ബഹിരാകാശത്തു നിന്ന് നിഗൂഢ സിഗ്നലുകൾ! സംഭവിക്കുന്നതെന്ത്?

space-signal
SHARE

വിദൂര പ്രപഞ്ചത്തില്‍ നിന്നും വരുന്ന നിഗൂഢ റേഡിയോ സിഗ്നലുകളാണ് ഫാസ്റ്റ് റേഡിയോ ബേസ്റ്റ് (FRB) എന്നറിയപ്പെടുന്നത്. വളരെ കുറഞ്ഞ സമയത്തേക്ക് വളരെ വലിയ അളവില്‍ ഊര്‍ജ്ജം പുറത്തുവിടുന്ന പ്രതിഭാസമാണിത്. നിശ്ചിത ഇടവേളകളില്‍ ആവര്‍ത്തിക്കുന്ന എഫ്ആര്‍ബികളെയാണ് പുതിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. എഫ്ആര്‍ബി 190520 എന്ന് പേരിട്ടിരിക്കുന്ന ഫാസ്റ്റ് റേഡിയോ ബേസ്റ്റിനെക്കുറിച്ചുള്ള പഠനം നേച്ചുര്‍ ജേണലില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. 

ഏതാനും മില്ലി സെക്കൻഡുകള്‍ മാത്രമേ ഫാസ്റ്റ് റേഡിയോ ബേസ്റ്റുകള്‍ നീണ്ടു നില്‍ക്കാറുള്ളൂ. ഒരു മില്ലി സെക്കൻഡ് എന്നത് സെക്കൻഡിന്റെ ആയിരത്തിലൊന്നാണെന്ന് മനസിലാക്കണം. ഈ കുറഞ്ഞ സമയം കൊണ്ട് മൂന്ന് ദിവസം സൂര്യന്‍ പുറത്തു വിടുന്നതിന് സമാനമായ ഊര്‍ജമാണ് ഫാസ്റ്റ് റേഡിയോ ബേസ്റ്റുകള്‍ പുറത്തുവിടുന്നത്. 2007ലാണ് ഈ പ്രതിഭാസം ആദ്യമായി നമ്മള്‍ തിരിച്ചറിയുന്നത്.

2007നു ശേഷം നിരവധി ഫാസ്റ്റ് റേഡിയോ ബേസ്റ്റുകളെ തിരിച്ചറിയാനായിട്ടുണ്ട്. ഓരോ 16.35 ദിവസങ്ങളുടെ ഇടവേളകളിലും കൃത്യമായി ഭൂമിയിലേക്കെത്തുന്ന എഫ്ആര്‍ബി 180916 ആണ് ഇക്കൂട്ടത്തില്‍ ഏറ്റവും പ്രസിദ്ധം. എന്താണ് ഈ പ്രപഞ്ച പ്രതിഭാസത്തിന് കാരണമാണെന്ന് കണ്ടെത്താന്‍ ഇന്നും സാധിച്ചിട്ടില്ല. 2016ല്‍ കണ്ടെത്തിയ എഫ്ആര്‍ബി 121102 എന്ന ഫാസ്റ്റ് റേഡിയോ ബേസ്റ്റിന്റെ ഉറവിടം ഏതാണ്ട് വ്യക്തമായി തിരിച്ചറിയാന്‍ നമുക്ക് സാധിച്ചിട്ടുണ്ട്. 

ഏറ്റവും പുതിയ പഠനത്തില്‍ പറയുന്ന എഫ്ആര്‍ബി 190520യുടെ പ്രത്യേകത ഇതിന്റെ ഉറവിടവും വ്യക്തമായി കണ്ടെത്തനായിട്ടുണ്ടെന്നതാണ്. 2019 നവംബറില്‍ ചൈനയിലെ ഫൈവ് ഹൺഡ്രഡ് മീറ്റർ അപ്പർച്ചർ സ്ഫെറിക്കൽ ടെലസ്കോപ്പ് ( Five Hundred Meter Aperture Spherical Radio Telescope (FAST)ലാണ് ഇത് കണ്ടെത്തിയത്. ഇന്ന് നാഷണല്‍ സയന്‍സ് ഫൗണ്ടേഷന്റെ വിഎൽഎ (VLA) ടെലസ്‌കോപ് അടക്കമുള്ള പല ദൂരദര്‍ശിനികളും ഉപയോഗിച്ച് എഫ്ആർബി 190520നെ നിരീക്ഷിക്കുകയാണ് ശാസ്ത്രലോകം. ഹവായിലെ സുബാറു ദൂരദര്‍ശിനി വഴിയുള്ള നിരീക്ഷണത്തിലൂടെയാണ് മുന്നൂറ് കോടി പ്രകാശ വര്‍ഷം അകലെയുള്ള കുള്ളന്‍ ഗാലക്‌സിയാണ് ഈ എഫ്ആർബിയുടെ ഉറവിടമെന്ന് കണ്ടെത്താനായത്. 

ഈ എഫ്ആര്‍ബികള്‍ തമ്മില്‍ താരതമ്യം ചെയ്ത് പഠിച്ചപ്പോള്‍ മറ്റൊന്നു കൂടി ശാസ്ത്രലോകത്തിന് മുൻപാകെ വെളിപ്പെട്ടു. തീര്‍ത്തും വ്യത്യസ്തമായ സവിശേഷതകളുള്ള എഫ്ആര്‍ബികളുണ്ട്. രണ്ട് തരത്തില്‍ പെട്ട എഫ്ആര്‍ബികളുണ്ടെന്ന സൂചനയല്ലേ ഇത് തരുന്നത്. വിപുലമായ പരീക്ഷണങ്ങള്‍ നടത്തി ഫാസ്റ്റ് റേഡിയോ ബേസ്റ്റുകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനുള്ള ശ്രമത്തിലാണ് ശാസ്ത്രലോകം.

English Summary: Mysterious repeating radio signal detected from space

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS