ADVERTISEMENT

ഇസ്രയേലിൽ ആകാശത്തു കണ്ട ദുരൂഹ പ്രകാശവൃത്തം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. എട്ട് പ്രകാശദീപങ്ങൾ വൃത്താകൃതിയിൽ അണിനിരന്നതുപോലെയുള്ള പ്രകാശവൃത്തം കിഴക്കുനിന്ന് പടിഞ്ഞാറു ദിശയിലേക്കു ചലിക്കുന്ന രീതിയിലാണ് വിഡിയോയിലുള്ളത്. ശബ്ദമൊന്നും കേൾപ്പിക്കാതെയാണ് ഈ ചലനം.

ഇസ്രയേലിലെ വടക്കൻ ഭാഗത്ത് ഗോലാൻ കുന്നുകൾ, നഹാരിയ എന്ന മേഖല എന്നിവിടങ്ങളിലായാണു പ്രകാശവൃത്തം കണ്ടെത്തിയത്. അന്യഗ്രഹജീവികളുടെ വാഹനങ്ങളാകും ഇതെന്ന് പതിവുപോലെ സമൂഹമാധ്യമ ഉപയോക്താക്കൾ സംശയമുണർത്തിയെങ്കിലും ഇസ്രയേലി അധികൃതർ ഇതു നിഷേധിച്ചു. ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാർലിങ്ക് കമ്പനിയുടെ ഉപഗ്രഹങ്ങളാണ് ഇവയെന്നാണ് ഇസ്രയേലി അധികൃതർ പറയുന്നത്.

15 മുതൽ 30 സെക്കൻഡുകൾ വരെയാണ് ദൃശ്യം ആകാശത്തു നിന്നതെന്ന് നഹാരിയ മേഖലയിലെ താമസക്കാരിലൊരാൾ പറഞ്ഞു. പൊലീസ് അധികൃതർ ഇതു സംബന്ധിച്ച് പരാതികൾ ഒന്നും ലഭിച്ചില്ലെന്നാണു പറയുന്നത്. എന്നാൽ ഇസ്രയേലി സൈന്യം വിഷയം ഗൗരവമായി എടുക്കുകയും അന്വേഷണം തുടങ്ങുകയും ചെയ്‌തെന്നാണ് ലഭിക്കുന്ന വിവരം. ഇതേ പ്രകാശവലയം കിഴക്കൻ മെഡിറ്ററേനിയൻ മേഖലയിൽ ലബനൻ, ഗ്രീസ്, തുർക്കി തുടങ്ങിയ രാജ്യങ്ങളിലെ വിവിധയിടങ്ങളിൽ ദൃശ്യമായതായും റിപ്പോർട്ടുകളുണ്ട്. വിഷയത്തിൽ സ്‌പേസ് എക്‌സ്, സ്റ്റാർ ലിങ്ക് കമ്പനി അധികൃതരും പ്രതികരണങ്ങൾ ഒന്നും നൽകിയിട്ടില്ല. കഴിഞ്ഞദിവസം ഫാൽക്കൺ 9 റോക്കറ്റ് ഉപയോഗിച്ച് സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളെ സ്‌പേസ് എക്‌സ് കമ്പനി ബഹിരാകാശത്തെത്തിച്ചിരുന്നു.

36 രാജ്യങ്ങളിൽ ഇന്റർനെറ്റ് കവറേജ് ലഭ്യമാക്കുന്ന ഇന്റർനെറ്റ് സേവന ദാതാക്കളാണ് സ്റ്റാർലിങ്ക് കമ്പനി. ലോകമെമ്പാടും ഇന്റർനെറ്റ് വിതരണത്തിനായി ഇവർ ലക്ഷ്യമിടുന്നുണ്ട്. 2019 മുതലാണ് കമ്പനി ഉപഗ്രഹങ്ങൾ ബഹിരാകാശത്ത് എത്തിച്ചുതുടങ്ങിയത്. ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിൽ (ലോ എർത് ഓർബിറ്റ്) ഏകദേശം 2600 ഉപഗ്രഹങ്ങൾ സ്റ്റാർലിങ്കിന്റേതായി സ്ഥിതി ചെയ്യുന്നുണ്ട്.

നാലുലക്ഷത്തിലധികം ഉപയോക്താക്കൾക്കായി കമ്പനി ഇന്റർനെറ്റ് സേവനം നൽകുന്നു. 2002 ഫെബ്രുവരിയിൽ യുക്രെയ്‌നിലും സ്റ്റാർലിങ്ക് തങ്ങളുടെ സേവനങ്ങൾ എത്തിച്ചിരുന്നു. റഷ്യയോട് യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന യുക്രെയ്‌നിലെ സെലിൻസ്‌കി സർക്കാരിന്റെ പ്രത്യേക ആവശ്യപ്രകാരമായിരുന്നു ഈ നീക്കം.

English Summary: Mysterious lights, possibly SpaceX Starlink, spotted in Israel's North

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com