ADVERTISEMENT

രാജ്യാന്തര തലത്തിൽ അതിവേഗ സാറ്റലൈറ്റ് ഇന്റർനെറ്റ് ലഭ്യമാക്കാനുള്ള പദ്ധതികളുമായി മുന്നോട്ടു പോകുകയാണ് സ്പേസ്എക്സ് മേധാവി ഇലോൺ മസ്ക്. സാറ്റലൈറ്റ് ഇന്റർനെറ്റ് വിതരണ അനുമതിക്കായി വിവിധ രാജ്യങ്ങളുമായി മസ്ക് സംസാരിക്കുന്നുണ്ട്. ഇതോടൊപ്പം തന്നെ വലിയ വാഹനങ്ങളിലും കപ്പലുകളിലും സാറ്റലൈറ്റ് ഇന്റർനെറ്റ് ലഭ്യമാക്കാനുള്ള ഇലോൺ മസ്‌ക്കിന്റെ പദ്ധതിയ്ക്ക് യുഎസ് ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ (എഫ്സിസി)ന്റെ അനുമതിയും ലഭിച്ചു.

ഇതോടെ സ്‌പേസ് എക്‌സിന്റെ സ്റ്റാർലിങ്ക് സാറ്റലൈറ്റ് ഇന്റർനെറ്റ് സിസ്റ്റം കാറുകൾ, ട്രക്കുകൾ, കപ്പലുകൾ, വിമാനങ്ങൾ തുടങ്ങിയ ചലിക്കുന്ന വാഹനങ്ങളിൽ ഉപയോഗിക്കാൻ സാധിക്കും. സ്‌പേസ് എക്‌സിനൊപ്പം കെപ്ലർ കമ്മ്യൂണിക്കേഷനും എഫ്‌സിസി അംഗീകാരം നൽകിയിട്ടുണ്ട്. യാത്രയിലായിരിക്കുമ്പോൾ ബ്രോഡ്‌ബാൻഡ്-ബീമിങ് ഉപഗ്രഹങ്ങളുമായി ബന്ധിപ്പിക്കാൻ കഴിയുന്ന ഒരു പുതിയ ക്ലാസ് ഉപയോക്തൃ ടെർമിനലുകൾക്ക് ഇത് വഴിയൊരുക്കുമെന്നാണ് ദി വെർജ് റിപ്പോർട്ട് ചെയ്യുന്നത്.

ചലിക്കുന്ന വാഹനങ്ങളിൽ എർത്ത് സ്റ്റേഷൻസ് ഇൻ മോഷൻ (ഇഎസ്ഐഎം) സ്റ്റാർലിങ്ക് ടെർമിനലുകൾ ഉപയോഗിക്കാൻ അനുവദിക്കുന്നതിന് സ്‌പേസ് എക്‌സും മറ്റ് ചില കമ്പനികളും കഴിഞ്ഞ വർഷം തന്നെ എഫ്‌സിസിയിൽ അപേക്ഷ നൽകിയിരുന്നു. എഫ്‌സിസി സ്‌പേസ് എക്‌സിനും കെപ്ലറിനും അംഗീകാരം നൽകിയപ്പോൾ തന്നെ കമ്പനികളെ 12GHz ബാൻഡ് ഫ്രീക്വൻസി ഉപയോഗിക്കുന്നതിൽ നിന്ന് തടയണമെന്ന് ആവശ്യപ്പെട്ട് ഡിഷ് നെറ്റ്‌വർക്ക് നൽകിയ പരാതി തള്ളുകയും ചെയ്തു.

സ്റ്റാർലിങ്ക് സാറ്റലൈറ്റ് ഇന്റർനെറ്റ് ശൃംഖല ഗ്രാമപ്രദേശങ്ങളിൽ നിന്ന് മറ്റു മേഖലകളിലേക്ക് വ്യാപിപ്പിക്കാനുള്ള കമ്പനിയുടെ പദ്ധതികൾ വ്യക്തമാക്കുന്നതാണ് ഇത്. ചെറിയ ഡിഷ് ആന്റിന വഴിയായിരിക്കും വാഹനങ്ങളിലും ഇന്റർനെറ്റ് ലഭ്യമാക്കുക. എന്നാൽ, ടെർമിനൽ വളരെ വലുതായതിനാൽ സ്റ്റാർലിങ്കിന്റെ സാറ്റലൈറ്റ് ഇന്റർനെറ്റ് ടെസ്‌ല കാറുകളുമായി ബന്ധിപ്പിക്കില്ലെന്ന് ഇലോൺ മസ്‌ക് വെളിപ്പെടുത്തിയിരുന്നു. ഇതിനാൽ, ഈ നെറ്റ്‌വർക്ക് സംവിധാനം വിമാനം, കപ്പലുകൾ, വലിയ ട്രക്കുകൾ, ആർ‌വി (വിനോദയാത്ര വാഹനം) എന്നിവയ്‌ക്ക് മാത്രമായിരിക്കും തുടക്കത്തിൽ നൽകുക. കമ്പനി ഇതുവരെ 2,400 ലധികം ഉപഗ്രഹങ്ങൾ വിക്ഷേപിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളിലായി ഇപ്പോൾ ഏകദേശം 400,000 സ്റ്റാർലിങ്ക് ഉപയോക്താക്കളുണ്ടെന്ന് സ്പേസ്എക്സ് വാദിക്കുന്നത്.

 

English Summary: FCC approves SpaceX's Starlink internet for use on cars, boats and aircraft

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com