ADVERTISEMENT

ലോകത്തിലെ ഏറ്റവും ശക്തമായ ബഹിരാകാശ ദൂരദർശിനി പകർത്തിയ ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം നാസ പുറത്തുവിട്ടത്. ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ (930,000 മൈൽ) വിദൂരത്തിരുന്നാണ് ജെയിംസ് വെബ് പ്രവചഞ്ചത്തെ നിരീക്ഷിച്ച് അദ്ഭുത ലോകത്തെ ദൃശ്യങ്ങൾ പകർത്തുന്നത്. ജയിംസ് വെബ് ബഹിരാകാശ ദൂരദർശിനി ഏകദേശം മൂന്ന് പതിറ്റാണ്ടുകളും സമയമെടുത്താണ് നിർമിച്ചത്. ഇതിനായി ശതകോടിക്കണക്കിന് ഡോളറുകളും ഉപയോഗിച്ചു.

പ്രപഞ്ചസൃഷ്ടിയുടെ മഹാരഹസ്യങ്ങളിലേക്കുതന്നെ വെളിച്ചം വീശുന്ന 460 കോടി വർഷം മുൻപുള്ള നക്ഷത്രസമൂഹങ്ങളുടെ ദൃശ്യങ്ങൾ വരെ ഇവയിലുണ്ട്. എസ്എംഎസിഎസ് 0723 എന്നു പേരുള്ള ആദ്യചിത്രം ഇന്നലെ പുലർച്ചെ രണ്ടര കഴിഞ്ഞ് യുഎസ് പ്രസിഡന്റ് ജോ ബൈഡനാണു പുറത്തുവിട്ടത്. പിന്നീട് രാത്രി ഒൻപതോടെ ബാക്കി ചിത്രങ്ങൾ കൂടി നാസ പുറത്തിറക്കി. ശാസ്ത്ര സാങ്കേതികവിദ്യയുടെ നിർണായക നിമിഷമെന്നാണു ബൈഡൻ ഇതിനെ വിശേഷിപ്പിച്ചത്.

 

ജയിംസ് വെബ്ബിനു മുൻപു ബഹിരാകാശത്തുണ്ടായിരുന്ന ഹബിൾ ടെലിസ്കോപ് നൽകിയതിനേക്കാൾ വ്യക്തവും മിഴിവേറിയതുമാണു ചിത്രങ്ങൾ. 3 പതിറ്റാണ്ടു നീണ്ട ഗവേഷണത്തിനൊടുവിൽ നിർമിച്ച, ഇൻഫ്രാറെഡ് സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ജയിംസ് വെബ് കഴിഞ്ഞ ഡിസംബറിലാണ് നാസ ബഹിരാകാശത്തേക്ക് അയച്ചത്.

 

∙ എല്ലാം അത്യാധുനിക ടെക്നോളജി

 

ജയിംസ് വെബ് സ്പേസ് ടെലസ്കോപ്പ് നാസയുടെ പുതുതലമുറ ടെക്നോളജിയാണ്. കെപ്‌‌ലർ പോലെ ബഹിരാകാശത്ത് വൻ ഗവേഷണങ്ങളും കണ്ടെത്തലുകളും നടത്താൻ സഹായിക്കുന്നതാണ് ജയിംസ് വെബ് സ്പേസ് ടെലസ്കോപ്പ്. ഈ ടെലസ്കോപ്പ് കൂടി പ്രവർത്തനം തുടങ്ങുന്നതോടെ വൻ കണ്ടെത്തലുകൾ നടത്താനാകുമെന്നാണ് നാസ ഗവേഷകർ പ്രതീക്ഷിക്കുന്നത്.

 

jameswebb

∙ സ്വർണ കണ്ണാടി, ചെലവ് 1000 കോടി ഡോളർ

 

സ്വർണ കണ്ണാടിയിൽ നിർമിച്ചിട്ടുള്ള ഈ ടെലസ്കോപ്പിന്റെ ചെലവ് 1000 കോടി ഡോളറാണ്. പ്രപഞ്ചത്തിലെ പ്രകാശം ശേഖരിച്ച് മഹാവിസ്പോടനം, നക്ഷത്രങ്ങളുടെ ഉദ്ഭവം, ആദ്യ ക്ഷീരപഥം എങ്ങനെ ഉണ്ടായി തുടങ്ങി വസ്തുതകൾ ഈ ടെലസ്കോപ്പ് പഠനവിധേയമാക്കുന്നുണ്ട്. ക്ഷീരപഥങ്ങളിലെ തമോഗര്‍ത്തം, നക്ഷത്രങ്ങൾ, ഗ്രഹങ്ങൾ, ജീവന്റെ ഉദ്ഭവം എന്നിവ കണ്ടെത്താനും ഈ ടെലസ്കോപ്പ് സഹായിക്കുന്നുണ്ട്.

 

creative: Manorama
creative: Manorama

∙ നിർമാണം പൂർത്തിയായത് 2017 ൽ

 

2017ലാണ് ഇതിന്റെ പ്രധാന കണ്ണാടിയുടെ നിർമാണം പൂർത്തിയായത്. ഹബിൾ ബഹിരാകാശ ദൂരദർശിനി, സ്പിറ്റ്സർ ബഹിരാകാശ ദൂരദർശിനി എന്നിവയേക്കാൾ ഏറ്റവും മികച്ചതാണ് ജയിംസ് വെബ് സ്പേസ് ടെലസ്കോപ്പ്. ഇതിന്റെ പ്രധാന കണ്ണാടിയുടെ വ്യാസം 6.5 മീറ്ററാണ്.

ജയിംസ് വെബ് ടെലിസ്കോപ്
ജയിംസ് വെബ് ടെലിസ്കോപ്

 

∙ ആദ്യ ചർച്ച നടന്നത് 1996 ൽ

ജയിംസ് വെബ്
ജയിംസ് വെബ്

 

1996 ലാണ് ഗവേഷകർ ഇത്തരമൊരു സംരംഭത്തെ കുറിച്ചുള്ള ആദ്യ ചർച്ചകൾ തുടങ്ങുന്നത്. 17 രാജ്യങ്ങളുടെ സംയുക്ത സംരംഭമാണിതെന്നതും ശ്രദ്ധേയമാണ്. നാസ, യൂറോപ്യൻ സ്പേസ് ഏജൻസി, കനേഡിയൻ സ്പേസ് ഏജൻസി എന്നിവയും ഇതിന്റെ ഭാഗമാണ്. നാസയുടെ രണ്ടാമത്തെ അഡ്മിനിസ്ട്രേറ്ററായിരുന്ന ജയിംസ് ഇ. വെബിന്റെ പേരാണ് ഈ ടെലസ്കോപ്പിനു നൽകിയത്. നെക്സ്റ്റ് ജനറേഷൻ ബഹിരാകാശ ദൂരദർശിനി എന്നായിരുന്നു ആദ്യം പദ്ധതിക്ക് പേരിട്ടിരുന്നത്.

Grab Image from video shared on Twitter by James Withers
Grab Image from video shared on Twitter by James Withers

 

∙ ഹബിളിനേക്കാൾ അഞ്ചിരട്ടി ശേഷി

 

ഹബിൾ സ്പേസ് ടെലസ്കോപ്പിനെ അപേക്ഷിച്ച് അഞ്ച് മടങ്ങ് വിവരങ്ങൾ ശേഖരിക്കാൻ ശേഷിയുള്ളതാണ് ജയിംസ് വെബ് സ്പേസ് ടെലസ്കോപ്പിന്റെ സ്വർണത്തിൽ നിർമിച്ച കണ്ണാടി. ഇത് ദൃശ്യപ്രകാശത്തിലും ഇൻഫ്രാറെഡിലും ഒരു പോലെ പ്രവർത്തിക്കുമെന്നത് വലിയ നേട്ടമാണ്. ഇൻഫ്രാറെഡിനെ നേരിടാൻ ശേഷിയുള്ളതിനാൽ പ്രപഞ്ചപദാർഥങ്ങളുടെ ചുവപ്പുനീക്കത്തെ കുറിച്ചു പഠിക്കാൻ സഹായിക്കും.

 

∙ ആരാണ് ജയിംസ് വെബ്?

 

അറുപതുകളിൽ നാസ അഡ്മിനിസ്ട്രേറ്ററായിരുന്ന ജയിംസ് ഇ.വെബ്ബിന്റെ പേരാണു ടെലിസ്കോപ്പിനു നൽകിയിരിക്കുന്നത്. 1949 മുതൽ 1952 വരെ യുഎസ് സ്റ്റേറ്റ് അണ്ടർ സെക്രട്ടറിയായിരുന്ന ജയിംസ് വെബ് പിൽക്കാലത്ത് നാസയിലായിരിക്കെ, ഏജൻസിയുടെ പ്രശസ്തമായ ജെമിനി, മെർക്കുറി പദ്ധതികൾക്കും മനുഷ്യരെ ചന്ദ്രനിലെത്തിച്ച അപ്പോളോ പദ്ധതിയുടെ ആദ്യ ദൗത്യത്തിനും പ്രോത്സാഹനം നൽകി.

 

ശീതയുദ്ധകാലത്ത് ബഹിരാകാശ മേഖല യുഎസും സോവിയറ്റ് യൂണിയനും തമ്മിലുള്ള മത്സരവേദികളിലൊന്നായിരുന്നു. എന്നാൽ, ഇതിനപ്പുറം ശാസ്ത്രത്തിന്റെ മഹിമ ഉയർത്തിപ്പിടിക്കണമെന്ന പക്ഷക്കാരനായിരുന്നു ജയിംസ് വെബ്.

 

∙ പിന്നിൽ മലയാളികളും

 

ജയിംസ് വെബ് വിക്ഷേപണ വിജയത്തിനു പിന്നിൽ മലയാളി സാന്നിധ്യവുമുണ്ട്; ടെലിസ്കോപ്പിന്റെ ഇന്റഗ്രേഷൻ ആൻഡ് സിസ്റ്റം എൻജിനീയറിങ് വിഭാഗത്തിൽ പ്രവർത്തിച്ച ജോൺ ഏബ്രഹാം, ടെസ്റ്റ് എൻജിനീയറായ റിജോയ് തോമസ് എന്നിവർ. ഹൂസ്റ്റൺ സ്വദേശികളായ ഇവർ 8 വർഷം പദ്ധതിയിൽ പ്രവർത്തിച്ചു. ജോർജ് തെക്കേടത്തും നാൻസി ജോർജുമാണ് ജോൺ ഏബ്രഹാമിന്റെ മാതാപിതാക്കൾ. ഡോ. ജോർജ് എം.കാക്കനാട് - സാലി ജോർജ് ദമ്പതികളുടെ മകനാണു റിജോയ് തോമസ്.

 

∙ വാസ്പ് 96 ബിയിൽ ജലമുണ്ടെന്ന് കണ്ടെത്തൽ

 

എക്സോപ്ലാനറ്റായ വാസ്പ് 96 ബിയുടെ അന്തരീക്ഷത്തിൽ ജലമുണ്ടെന്ന് ചിത്രങ്ങളോടൊപ്പം ജയിംസ് വെബ് ടെലിസ്കോപ് ശേഖരിച്ച ശാസ്ത്രീയ വിവരങ്ങളിൽ തെളിവ്. പ്രപഞ്ചത്തിലെ മറ്റു ഗ്രഹങ്ങളുടെയും അന്തരീക്ഷത്തെ വിലയിരുത്താനുള്ള ജയിംസ് വെബ്ബിന്റെ കഴിവു വെളിവാക്കുന്നതാണിത്. സൗരയൂഥത്തിനു പുറത്ത് മറ്റു നക്ഷത്രസമൂഹങ്ങളെച്ചുറ്റുന്ന ഗ്രഹങ്ങൾ എക്സോപ്ലാനറ്റുകൾ അഥവാ പുറംഗ്രഹങ്ങൾ എന്നറിയപ്പെടുന്നു. ഭൂമിയിൽനിന്ന് 1150 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന വമ്പൻ പുറംഗ്രഹമാണ് വാസ്പ് 96 ബി.

 

വ്യാഴം, ശനി, നെപ്റ്റ്യൂൺ, യുറാനസ് എന്നീ ഗ്രഹങ്ങളെപ്പോലെ കട്ടിയേറിയ ഉൾക്കാമ്പും അതിനെ പൊതിഞ്ഞുനിൽക്കുന്ന വാതക ഉപരിതലവുമുള്ള ഗ്രഹമാണിത്. 2014ൽ കണ്ടെത്തിയ ഈ ഗ്രഹത്തിന് വ്യാഴത്തിന്റെ പകുതി പിണ്ഡമാണുള്ളത്. ഭൂമി സൂര്യനെ ഒരു വർഷമെടുത്തു ഭ്രമണം ചെയ്യുന്നു. എന്നാൽ, വാസ്പ് 96ബി അതിന്റെ നക്ഷത്രത്തെ ചുറ്റുന്നത് വെറും 3.4 ദിവസം കൊണ്ടാണ്.

 

English Summary: NASA’s Webb Sheds Light on Galaxy Evolution, Black Holes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com