ചൊവ്വയിലെ ഈ വിചിത്ര ദൃശ്യങ്ങൾക്ക് പിന്നിലെ രഹസ്യമെന്ത്?

mars-ground
Photo: NASA/JPL-Caltech/UArizona
SHARE

ചൊവ്വയിലെ തേനീച്ചക്കൂടിന്റെ രഹസ്യം പുറത്തുവിട്ട് ഗവേഷകര്‍. പുറത്തു നിന്നു നോക്കിയാല്‍ തേനിച്ചക്കൂടിന്റെ ബഹുഭുജാകൃതിയില്‍ കാണപ്പെടുന്ന പ്രദേശത്തിന്റെ വിശദീകരണമാണ് പുറത്തുവന്നിരിക്കുന്നത്. മഞ്ഞും കാര്‍ബണ്‍ ഡൈഓക്‌സൈഡും ചൊവ്വയിലെ കാലാവസ്ഥയും ചേര്‍ന്നതാണ് ഇങ്ങനെയൊരു അപൂര്‍വ‌ നിര്‍മിതിക്ക് പിന്നില്‍. 

ചൊവ്വയുടെ കാലാവസ്ഥയും പ്രതലവും പഠിക്കാനായി നാസ വിക്ഷേപിച്ച മാഴ്‌സ് റിക്കനൈസന്‍സ് ഓര്‍ബിറ്റര്‍ നല്‍കിയ ചിത്രങ്ങളാണ് പഠനവിധേയമാക്കിയത്. മാഴ്‌സ് റിക്കനൈസന്‍സ് ഓര്‍ബിറ്ററിലെ ഹിറൈസ് ( HiRISE) ക്യാമറയാണ് ചിത്രങ്ങളെടുത്തത്. വെള്ളവും കാര്‍ബണ്‍ ഡൈ ഓക്‌സൈഡും ചേര്‍ന്ന് രൂപപ്പെട്ട ഡ്രൈ ഐസാണ് ചൊവ്വയില്‍ തേനീച്ചക്കൂട് രൂപങ്ങള്‍ സൃഷ്ടിച്ചതെന്നാണ് കണ്ടെത്തല്‍. പ്രധാനമായും ചൊവ്വയിലെ ഉയര്‍ന്ന പ്രതലത്തിലാണ് ഇത്തരം ബഹുഭുജ രൂപങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. 

ചൂട് കൂടുന്നതോടെ ചൊവ്വയുടെ ഉപരിതലത്തിനോട് ചേര്‍ന്നുള്ള ഡ്രൈ ഐസ് ബാഷ്പീകരിച്ചു പോകും. ഇതോടെ മണ്ണൊലിപ്പ് കൂടുകയും അതിരുകളില്‍ കൂടുതലായി മണ്ണടിഞ്ഞുകൂടുകയും ചെയ്യുന്നു. കോടിക്കണക്കിന് വര്‍ഷങ്ങളെടുത്താണ് ഈ പ്രക്രിയ പൂര്‍ത്തിയാവുന്നത്. ചൊവ്വയില്‍ വീശിയടിക്കുന്ന കാറ്റും ഇതിന് കാരണമാകുന്ന ഘടകങ്ങളിലൊന്നാണ്. 

വലിയ ബഹുഭുജ നിര്‍മിതികള്‍ക്കുള്ളില്‍ ചെറിയ ചെറിയ രൂപങ്ങളും നിര്‍മിക്കപ്പെടും. ചെറു ബഹുഭുജ രൂപങ്ങള്‍ പത്ത് മുതല്‍ 15 മീറ്റര്‍ വരെ വലുപ്പമുള്ളവയാണ്. ഇവയെ നിര്‍മിക്കുന്ന കിടങ്ങുകള്‍ക്ക് ഏതാണ്ട് അഞ്ച് മീറ്റര്‍ മുതല്‍ 10 മീറ്റര്‍ വരെയും വീതിയുണ്ട്. വലിയ ബഹുഭുജരൂപങ്ങള്‍ക്ക് 160 മീറ്റര്‍ വിസ്തൃതിയുണ്ട്. 

ചൊവ്വയില്‍ മാത്രമല്ല ഇത്തരം ബഹുഭുജ രൂപങ്ങള്‍ നമ്മുടെ ഭൂമിയിലും കാണപ്പെടാറുണ്ട്. ആര്‍ട്ടിക് അന്റാര്‍ട്ടിക് മേഖലയിലാണ് ബഹുഭുജ രൂപങ്ങളുള്ളത്. പ്ലൂട്ടോയിലും ബഹുഭുജ രൂപങ്ങള്‍ കണ്ടിട്ടുണ്ട്. 2015ല്‍ ന്യൂ ഹൊറൈസണ്‍ ബഹിരാകാശ പേടകമാണ് പ്ലൂട്ടോയിലെ ബഹുഭുജരൂപങ്ങളെ ചിത്രീകരിച്ചത്. ഏതാണ്ട് 10 കോടി വര്‍ഷങ്ങള്‍കൊണ്ടാണ് പ്ലൂട്ടോയിലെ ഈ തേനീച്ചക്കൂട് രൂപങ്ങള്‍ നിര്‍മിക്കപ്പെട്ടത്.

പ്ലൂട്ടോയിലെ വടക്കന്‍ പ്രദേശത്ത് കാണപ്പെടുന്ന മഞ്ഞുമലകളിലാണ് ഈ രൂപങ്ങളുള്ളത്. സ്ഫുട്‌നിക് പ്രദേശമെന്നാണ് ഇത് അറിയപ്പെടുന്നത്. ആദ്യത്തെ കൃത്രിമോപഗ്രഹമായ സ്ഫുട്‌നിക്കിനുള്ള ബഹുമാനാര്‍ഥമാണിത്. ഏതാണ്ട് 77,000 കിലോമീറ്റര്‍ അകലത്തില്‍ നിന്നാണ് ലോങ് റേഞ്ച് റിക്കനൈസന്‍സ് ഇമേജര്‍ വഴി പ്ലൂട്ടോയിലെ ചിത്രങ്ങളെടുത്തത്.

English Summary: Strange Honeycomb Pattern on Mars Appears to Be Formed by Water Ice And CO2

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Shalabhamay | ശലഭമായ് | Romantic Song | Music Video | KK Nishad | Sangeeta Srikant

MORE VIDEOS