ADVERTISEMENT

മാസങ്ങളോളം ബഹിരാകാശത്ത് കഴിയുന്ന സഞ്ചാരികളുടെ അസ്ഥി സാന്ദ്രത കുറയുന്നതായി പഠനം. സഞ്ചാരികള്‍ ഭൂമിയില്‍ തിരിച്ചെത്തി ഒരു വര്‍ഷം കഴിഞ്ഞിട്ടും അസ്ഥി സാന്ദ്രതയിലെ കുറവ് പരിഹരിക്കുന്നില്ലെന്നും ഗവേഷകര്‍ കണ്ടെത്തി. ഭാവിയിലെ ചൊവ്വാ ദൗത്യം പോലുള്ള ദൈര്‍ഘ്യമേറിയ യാത്രകളില്‍ ഇത് വെല്ലുവിളിയാവുമെന്ന ആശങ്കയിലാണ് ഇപ്പോള്‍ ശാസ്ത്ര സമൂഹം. 

 

സഞ്ചാരികള്‍ ബഹിരാകാശത്ത് കഴിയുന്ന ഓരോ മാസക്കാലത്തും ഒന്ന് മുതല്‍ രണ്ട് ശതമാനം അസ്ഥിസാന്ദ്രതയില്‍ കുറവുണ്ടാകുമെന്ന് നേരത്തേതന്നെ പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു. ബഹിരാകാശത്ത് കഴിയുന്ന അവസരത്തില്‍ ഗുരുത്വത്തിന്റെ അഭാവം മൂലം നടക്കുമ്പോഴും നില്‍ക്കുമ്പോഴും കാലുകളില്‍ സമ്മര്‍ദം അനുഭവിക്കുന്നില്ല. ഇതാണ് അസ്ഥി സാന്ദ്രതയില്‍ കുറവുണ്ടാക്കുന്നത്. 

 

രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ കഴിഞ്ഞ 17 ബഹിരാകാശ സഞ്ചാരികളിലാണ് പഠനം നടത്തിയത്. ഇവര്‍ ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെടുന്നതിന് മുൻപും നിലയത്തിലുള്ളപ്പോഴും തിരിച്ചെത്തിയശേഷവും അസ്ഥി സാന്ദ്രത പരിശോധിക്കുകയാണ് ഗവേഷകര്‍ ചെയ്തത്. 

 

ഭൂമിയിലാണെങ്കില്‍ ദശാബ്ദങ്ങളെടുത്ത് നഷ്ടമാവുന്ന അസ്ഥി സാന്ദ്രതയാണ് ബഹിരാകാശത്ത് കഴിയുന്നതോടെ സഞ്ചാരികള്‍ക്ക് നഷ്ടമാവുന്നത്. കാല്‍ മുട്ടിന് താഴെയുള്ള വലിയ അസ്ഥിയായ ഷിന്‍ബോണിന്റെ അസ്ഥി സാന്ദ്രതയിലുണ്ടായ കുറവ് ഭൂമിയിലേക്ക് തിരിച്ചെത്തി ഒരു വര്‍ഷമായിട്ടും സഞ്ചാരികള്‍ക്ക് നികത്തപ്പെട്ടില്ലെന്നും പഠനത്തില്‍ കണ്ടെത്തി. കാനഡയിലെ കാല്‍ഗറി സര്‍വകലാശാലയിലെ സ്റ്റീവന്‍ ബോയ്ഡാണ് പഠനത്തിന് നേതൃത്വം നല്‍കിയത്.

 

ഏഴ് മാസത്തോളം രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ കഴിഞ്ഞ ബഹിരാകാശ സഞ്ചാരികളാണ് ഏറ്റവും കൂടുതല്‍ സമയമെടുത്ത് പൂര്‍വസ്ഥിതിയിലെത്തിയത്. കൂടുതല്‍ സമയം ബഹിരാകാശത്ത് കഴിയേണ്ടിവന്നവര്‍ക്ക് പഴയ നിലയിലെത്താന്‍ കൂടുതല്‍ സമയം വേണ്ടിവന്നു. ചൊവ്വാ ദൗത്യം പോലുള്ള ദൈര്‍ഘ്യമേറിയ ബഹിരാകാശ ദൗത്യങ്ങളില്‍ സഞ്ചാരികള്‍ക്ക് ഇത്തരത്തിലുള്ള കൂടുതല്‍ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നേക്കുമെന്ന ആശങ്കയും ബോയിഡ് വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിയോട് പ്രതികരിച്ചു. 

 

ചൊവ്വയിലേക്കുള്ള മനുഷ്യ ദൗത്യങ്ങളില്‍ വര്‍ഷങ്ങളോളം പലപ്പോഴും സഞ്ചാരികള്‍ക്ക് ബഹിരാകാശത്ത് കഴിയേണ്ടി വന്നേക്കാം. കൂടുതല്‍ സമയം കഴിയുമ്പോള്‍ ബഹിരാകാശ സഞ്ചാരികള്‍ക്ക് കൂടുതല്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുമോ? നമുക്ക് ഇപ്പോള്‍ ഉറപ്പിച്ച് പറയാനാവില്ല. കുറച്ച് സമയം കഴിയുമ്പോള്‍ ചിലപ്പോള്‍ ഇത് ക്രമപ്പെടാനും സാധ്യതയുണ്ട്. ചിലപ്പോള്‍ അസ്ഥി സാന്ദ്രത കുറയുന്നത് തുടര്‍ന്നേക്കാം. എന്നാല്‍ അല്‍പം പോലും ബാക്കിയില്ലാത്ത വിധം ഇത് നഷ്ടപ്പെടുമോ? ചിന്തിക്കാന്‍ പോലുമാവുന്നില്ല അത്തരമൊരു സാഹചര്യമെന്നും സ്റ്റീവന്‍ ബോയ്ഡ് പറയുന്നു. 

 

ചില വ്യായാമങ്ങള്‍ ചെയ്ത് ഈ പ്രശ്‌നങ്ങള്‍ കുറക്കാനാകും. 205 ദിവസത്തോളം തുടര്‍ച്ചയായി ബഹിരാകാശത്ത് കഴിഞ്ഞ കനേഡിയന്‍ ബഹിരാകാശ സഞ്ചാരിയാണ് റോബര്‍ട്ട് ട്രിസ്‌ക്. ഏറ്റവും കൂടുതല്‍ സമയമെടുത്ത് പഴയ നിലയിലായത് തന്റെ പേശികളും അസ്ഥികളുമാണെന്നും റോബര്‍ട്ട് സാക്ഷ്യപ്പെടുത്തുന്നു. ശാസ്ത്രലോകത്തിന് പരിചയം പോലുമില്ലാത്ത വെല്ലുവിളികളെ ഭാവിയിലെ ബഹിരാകാശ യാത്രികര്‍ക്ക് നേരിടേണ്ടി വന്നേക്കാം. ഇതിന്റെ തെളിവുകളാണ് അസ്ഥിസാന്ദ്രതയെക്കുറിച്ചുള്ള പഠനം തെളിയിക്കുന്നത്.

 

English Summary: Astronauts Struggle to Regain Decades' Worth of Bone Density After Space Travel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com