ADVERTISEMENT

നമ്മുടെ സമുദ്രം വെള്ളത്തിന്റെ മാത്രമല്ല ഊര്‍ജത്തിന്റെ കൂടി മഹാ പ്രവാഹമാണ്. ഓരോ തിരകള്‍ക്കുള്ളിലും അവയെ ചലിപ്പിക്കാനുള്ള ഊര്‍ജം നിറഞ്ഞിരിക്കുന്നുണ്ട്. ഈ അനന്തസാധ്യതയുള്ള ഊര്‍ജസാധ്യതയെ ഉപയോഗിക്കാനൊരുങ്ങുകയാണ് ജപ്പാന്‍. എത്ര വലിയ സമുദ്രജലപ്രവാഹങ്ങളിലും തകരാതെ നിന്നുകൊണ്ട് വൈദ്യുതോര്‍ജമാക്കി മാറ്റാന്‍ ശേഷിയുള്ള ഭീമാകാരമായ ടര്‍ബൈനാണ് ജപ്പാന്‍ സമുദ്രത്തില്‍ സ്ഥാപിക്കുന്നത്. 

 

ഇഷികവാജിമ ഹരിമ ഹെവി ഇന്‍ഡസ്ട്രീസ് ( IHI) കോര്‍പറേഷനാണ് ഈ പദ്ധതിക്ക് പിന്നില്‍. ഒരു ദശാബ്ദത്തോളമായി ന്യൂ എനര്‍ജി ആന്റ് ഇന്‍ഡസ്ട്രിയല്‍ ടെക്‌നോളജി ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷനുമായി (NEDO) ചേര്‍ന്ന് ഐഎച്ച്ഐ പ്രവര്‍ത്തിക്കുന്നുണ്ട്. സംയുക്തമായി രൂപകല്‍പന ചെയ്ത ടര്‍ബൈന്‍ 2017 മുതല്‍ പരീക്ഷണത്തിലാണ്. ജപ്പാന്റെ തെക്കുകിഴക്കേ തീരത്താണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഈ പരീക്ഷണ ടര്‍ബൈന്‍ വിജയകരമായി മൂന്നര വര്‍ഷം പൂര്‍ത്തിയാക്കിയിരുന്നു. 

 

330 ടണ്‍ ഭാരമുള്ള ടര്‍ബൈനാണ് ജപ്പാന്‍ സമുദ്രത്തില്‍ സ്ഥാപിക്കുക. 22 മീറ്റര്‍ നീളമുള്ള മൂന്ന് ടര്‍ബൈനുകളാണ് ഇതിലുണ്ടാവുക. ഇതിനുള്ളിലെ ടര്‍ബൈന്‍ ബ്ലേഡിന് 11 മീറ്റര്‍ നീളമുണ്ടാവും. ഇത് സമുദ്രത്തിന്റെ അടിഭാഗത്ത് നങ്കൂരമിട്ട നിലയിലാണ് സ്ഥാപിക്കുക. എങ്കിലും ഏറ്റവും അനുയോജ്യമായ സ്ഥാനത്തേക്ക് ഈ ടര്‍ബൈനുകള്‍ സ്വയം സജ്ജീകരിക്കാനുള്ള സാവകാശം നല്‍കും. സമുദ്രജല പ്രവാഹങ്ങളില്‍ നിന്നുള്ള ഊര്‍ജം വൈദ്യുതിയായി പുറത്തെത്തിക്കുകയും ചെയ്യും.

 

2011ലെ ഫുക്കുഷിമ ആണവദുരന്തത്തിനു പിന്നാലെയാണ് സമാന്തര ഊര്‍ജ സാധ്യതകളെക്കുറിച്ച് ജപ്പാന്‍ അന്വേഷണം കാര്യമാക്കിയത്. പുനരുപയോഗിക്കാവുന്ന പ്രകൃതിയില്‍ നിന്നുള്ള ഊര്‍ജത്തെക്കുറിച്ചുള്ള അന്വേഷണം തിരകളിലും സമുദ്രത്തിലും ചെന്നെത്തുകയും ചെയ്തു. രണ്ട് മീറ്റര്‍ വരെ ഉയരത്തില്‍ പോകുന്ന തിരകളില്‍ നിന്നും 100 കിലോവാട്ട് ഊര്‍ജം ശേഖരിക്കാനേ കെയ്‌റു എന്ന് പേരിട്ട ഈ സംവിധാനത്തിന് സാധിക്കൂ. തീരത്തെ കാറ്റാടികളില്‍ നിന്നും ലഭിക്കുന്ന ശരാശരി 3.6 മെഗാവാട്ട്‌സ് ഊര്‍ജവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് വളരെ കുറവാണ്. എന്നാല്‍ സമീപഭാവിയില്‍ തന്നെ രണ്ട് മെഗാവാട്ട് ഊര്‍ജ്ജം ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ടര്‍ബൈന്‍ സ്ഥാപിക്കാനുള്ള ശ്രമങ്ങളും പാതിവഴിയിലാണ്.

 

ഒരു ദശാബ്ദത്തിനുള്ളില്‍ തന്നെ കെയ്‌റുവിന് സമാനമായ നിരവധി ടര്‍ബൈനുകള്‍ സ്ഥാപിക്കാന്‍ ജപ്പാന് പദ്ധതിയുണ്ട്. ഉയര്‍ന്ന എൻജിനീയറിങ് ചെലവും പാരിസ്ഥിതികമായ പരിമിതികളും തുടങ്ങി പല വെല്ലുവിളികളും സാധാരണ സമുദ്രത്തില്‍ നിന്നുള്ള വൈദ്യുതോല്‍പാദനത്തിന് വെല്ലുവിളികളാവാറുണ്ട്. ഈ വെല്ലുവിളികള്‍ മറികടക്കാനായാല്‍ ജപ്പാന് ആവശ്യമായ ഊര്‍ജത്തിന്റെ 40 മുതല്‍ 70 ശതമാനം വരെ വൈദ്യുതി സംഭാവന ചെയ്യാന്‍ ഇത്തരം ടര്‍ബൈനുകള്‍ക്കാവും.

 

English Summary: Japan Is Dropping a Gargantuan Turbine Into The Ocean to Harness 'Limitless' Energy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com