ആവശ്യങ്ങളെല്ലാം നിറവേറ്റാന്‍ സാധിക്കുന്ന സ്വയംപര്യാപ്തതയുള്ള ബഹിരാകാശ പേടകം ഉണ്ടാക്കിയെടുക്കുന്നതു മുതല്‍ നിരവധി കാര്യങ്ങള്‍ സൂക്ഷ്മമായി ശ്രദ്ധിച്ചാല്‍ മാത്രമാണ് ഇത്തരം ദൗത്യങ്ങള്‍ വിജയിക്കുക.

 

English Summary: Why human colonisers could become cyborgs to survive on Mars

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com