മനുഷ്യന്റെ ധാരണകള്‍ തകിടംമറിയുന്നു, ചൊവ്വയുടെ പിറവി സംഭവിച്ചത് ഇങ്ങനെ...

curiosity-mars-nasa
SHARE

ചൊവ്വാ ഗ്രഹം എങ്ങനെ പിറവിയെടുത്തു എന്നതു സംബന്ധിച്ച മനുഷ്യന്റെ ധാരണകള്‍ തകിടംമറിയുന്നു. ഭൂമിയില്‍ ഏതാണ്ട് 200 വര്‍ഷം മുൻപ് ഇടിച്ചിറങ്ങിയ ഒരു ഉല്‍ക്കയാണ് ചൊവ്വയുടെ ജനനം സംബന്ധിച്ച പുതിയ വിവരങ്ങള്‍ നല്‍കിയിരിക്കുന്നത്. സോളാര്‍ നെബുല എന്നു വിളിക്കുന്ന പടുകൂറ്റന്‍ വാതക മേഘത്തില്‍ നിന്നാണ് ചൊവ്വ രൂപപ്പെട്ടതെന്ന സിദ്ധാന്തത്തിനെതിരെയാണ് വെല്ലുവിളി ഉയരുന്നത്. കൂറ്റന്‍ ഛിന്നഗ്രഹങ്ങളുമായുള്ള കൂട്ടിയിടികളാണ് ചൊവ്വയുടെ ജനനത്തിന് പിന്നിലെന്നാണ് പുതിയ കണ്ടെത്തല്‍.

1815ല്‍ വടക്കു കിഴക്കന്‍ ഫ്രാന്‍സില്‍ വീണ ചാസിംഗി ഉല്‍ക്കയാണ് പുതിയ കണ്ടെത്തലുകളിലേക്ക് ശാസ്ത്രജ്ഞരെ നയിച്ചത്. ഭൂമിയില്‍ വീണ ചാസിംഗി അടക്കം മൂന്ന് ഉല്‍ക്കകളില്‍ നിന്നാണ് ചൊവ്വാ ഗ്രഹത്തിന്റെ ജനനം സംബന്ധിച്ച വിവരങ്ങള്‍ നമുക്ക് ലഭിച്ചിരുന്നത്. ഷെര്‍ഗോട്ടിയും നാക്‌ലയുമായിരുന്നു മറ്റു രണ്ട് ഉല്‍ക്കകള്‍. ചാസിംഗിയുടെ ഉള്‍ഭാഗത്തെ രാസഘടകങ്ങളെക്കുറിച്ചുള്ള പഠനമാണ് പുതിയ വിവരങ്ങള്‍ നല്‍കിയത്.

ഭൂമിയും ചൊവ്വയും അടക്കമുള്ള പാറകള്‍ നിറഞ്ഞ ഗ്രഹങ്ങളുടെ ഉല്‍പത്തി സംബന്ധിച്ച വിവരങ്ങളാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. താരതമ്യേന വളരെ വേഗത്തില്‍ പിറവിയെടുത്ത ഗ്രഹങ്ങളിലൊന്നാണ് ചൊവ്വ. ഭൂമിക്ക് 50 മുതല്‍ 100 ദശലക്ഷം വര്‍ഷം വരെ ജനനത്തിനായി എടുത്തുവെങ്കില്‍ നാല് ദശലക്ഷം വര്‍ഷങ്ങള്‍ കൊണ്ടാണ് ചൊവ്വ ജനിച്ചത്. അതുകൊണ്ടുതന്നെ ശാസ്ത്രലോകത്തിന്റെ സവിശേഷ ശ്രദ്ധ ചൊവ്വയുടെ ജനനത്തിന് പിന്നിലെ കാരണങ്ങള്‍ക്കുണ്ട്.

നക്ഷത്രത്തിന്റെ ആദ്യ കാലങ്ങളില്‍ ചുറ്റും രൂപപ്പെടുന്ന കൂറ്റന്‍ നെബുല വാതകമേഘമാണ് ഗ്രഹങ്ങളിലെ വാതകങ്ങള്‍ക്ക് പിന്നിലെന്നാണ് കരുതിയിരുന്നത്. ഈ വാതകങ്ങള്‍ ഗ്രഹങ്ങളില്‍ തിളച്ചു മറിയുന്ന മാഗ്മ സമുദ്രത്തില്‍ ലയിക്കുകയും പിന്നീട് കാലങ്ങള്‍ക്കുശേഷം തണുക്കുമ്പോള്‍ പുറത്തേക്ക് വരികയും ചെയ്യുന്നുവെന്നായിരുന്നു ധാരണ. എന്നാല്‍ ഗ്രഹങ്ങളില്‍ വന്നിടിക്കുന്ന ഉല്‍ക്കകളും ഛിന്നഗ്രഹങ്ങളും ഇത്തരം വാതകങ്ങളുടെ നിര്‍മാണത്തിന് കാരണമാകുന്നുവെന്നാണ് കണ്ടെത്തല്‍.

ചാസിംഗി ഉല്‍ക്കയുടെ ഉള്‍ഭാഗത്തെ കുറിച്ച് നടത്തിയ പഠനത്തിലാണ് സെനന്‍ എന്ന വാതകത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ മാറ്റമില്ലാതെ നിലനില്‍ക്കാന്‍ സാധിക്കുന്ന വാതകമാണ് സെനന്‍. ഈ ഉല്‍ക്കയുടെ ഉള്ളിലെ ഐസോട്ടോപ്പ് അനുപാതവും ചൊവ്വയുടെ ഉപരിതലത്തിലേയും നെബുലയിലേയും ഐസോട്ടോപ്പ് അനുപാതവും സമാനമാണ്. ഇതാണ് ചാസിംഗിയുടെ ചൊവ്വാ ബന്ധത്തിന്റെ പ്രധാന തെളിവ്.

കലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകര്‍ ചാസിംഗിയുടെ ഉള്ളിലെ ക്രിപ്റ്റണ്‍ എന്ന വാതകത്തെക്കുറിച്ച് നടത്തിയ പഠനങ്ങളാണ് പുതിയ കണ്ടെത്തലുകള്‍ക്ക് പിന്നില്‍. നെബുലയിലും ഉല്‍ക്കയിലും സമാനമായ ഐസോട്ടോപ് അനുപാതമാണെങ്കിലും ഉല്‍ക്കകളുടെ ഇടിയിലൂടെ ചൊവ്വയുടെ നിര്‍മിതി നടന്നുവെന്നാണ് ഈ പഠനം പറയുന്നത്. സെനോണ്‍ വാതകത്തേക്കാള്‍ കൂടുതല്‍ സങ്കീര്‍ണമാണ് ക്രിപ്‌റ്റോണ്‍ വാതകത്തിന്റെ ഐസോട്ടോപ് ഘടനയെക്കുറിച്ചും സാന്നിധ്യത്തെക്കുറിച്ചുമുള്ള പഠനം.

സ്വന്തം അകക്കാമ്പില്‍ നിന്നും പുറത്തുവന്ന വാതകങ്ങള്‍ മാത്രമല്ല ചൊവ്വയുടെ അന്തരീക്ഷത്തിലെന്ന കണ്ടെത്തലാണ് ചൊവ്വയുടെ പിറവിയെക്കുറിച്ചുള്ള നമ്മുടെ ധാരണകളെ തന്നെ മാറ്റി മറിച്ചത്. സയന്‍സ് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

English Summary: Meteorite that landed on Earth more than 200 years ago upends previous theories of how Mars formed

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS