ക്ഷീരപഥത്തിലെ ഏറ്റവും വലിയ നക്ഷത്രത്തിന്റെ അന്ത്യവും കാത്തിരിപ്പാണ് ഒരു കൂട്ടം ജ്യോതിശാസ്ത്രജ്ഞര്‍. അരിസോണ സര്‍വകലാശാലയിലെ ജ്യോതിശാസ്ത്രജ്ഞരാണ് വിവൈ കാനിസ് മെജോറിസ് എന്ന ചുവപ്പു ഭീമന്‍ നക്ഷത്രത്തിന്റെ ഭാവി പ്രവചിച്ചിരിക്കുന്നത്. നേരത്തെ സൂപ്പര്‍നോവയായി പൊട്ടിത്തെറിക്കുമെന്ന് കരുതിയിരുന്ന ഈ നക്ഷത്രത്തിന്റെ മരണം മറ്റൊരു വിധമാണെന്നാണ് ഇപ്പോള്‍ ശാസ്ത്രജ്ഞര്‍ കണക്കുകൂട്ടുന്നത്.
10 മുതല്‍ 15 വരെ അസ്‌ട്രോണമിക്കല്‍ യൂണിറ്റ് വലുപ്പമുണ്ട് വിവൈ കാനിസ് മെജോരിസ് എന്ന നക്ഷത്രത്തിനെന്നാണ് കരുതപ്പെടുന്നതെന്നാണ് സയന്‍സ് അലര്‍ട്ട് റിപ്പോര്‍ട്ടു ചെയ്യുന്നത്. ഭൂമിയില്‍ നിന്നും സൂര്യനിലേക്കുള്ള ദൂരമാണ് ഒരു അസ്‌ട്രോണമിക്കല്‍ യൂണിറ്റ് എന്നുകൂടി അറിയുമ്പോഴാണ് ഈ വലുപ്പത്തിന്റെ ഭീകരത കൂടുതല്‍ തെളിയുക. ഭൂമിയില്‍ നിന്നും ഏകദേശം 3009 പ്രകാശ വര്‍ഷം അകലെയാണ് ഈ പടുകൂറ്റന്‍ നക്ഷത്രമുള്ളത്. കാനിസ് മേജര്‍ നക്ഷത്ര സമൂഹത്തിലാണ് ഈ വിവൈ കാനിസ് മജോരിസിന്റെ സ്ഥാനം.
പടുകൂറ്റന്‍ വലുപ്പവും ഭൂമിയില്‍ നിന്നും നിരീക്ഷിക്കാനുള്ള സൗകര്യവുമാണ് വിവൈ കാനിസ് മെജോരിസിനെ ജ്യോതിശാസ്ത്രജ്ഞരുടെ പ്രിയ നക്ഷത്രമാക്കുന്നത്. മികച്ച രീതിയില്‍ ഈ നക്ഷത്രവുമായി ബന്ധപ്പെട്ട വിവരശേഖരണം നടത്താനും ജ്യോതി ശാസ്ത്രജ്ഞര്‍ക്കായിട്ടുണ്ട്. അതുകൊണ്ടാണ് നക്ഷത്രത്തിന്റെ സങ്കീര്‍ണമായ ത്രിമാന രൂപം നിര്‍മിക്കാനും ഭാവിയും പ്രവചിക്കാനും നമുക്ക് സാധിക്കുന്നത്.
ഈ പടുകൂറ്റന്‍ നക്ഷത്രം മറ്റു പല നക്ഷത്രങ്ങളും അവസാനിക്കുന്നതുപോലെ സൂപ്പര്‍നോവയായി വന്‍ സ്‌ഫോടനത്തോടെ എരിഞ്ഞടങ്ങുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ കൂടുതല്‍ പഠനങ്ങള്‍ നടത്തിയതോടെയാണ് കാനിസ് മജോരിസ് അവസാനത്തില്‍ തമോഗര്‍ത്തമായി മാറുമെന്ന കണക്കുകൂട്ടലിലേക്ക് ശാസ്ത്രലോകം എത്തിയിരിക്കുന്നത്. ഇത് ഒരു തമോഗര്‍ത്തം രൂപപ്പെടുന്നതിന്റെ ഘട്ടങ്ങളെക്കുറിച്ച് വിശദമായി പഠിക്കാനുള്ള സുവര്‍ണാവസരവും ജ്യോതിശാസ്ത്രജ്ഞര്‍ക്ക് നല്‍കുന്നുണ്ട്.
ഭാരം നഷ്ടപ്പെടുന്നതാണ് ഒരു നക്ഷത്രം അന്ത്യത്തോട് അടുക്കുന്നുവെന്നതിന്റെ പ്രധാന തെളിവ്. നക്ഷത്രത്തിന്റെ പ്രഭാമണ്ഡലം വിട്ട് വാതകങ്ങളും പൊടിപടലങ്ങളും പുറത്തേക്ക് പോവുന്നതോടെയാണ് ഇത് സംഭവിക്കുന്നത്. ഭൂമിയുടേതിന് സമാനമായ വളവുകളാണ് ഈ നക്ഷത്രത്തിനുമുള്ളത്. എന്നാല്‍ ഭൂമിയേക്കാള്‍ നൂറുകോടി ഇരട്ടി വലുപ്പമുണ്ടെന്നതാണ് കാനിസ് മെജോരിസിനെ വ്യത്യസ്തമാക്കുന്നത്. തങ്ങളുടെ പഠനഫലം അമേരിക്കന്‍ അസ്‌ട്രോണമിക്കല്‍ സൊസൈറ്റി മുൻപാകെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് അരിസോണ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍.
English Summary: The Largest Star in The Milky Way Is Slowly Dying, And Astronomers Are Watching