ADVERTISEMENT

ദിവസങ്ങൾക്കു മുൻപാണ്, നാസ വിക്ഷേപിച്ച ജയിംസ് വെബ് ബഹിരാകാശ ടെലിസ്കോപ് ലോകത്തെ മുഴുവൻ ഞെട്ടിച്ച് കൊണ്ട് പ്രപഞ്ചത്തിന്റെ കമനീയമായ ചിത്രങ്ങൾ പുറത്തുവിട്ടത്. ഇതിനൊപ്പം പുറത്തുവിടാതിരുന്ന വിവരക്കൂട്ടത്തിൽ നിന്നു സൃഷ്ടിച്ച  ഒരു ചിത്രം ലോകത്തിലെ ഏറ്റവും പ്രാചീനമായ ഗാലക്സികളിലൊന്നിന്റേതാണെന്ന് ഇപ്പോൾ ഗവേഷകർ കണ്ടെത്തിയിരിക്കുന്നു. 1350 കോടി വർഷങ്ങൾ മുൻപുള്ള ഗ്ലാസ് സെഡ് 13 എന്ന താരാപഥത്തെയാണ് ജയിംസ് വെബിന്റെ ചിത്രങ്ങളിൽ നിന്നു ശാസ്ത്രജ്ഞർ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.

 

ലോകത്ത് ഇതുവരെ മനുഷ്യർ കണ്ടെത്തിയ താരസമൂഹങ്ങളിൽ ഏറ്റവും പഴയ താരാപഥമായിട്ടാണ് ഗ്ലാസ് സെഡ് 13 പരിഗണിക്കപ്പെടുന്നത്. പ്രപഞ്ചത്തിന്റെ ഉദ്ഭവത്തിനു കാരണമായ ബിഗ് ബാങ് സ്ഫോടനം നടന്ന് 30 കോടി വർഷങ്ങൾ പിന്നിട്ടതിനു ശേഷമാണ് ഈ നക്ഷത്ര സമൂഹം ഉടലെടുത്തത്. അനാദിയിൽ സ്ഥിതി ചെയ്ത ഒരു താരാപഥമാണിതെന്ന് സാരം. പ്രപഞ്ചത്തിന്റെ സ്ഥാപിതകാലത്തെയാണ് ഇതു പ്രതിനിധീകരിക്കുന്നത്. ഈ താരസമൂഹത്തിന്റെ കൃത്യമായ പഴക്കം നിർണയിക്കാൻ ശാസ്ത്രജ്ഞർക്ക് സാധിച്ചിട്ടില്ല.

 

പ്രകാശം ഒരു വർഷം കൊണ്ട് സഞ്ചരിക്കുന്ന ദൂരമാണ് പ്രകാശവർഷം. 1350 കോടി വർഷം മുൻപ് ഇതിൽ നിന്നു പുറപ്പെട്ട വികിരണങ്ങളാണ് ഇപ്പോൾ ജയിംസ് വെബ് പിടിച്ചെടുത്തിരിക്കുന്നത്. ഇപ്പോൾ ഈ താരസമൂഹം സ്ഥിതി ചെയ്യുന്നുണ്ടെങ്കിൽ ഇതു ഭൂമിയിൽ നിന്ന് 3300 കോടി വർഷങ്ങൾ അകലെയായിരിക്കുമെന്ന് ഇപ്പോൾ ജപ്പാൻ ബഹിരാകാശ ഏജൻസിയിൽ പ്രവർത്തിക്കുന്ന ജ്യോതിശാസ്ത്രജ്ഞനായ ഡോ.ജെയിംസ് ഡൊനോഗി പറയുന്നു.

 

ഹാർവഡ് സർവകലാശാലയുടെ അസ്ട്രോഫിസിക്സ് കേന്ദ്രത്തിലെ ശാസ്ത്രജ്ഞനും ഇന്ത്യൻ വംശജനുമായ റോഹൻ നായിഡുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജയിംസ് വെബ് ചിത്രങ്ങളിൽ നിന്നും ഈ ഗാലക്സിയെ കണ്ടെത്തി വിവരങ്ങൾ പുറത്തറിയിച്ചത്. ജയിംസ് വെബ്ബിന്റെ നിയർ ഇൻഫ്ര റെഡ് ക്യാമറ അഥവാ നിർക്യാമാണ് ഈ ഗാലക്സിയുടെ ചിത്രങ്ങൾ പകർത്തിയത്. റോഹൻ നായിഡുവിനൊപ്പം ഇരുപത്തിയഞ്ചോളം ശാസ്ത്രജ്ഞർ ഈ ചിത്രം വിലയിരുത്താനായി രംഗത്തുണ്ട്. ചിത്രത്തിൽ ചുവന്ന നിറമുള്ള ഒരു പൊട്ടുപോലെയാണ് താരാപഥം കാണാൻ കഴിയുന്നത്.

 

English Summary: Webb telescope may have already found most distant known galaxy: GLASS-z13 dates back to 300mn years after Big

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com