ADVERTISEMENT

ചൊവ്വയിലേക്കു നാസ അയച്ച ക്യൂരിയോസിറ്റി റോവർ കഴിഞ്ഞ ദിവസം ഭൂമിയിലേക്ക് അയച്ച ഹൈ റസല്യൂഷൻ ചിത്രങ്ങൾ ശ്രദ്ധേയമാകുന്നു. മങ്ങിയ ചെമ്പൻ നിറമുള്ള ചൊവ്വയുടെ പശ്ചാത്തലത്തിൽ ഫണം വിരിച്ചാടുന്ന പാമ്പുകൾ എഴുന്നുനിൽക്കുന്നതു പോലെയുള്ള ഘടനകളാണ് ശാസ്ത്രജ്ഞരെ അദ്ഭുതപ്പെടുത്തിക്കൊണ്ട് ചിത്രത്തിലുള്ളത്.

ഭൂമിക്കുവെളിയിലുള്ള ഗ്രഹങ്ങളിലെയും മറ്റു മേഖലകളിലെയും ബുദ്ധിയുള്ള അന്യഗ്രഹജീവികളെ (ഇന്റലിജന്റ് ഏലിയൻ ലൈഫ്) തിരയുന്ന സെർച്ച് ഫോർ എക്സ്ട്രാ ടെറസ്ട്രിയൽ ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് (സേറ്റി) ഈ ചിത്രം ഷെയർ ചെയ്തു.കൂൾ റോക്ക് എന്ന ക്യാപ്ഷനോടുകൂടിയാണ് ഈ ഘടനകളുടെ ചിത്രം സേറ്റി പോസ്റ്റ് ചെയ്തത്. നാസയും തങ്ങളുടെ ട്വിറ്ററിൽ ഈ ചിത്രം ട്വീറ്റ് ചെയ്തിട്ടുണ്ട്.

പഴയകാലത്ത് പാറകളുടെ ഭാഗമായിരുന്ന കട്ടിയേറിയ അവശേഷിപ്പുകളാണ് ഇവയെന്നാണു ശാസ്ത്രജ്ഞർ പറയുന്നത്. ഇതിന്റെ ബാക്കി പാറഭാഗങ്ങൾ ചൊവ്വയുടെ അന്തരീക്ഷവുമായുണ്ടായ പ്രവർത്തനങ്ങൾ മൂലം നശിച്ചുപോയി. അതിനാലാണ് ഇവ ഉപരിതലത്തിൽ നിന്ന് ഉയർന്നു നിൽക്കുന്ന തരത്തിൽ സ്ഥിതി ചെയ്യുന്നത്.

ഇത്തരം ഘടനകൾ ഭൂമിയിലും കാണപ്പെടാറുണ്ട്.ഹൂഡൂസ് എന്നാണ് ഇത്തരം ഘടനകൾ അറിയപ്പെടുന്നത്.ഫെയറി ചിമ്മിനി, എർത്ത് പിരമിഡ്, ടെന്റ് റോക് തുടങ്ങിയ പേരുകളിലും ഇവ അറിയപ്പെടാറുണ്ട്.  ഇവ യുഎസിലെ യൂട്ടായിലുള്ള ബ്രൈസ് കാന്യൻ, കൊളറാഡോ പ്ലാച്യു ജപ്പാനിലെ തോകുഷിമ തുടങ്ങിയിടങ്ങളിലും കാണപ്പെടാറുണ്ട്.

ചൊവ്വയിലെ ഗേൽ ക്രേറ്ററിലുള്ള ഗ്രീൻഹ്യു പെഡിമെന്റിനു സമീപത്തായാണു ക്യൂരിയോസിറ്റി റോവർ ഈ ചിത്രമെടുത്തത്. ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ഇത് അന്യഗ്രഹജീവിസങ്കേതത്തിലേക്കുള്ള കവാടമാണെന്ന മട്ടിലുള്ള പതിവ് ഊഹാപോഹങ്ങളും ദുരൂഹതാ സിദ്ധാന്തങ്ങളും ഉയർന്നു. എന്നാൽ ശാസ്ത്രജ്ഞർ ഈ വാദങ്ങളെ തള്ളി.

ചൊവ്വയിൽ ക്യൂരിയോസിറ്റി റോവറിന്റെ പത്താംവർഷമാണ് ഇപ്പോൾ. 2012ലാണ്  ‘ക്യൂരിയോസിറ്റി’ ചൊവ്വയിലിറങ്ങിയത്. ഗെയ്‌ൽ ഗർത്തത്തിലായിരുന്നു സുരക്ഷിത ലാൻഡിങ്. രണ്ടുവർഷത്തെ ഗവേഷണ കാലയളവായിരുന്നു അന്ന് കൽപിച്ചിരുന്നത്.

56.7 കോടി കിലോമീറ്റർ താണ്ടി ചൊവ്വയുടെ അന്തരീക്ഷത്തിൽ മണിക്കൂറിൽ 20,921 കിലോമീറ്റർ എന്ന വേഗത്തിലാണു റോവർ പ്രവേശിച്ചത്.അത്യന്തം സങ്കീർണമായ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ക്യൂരിയോസിറ്റിയെ സുരക്ഷിതമായി ഇറക്കിയത്. ജീവന്റെ ഘടകങ്ങളായ കാർബൺ, നൈട്രജൻ, ഫോസ്‌ഫറസ്, സൾഫർ, ഓക്‌സിജൻ എന്നീ മൂലകങ്ങളുടെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു ‘മാഴ്‌സ് സയൻസ് ലബോറട്ടറി’ എന്ന് ഔദ്യോഗിക നാമമുള്ള ക്യൂരിയോസിറ്റിയുടെ പ്രഥമലക്ഷ്യം. ഏകദേശം 13,750 കോടി രൂപയാണ് ഇതിനു വേണ്ട വന്ന ചെലവ്.

English Summary: After "Alien Doorway", NASA's Curiosity Rover Finds Bizarre Spikes On Mars

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com