ADVERTISEMENT

ചൈനയുടെ നിർമാണത്തിലിരിക്കുന്ന ബഹിരാകാശ നിലയത്തിലേക്കുള്ള ആദ്യ ലാബ് മൊഡ്യൂൾ ഞായറാഴ്ച വിജയകരമായി വിക്ഷേപിച്ചു. ലോങ് മാർച്ച്-5 ബി വൈ3 റോക്കറ്റാണ് ലാബ് സംവിധാനങ്ങളെ ബഹിരാകാശ നിലയത്തിലേക്ക് എത്തിച്ചത്. തെക്കൻ ദ്വീപ് പ്രവിശ്യയായ ഹൈനാൻ തീരത്തുള്ള വെൻചാങ് സ്‌പേസ്‌ക്രാഫ്റ്റ് ലോഞ്ച് സൈറ്റിൽ നിന്നായിരുന്നു വിക്ഷേപണമെന്ന് ചൈന സ്പേസ് ഏജൻസി അറിയിച്ചു.

പുതിയ മൊഡ്യൂൾ കോർ മൊഡ്യൂളിന്റെ ബാക്കപ്പ് ആയും നിലവിൽ നിർമിച്ചുകൊണ്ടിരിക്കുന്ന ടിയാൻഗോങ് ബഹിരാകാശ നിലയത്തിലെ ശക്തമായ ഒരു ശാസ്ത്ര പരീക്ഷണ പ്ലാറ്റ്‌ഫോം ആയും പ്രവർത്തിക്കും. ആദ്യത്തെ ലാബ് മൊഡ്യൂൾ വിജയകരമായി വിക്ഷേപിച്ചതിനാൽ ബഹിരാകാശ നിലയത്തിന്റെ നിർമാണം പൂർത്തിയാക്കാനുള്ള പാതയിലാണ് ചൈനയെന്ന് പീപ്പിൾസ് ഡെയ്‌ലി റിപ്പോർട്ട് ചെയ്തു.

ബഹിരാകാശ നിലയത്തിന്റെ അവസാനവട്ട ജോലികള്‍ പൂർത്തിയാക്കാൻ അടുത്തിടെ ചൈന മൂന്ന് ബഹിരാകാശ സഞ്ചാരികളെ കൂടി അയച്ചിരുന്നു. ഷെന്‍ഷൗ-14 ദൗത്യത്തിലെ ഗവേഷകർ ആറുമാസമാണ് ടിയാങ്കോങ് സ്റ്റേഷനിൽ ചെലവഴിക്കുക. ബഹിലാകാശ നിലയത്തിന്റെ പ്രധാന ഭാഗവുമായി രണ്ട് ലബോറട്ടറി മൊഡ്യൂളുകൾ കൂട്ടിച്ചേർക്കുന്നതിന് ഇവർ മേൽനോട്ടം വഹിക്കുമെന്നാണ് അറിയുന്നത്. ഇതിൽ ഒന്നാണ് ഇപ്പോൾ വിക്ഷേപിച്ചിരിക്കുന്നത്. കമാൻഡർ ചെൻ ഡോംഗും സഹ ബഹിരാകാശയാത്രികരായ ലിയു യാങ്, കായ് സൂഷെ എന്നിവരാണ് ഇപ്പോൾ നിലയത്തിലുള്ളത്.

ഈ വര്‍ഷം അവസാനത്തോടെ ടിയാങ്കോങ് ബഹിരാകാശ നിലയത്തിന്റെ പണി പൂര്‍ത്തിയാക്കാനാണ് ചൈന നീക്കം നടത്തുന്നത്. ബഹിരാകാശ നിലയത്തിന്റെ പ്രധാനഭാഗമായ ടിയാന്‍ഹെ 2021 ഏപ്രിലിലായിരുന്നു വിക്ഷേപിച്ചത്. ടിയാങ്കോങ് ബഹിരാകാശ നിലയത്തിലേക്ക് അയക്കുന്ന ഭാഗങ്ങള്‍ രാജ്യാന്തര ബഹിരാകാശ നിലയത്തിലെ ഭാഗങ്ങള്‍ക്ക് സമാനമായ ശാസ്ത്രീയ പരീക്ഷണശാലകളായിരിക്കും. 

രാജ്യാന്തര ബഹിരാകാശ നിലയം സ്ഥാപിച്ചപ്പോള്‍ അമേരിക്കയുടെ എതിര്‍പ്പിനെ തുടര്‍ന്ന് ചൈനക്ക് അതിന്റെ ഭാഗമാകാന്‍ സാധിച്ചിരുന്നില്ല. ഇതേത്തുടര്‍ന്നാണ് സ്വന്തമായി ബഹിരാകാശ നിലയം സ്ഥാപിക്കാന്‍ ചൈന തീരുമാനിക്കുന്നത്. രണ്ട് പരീക്ഷണ ബഹിരാകാശ നിലയങ്ങള്‍ക്കു ശേഷമാണ് ടിയാങ്കോങ് ബഹിരാകാശ നിലയം ചൈന വിക്ഷേപിച്ചത്.

 

English Summary: China successfully launches first lab module for its space station

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com