ADVERTISEMENT

അകലെയുള്ള ഒരു നക്ഷത്രസമൂഹത്തിൽ നിന്ന് സ്വീകരിച്ച ഒരു വിചിത്ര റേഡിയോ സിഗ്നലിൽ അമ്പരന്നു നിൽക്കുകയാണു ശാസ്ത്രജ്ഞർ. മനുഷ്യരുടെ ഹൃദയമിടിപ്പിന്റെ അതേ ഘടനയാണ് ഈ സിഗ്നലിനുള്ളതെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഗവേഷണഫലങ്ങൾ നേച്ചർ എന്ന ശാസ്ത്ര ജേണലിൽ പ്രസിദ്ധീകരിച്ചു.

 

ഫാസ്റ്റ് റേഡിയോ ബർസ്റ്റ് അഥവാ എഫ്ആർബി എന്ന വിഭാഗത്തിൽപെട്ട റേഡിയോ സിഗ്നലാണിതെന്ന് ശാസ്ത്രജ്ഞർ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ വിഭാഗത്തിൽ ഇതുവരെ സ്വീകരിക്കപ്പെട്ടതിൽ ഏറ്റവും ദൈർഘ്യമുള്ള സിഗ്നലാണിത്. വളരെ തീവ്രവും കുറച്ചുനേരം മാത്രം നീണ്ടുനിൽക്കുന്നതുമായ റേഡിയോ സിഗ്നലുകളെയാണ് എഫ്ആർബി എന്ന ഗണത്തിൽ കൂട്ടുന്നത്. 

ശതകോടിക്കണക്കിന് പ്രകാശവർഷങ്ങൾ അകലെ നിന്നുപോലും ഇവ പുറപ്പെട്ടു സ്വീകരിക്കപ്പെടാം. ആദ്യ എഫ്ആർബി 2007ലാണു കണ്ടെത്തപ്പെട്ടത്. ഇതിനു ശേഷം നൂറുകണക്കിന് എഫ്ആർബികൾ ഭൂമിയിൽ സ്വീകരിക്കപ്പെട്ടു. 

 

വിദൂര ഗാലക്‌സികളിൽ പൊടുന്നനെ നടക്കുന്ന വൻസ്‌ഫോടനങ്ങളാണ് എഫ്ആർബികളുടെ പ്രസരണത്തിന് കാരണമാകുന്നതെന്ന് മാസച്യുസിറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ കാവ്‌ലി ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകനായ ഡാനിയൽ മിച്ചിലി പറയുന്നു. എന്തു തരം സ്‌ഫോടനങ്ങളാണ് ഇവയ്ക്ക് വഴിവയ്ക്കുന്നതെന്ന കാര്യത്തിൽ ഇപ്പോഴും ശാസ്ത്രസമൂഹത്തിനു വ്യക്തതയില്ല. ഇപ്പോൾ കണ്ടെത്തപ്പെട്ടിരിക്കുന്ന, ഹൃദയമിടിപ്പിനെ അനുസ്മരിപ്പിക്കുന്ന എഫ്ആർബിക്ക് ഒട്ടേറെ സവിശേഷതകളുണ്ട്. സാധാരണ ഗതിയിൽ എഫ്ആർബികൾ മില്ലി സെക്കൻഡുകൾ മാത്രമാണു നീണ്ടു നിൽക്കുന്നത്. കണ്ണടച്ചു തുറക്കുന്ന സമയം മാത്രം. 

 

എന്നാൽ ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന എഫ്ആർബി 20191221എ എന്ന സിഗ്നലിന് 3 സെക്കൻഡ് വരെ ദൈർഘ്യമുണ്ട്. സാധാരണഗതിയിലുള്ള സിഗ്നലുകളേക്കാൾ ആയിരം മടങ്ങു ദൈർഘ്യം. ഏതു നക്ഷത്രത്തിൽ നിന്നാണ് ഇതുണ്ടായതെന്നും ഇപ്പോൾ അറിവില്ലാത്ത കാര്യമാണ്. ന്യൂട്രോൺ നക്ഷത്രങ്ങളായ റേഡിയോ പൾസർ, മാഗ്നറ്റാർ എന്നിവയിൽ നിന്നാകാം ഇവ വന്നതെന്നു പറയപ്പെടുന്നു.

 

വടക്കേ അമേരിക്കയിൽ എഫ്ആർബികൾ കണ്ടെത്താനും സ്വീകരിക്കാനുമായി കൂടുതൽ റേഡിയോ ടെലിസ്‌കോപ്പുകൾ സ്ഥാപിച്ചുവരികയാണ്. ഇതോടെ ഓരോമാസവും ആയിരക്കണക്കിന് എഫ്ആർബികൾ സ്വീകരിക്കുന്ന സ്ഥിതി വരുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഇവയിൽ നിന്നു ലഭിക്കുന്ന വിവരങ്ങൾ പ്രപഞ്ചത്തെപ്പറ്റിയും അതിന്റെ ഘടനയെപ്പറ്റിയും കൂടുതൽ അവബോധം സൃഷ്ടിക്കുന്നതാകുമെന്നും ശാസ്ത്രജ്ഞർ പ്രതീക്ഷിക്കുന്നു.

 

English Summary: MIT Scientists Discover Deep Space Signal, Pulsing Like Heartbeat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com