ADVERTISEMENT

സൗരയൂഥത്തിൽ ആകൃതി കൊണ്ട് ഏറ്റവും കമനീയവും ഏറ്റവും കൂടുതൽ തിരിച്ചറിയപ്പെടുന്നതുമായ ഗ്രഹമാണ് ശനിഗ്രഹം അഥവാ സാറ്റേൺ. ഗ്രഹത്തിനു ചുറ്റും കറങ്ങുന്ന സങ്കീർണമായ വലയങ്ങളാണ് ഇതിനു പ്രധാനകാരണം. എന്നാൽ തൊട്ടടുത്ത് തന്നെ സ്ഥിതി ചെയ്യുന്ന സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴം അഥവാ ജൂപ്പിറ്ററിന് ശനിയുടേതു പോലുള്ള വലയങ്ങൾ ഇല്ലാത്തതെന്താണെന്ന് ജ്യോതിശ്ശാസ്ത്രജ്ഞരെ ഇരുത്തിച്ചിന്തിപ്പിച്ച ചോദ്യമാണ്. ഇപ്പോഴിതാ ഇതിനുള്ള ഉത്തരം പുതിയ ഗവേഷണത്തിലൂടെ തെളിഞ്ഞിരിക്കുകയാണ്.

 

ശനി, വ്യാഴം, നെപ്റ്റ്യൂൺ, യുറാനസ് എന്നിവയാണ് സൗരയൂഥത്തിലെ വാതകഭീമൻമാർ എന്നറിയപ്പെടുന്ന ഗ്രഹങ്ങൾ. കട്ടിയുള്ള ഉൾക്കാമ്പിനു ചുറ്റും സ്ഥിതി ചെയ്യുന്ന കടുത്ത വാതക ഉപരിതലഘടന കാരണമാണ് ഇവയ്ക്ക് ഈ പേര് ലഭിച്ചത്. യുറാനസിനു 13 വലയങ്ങൾ ചുറ്റുമുണ്ട്. എന്നാൽ ഇതെല്ലാം വച്ചു നോക്കുമ്പോൾ വ്യാഴത്തിന്റെ വലയങ്ങൾ വളരെ നേർത്തതാണ്. സാധാരണ ജ്യോതിശ്ശാസ്ത്ര നിരീക്ഷണ സംവിധാനങ്ങൾ വഴി ഇതു ദർശിക്കാനാവില്ല.

 

എന്താണ് ഇതിനു കാരണം? ഉത്തരം തേടി കലിഫോർണിയ സർവകലാശാലയുടെ നേതൃത്വത്തിൽ നടത്തിയ ഒരു കംപ്യൂട്ടർ അധിഷ്ഠിത ഗവേഷണം ഇപ്പോൾ ഫലപ്രാപ്തിയിലെത്തിയിരിക്കുകയാണ്. വ്യാഴഗ്രഹത്തിനു ചുറ്റുമുള്ള സ്വാഭാവിക ഉപഗ്രഹ ചന്ദ്രൻമാരാണ് ഇതിനു വഴിവച്ചതെന്നാണ് ഇപ്പോൾ വെളിവായിരിക്കുന്നത്. പ്രധാന ചന്ദ്രൻമാരായ ഗാനിമീഡ്, കലിസ്റ്റോ, ലോ, യൂറോപ്പ എന്നിവയുൾപ്പെടെ 79 വലുതും ചെറുതുമായ ചന്ദ്രൻമാർ വ്യാഴഗ്രഹത്തിനുണ്ട്.

 

ശനിയുടെ വലയങ്ങൾ കൂടുതലും ഐസിനാൽ സൃഷ്ടിക്കപ്പെട്ടതാണ്. വാൽനക്ഷത്രങ്ങളിൽ നിന്നും മറ്റും ശനിക്ക് ലഭിച്ചതാണ് ഈ ഐസ്. എന്നാൽ വ്യാഴത്തിന്റെ ചന്ദ്രൻമാർക്ക് പിണ്ഡം കൂടുതലായതിൽ ശനിയെപ്പോലെ വലയങ്ങളിൽ ഐസ് നിലനിർത്താൻ വ്യാഴത്തിന് കഴിയാറില്ല. ചന്ദ്രൻമാരുടെ ആകർഷണം ഐസ് ഘടനകളെ തകർത്തുകളയും.വ്യാഴത്തിന്റെ ചന്ദ്രനായ ഗാനിമീഡ് സൗരയൂഥത്തിലെ ഏറ്റവും വലിയ ചന്ദ്രനാണ്.

 

വ്യാഴത്തിന് ഒരു കാലത്ത് വലയങ്ങളുണ്ടായിരുന്നെന്നും ഇവ പിന്നീട് അപ്രത്യക്ഷമായതാണെന്നും ഇടയ്ക്ക് സിദ്ധാന്തങ്ങളുണ്ടായിരുന്നു. ഈ സിദ്ധാന്തം തെറ്റാകാനാണു സാധ്യതയെന്നും പുതിയ പഠനഫലങ്ങൾ തെളിയിക്കുന്നു. ഗ്രഹങ്ങളുടെ ചുറ്റുമുള്ള വലയങ്ങൾ ശാസ്ത്രജ്ഞർക്കു നിർണായക വിവരങ്ങൾ നൽകുന്ന സംഗതികളാണ്. ഗ്രഹത്തിന്റെ ഭൂതകാലത്തെക്കുറിച്ചും ഇതു പ്രപഞ്ചവസ്തുക്കളിൽ നിന്നു നേരിട്ട ആക്രമണങ്ങളെക്കുറിച്ചുമൊക്കെ വിവരങ്ങൾ നൽകാൻ ഈ വലയങ്ങൾക്കു കഴിയും.

 

English Summary: Now We Know Why Jupiter Doesn't Have Big, Glorious Rings Like Saturn

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com