ADVERTISEMENT

അജ്ഞാത പേടകങ്ങൾ അഥവാ യുഎഫ്ഒകൾ യുഎസ് സർക്കാരിനും വിശിഷ്യാ പ്രധാന പ്രതിരോധ സ്ഥാപനമായ പെന്റഗണിനും വലിയ തലവേദനയായിക്കൊണ്ടിരിക്കുകയാണ്. രണ്ടായിരാമാണ്ട് മുതൽ നിമിറ്റ്സ് ഉൾപ്പെടെ പ്രശസ്തമായ യുഎസ് യുദ്ധക്കപ്പലുകളിലെ യാത്രികർ യുഎഫ്ഒകളെ കണ്ടെന്നു പറയുകയും കപ്പലിൽ നിന്നു റെക്കോർഡ് ചെയ്യപ്പെട്ട വിഡിയോകൾ പുറത്തുവിടുകയും ചെയ്തിരുന്നു. പെന്റഗൺ യുഎഫ്ഒ വിഡിയോകൾ എന്ന പേരിൽ പ്രശസ്തമായ ഈ വിഡിയോകൾ വലിയ ചർച്ചയും തരംഗവുമാണ് ലോകം മുഴുവൻ, പ്രത്യേകിച്ച് യുഎസിൽ ഉയർത്തിയത്.

 

പിന്നീട് നൂറിലധികം പേജുകൾ ദൈർഘ്യമുള്ള യുഎഫ്ഒ റിപ്പോർട്ടും പെന്റഗൺ പുറത്തുവിട്ടു. ഇതെത്തുടർന്ന് പ്രശ്നം ചൂടുപിടിക്കുകയും യുഎസ് കോൺഗ്രസ് ഈ സംഭവം ചർച്ചയ്ക്കു വയ്ക്കുകയും ചെയ്തു. അന്യഗ്രഹപേടകങ്ങളാണോ ശത്രുരാജ്യങ്ങൾ വികസിപ്പിച്ച അത്യാധുനിക ആയുധങ്ങളാണോ ഇവയെന്ന് അറിയില്ല, എന്നാൽ അമേരിക്കയുടെ വ്യോമമേഖലയിൽ ഇത്തരം വ്യോമപേടകങ്ങൾ ഇടയ്ക്കിടെ കാണുന്നത് ദേശസുരക്ഷയ്ക്ക് വെല്ലുവിളി സൃഷ്ടിക്കുമെന്നാണ് പെന്റഗണിന്റെ വിലയിരുത്തൽ.

 

ഈ പ്രശ്നത്തെ നേരിടാനായി പുതിയ ഒരു ഓഫിസ് തന്നെ കഴിഞ്ഞ ദിവസം സ്ഥാപിച്ചിരിക്കുകയാണ് പെന്റഗൺ. ആൾ ഡൊമെയ്ൻ അനോമലി റസല്യൂഷൻ ഓഫിസ്(ആരോ) എന്നാണ് ഈ ഓഫിസിന്റെ പേര്. അജ്ഞാത പേടകങ്ങളുടെ നിരീക്ഷണം, ഇവ വ്യക്തമായിക്കഴിഞ്ഞാൽ പിടികൂടാനുള്ള ശ്രമം തുടങ്ങിയവയെല്ലാം ആരോയുടെ ചുമതലയിൽ വരും. ഡിഫൻസ് ഇന്റലിജൻസ് ഏജൻസിയുടെ മിസൈൽ ആൻഡ് സ്പേസ് ഇന്റലിജൻസ് സെന്ററിലെ ചീഫ് സയന്റിസ്റ്റായിരുന്ന സീൻ കിർക്പാട്രിക്ക് ആയിരിക്കും ഈ ഓഫിസിനെ നയിക്കുക.

 

ഡിഫൻസ് ഡപ്യൂട്ടി സെക്രട്ടറിയായ കാത്‌ലീൻ ഹിക്സും ഈ ഓഫിസിനെക്കുറിച്ച് പ്രതികരിച്ചിട്ടുണ്ട്. അജ്ഞാത പേടകങ്ങൾ പോലെയുള്ള പിടിതരാത്ത എല്ലാ വ്യോമപ്രതിഭാസങ്ങളുടെയും അന്വേഷണം ഈ ഓഫിസ് കേന്ദ്രീകരിച്ചായിരിക്കും നടക്കുകയെന്ന് ഹിക്സ് പറയുന്നു.

 

വ്യോമ പേടകങ്ങളെ മാത്രമല്ല, കരയിൽ നിന്നും കടലി‍ൽ നിന്നും പറന്നുപൊങ്ങാവുന്ന പേടകങ്ങളെയും ഓഫിസ് കാര്യമായി നിരീക്ഷിക്കും. അജ്ഞാത പേടകങ്ങളെക്കുറിച്ചു കൂടുതൽ വ്യക്തത നേടാനായുള്ള യുഎസ് സർക്കാരിന്റെ ശ്രമങ്ങളിൽ ഏറ്റവും അവസാനത്തേതാണ് ഈ ഓഫിസ്. കഴിഞ്ഞ ജൂണിൽ അമേരിക്കയുടെ ബഹിരാകാശ ഏജൻസിയായ നാസയും അന്യഗ്രഹപേടകങ്ങളെ കുറച്ച് പഠിക്കാനായി പ്രത്യേക പാനൽ രൂപീകരിച്ചിരുന്നു. പുകമറയിൽ ഒതുങ്ങിനിൽക്കുന്ന അജ്ഞാത പേടകങ്ങളെന്ന വിഷയത്തെ പൊതുബോധത്തിലേക്കു കൊണ്ടുവരിക എന്ന ലക്ഷ്യവും ഈ പദ്ധതിക്കു പിന്നിലുണ്ടെന്ന് വിദഗ്ധർ പറയുന്നു.

 

English Summary: Pentagon establishes office to track UFOs in space

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com