ചൊവ്വയിലും അപൂര്‍വ ലോഹങ്ങൾ! ക്യൂരിയോസിറ്റി കണ്ടെത്തിയത് ട്രിഡൈമൈറ്റ്

rare-mineral
Photo: Fred Kruijen/Wikimedia Commons
SHARE

പാറകളും പൊടിപടലവും നിറഞ്ഞ ഗ്രഹം എന്നതിനേക്കാള്‍ അപൂര്‍വ്വ ലോഹങ്ങളുള്ള ഗ്രഹം എന്ന നിലയിലേക്ക് ചൊവ്വയെക്കുറിച്ചുള്ള നമ്മുടെ അറിവുകള്‍ മാറുന്നു. 2016ല്‍ ഗാലെ കിടങ്ങില്‍ പരിശോധനകള്‍ നടത്തുന്നതിനിടെയാണ് അത്യപൂര്‍വമായ ഒരു കണ്ടെത്തല്‍ ക്യൂരിയോസിറ്റി നടത്തിയത്. ഭൂമിയില്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായ ട്രിഡൈമൈറ്റ് എന്ന ലോഹത്തിന്റെ സാന്നിധ്യമാണ് ക്യൂരിയോസിറ്റി തിരിച്ചറിഞ്ഞത്. മാഗ്മ പോലുള്ള വളരെ ഉയര്‍ന്ന താപനിലയുള്ള അവസ്ഥകളില്‍ മാത്രമാണ് ഈ ലോഹം പിറവിയെടുക്കുന്നത്. 

ഒരുകാലത്ത് വെള്ളം നിറഞ്ഞ തടാകമായിരുന്നു ഗാലെ കിടങ്ങെന്നാണ് ശാസ്ത്രലോകം കരുതുന്നത്. ഇവിടെ എങ്ങനെയാവും ട്രിഡൈമെറ്റ് വന്നത് എന്നതിനെക്കുറിച്ചാണ് അരിസോണ സര്‍വകലാശാലയിലെ പ്ലാനെറ്ററി സയന്റിസ്റ്റായ വലേറി പയ്‌റേയും സംഘവും പഠനം നടത്തിയത്. ഏതാണ്ട് 300 കോടി വര്‍ഷത്തിനും 370 കോടി വര്‍ഷത്തിനും മുൻപ് ഈ പ്രദേശത്ത് നടന്ന അഗ്നിപര്‍വത സ്‌ഫോടനമായിരിക്കാം ട്രിഡൈമെറ്റിനെ ഇവിടെയെത്തിച്ചത് എന്നുവേണം കരുതാന്‍.

‌ചൊവ്വയില്‍ നടത്തുന്ന പര്യവേഷണത്തിനിടെ പത്തുകൊല്ലത്തിനിടെ ക്യൂരിയോസിറ്റി നടത്തിയ ഏറ്റവും സുപ്രധാന കണ്ടെത്തലാണ് ട്രിഡൈമെറ്റിന്റേത്. ഭൂമിയില്‍ അഗ്നിപര്‍വത സ്‌ഫോടനങ്ങള്‍ നടന്ന ഭാഗങ്ങളിലാണ് ട്രിഡൈമെറ്റിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുള്ളത്. എന്നാല്‍ ചൊവ്വയിലെ പൗരാണിക തടാകത്തിന്റെ അടിത്തട്ടിലാണ് ഇത് കണ്ടെത്തിയിട്ടുള്ളതെന്ന് റൈസ് സര്‍വകലാശാലയിലെ ചൊവ്വയെക്കുറിച്ച് പഠിക്കുന്ന ക്രിസ്റ്റ്യന്‍ സൈയ്ബാക്ക് പറയുന്നു. 

നമുക്ക് ചൊവ്വയിലേക്ക് നേരിട്ട് പോയി പരിശോധിക്കുകയെന്നത് പ്രായോഗികമല്ലാത്തതിനാല്‍ ഭൂമിയില്‍ ട്രിഡൈമെറ്റിന്റെ സാന്നിധ്യം കണ്ടെത്തിയ പ്രദേശങ്ങളെക്കുറിച്ചും അതിന്റെ ഉത്ഭവ സാധ്യതകളുമാണ് ഗവേഷകര്‍ പഠിച്ചത്. ചൊവ്വയില്‍ ഗാലെ കിടങ്ങിന്റെ ഒത്ത നടുവിലുള്ള ഷാര്‍പ് കൊടുമുടിയില്‍ നിന്നും ക്യൂരിയോസിറ്റി ട്രിഡൈമെറ്റ് കണ്ടെത്തിയിരുന്നു. 870 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്ന താപനിലയുള്ള സാഹചര്യങ്ങളില്‍ മാത്രമാണ് ട്രിഡൈമെറ്റ് നിര്‍മിക്കപ്പെടുക. ക്രിസ്റ്റൊബലെയ്റ്റ് രൂപത്തിലേക്ക് ഇവ മാറുന്നത് 1470 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്ന താപനിലയില്‍ മാത്രമാണ്. ട്രിഡൈമെറ്റിന്റെ ഈ രണ്ട് രൂപങ്ങളും ഷാര്‍പ് കൊടുമുടിയില്‍ നിന്നും ശേഖരിച്ച സാംപിളില്‍ ഒരൊറ്റ പാളിയില്‍ നിന്നു തന്നെ ലഭിച്ചിരുന്നു.  

ഗാലെ കിടങ്ങില്‍ വെള്ളം നിറഞ്ഞു കിടന്ന കാലത്ത് അതിന്റെ അടിത്തട്ടില്‍ സംഭവിച്ച അഗ്നിപര്‍വത സ്‌ഫോടനമാണ് ട്രിഡൈമെറ്റിന്റെ ജനനത്തിന് കാരണമായതെന്നാണ് കരുതപ്പെടുന്നത്. അഗ്നിപര്‍വതസ്‌ഫോടനത്തെ തുടര്‍ന്നുള്ള പൊട്ടിത്തെറിയില്‍ ട്രിഡൈമെറ്റ് അടങ്ങിയ ചാരം ഗാലെ കിടങ്ങിന്റെ പലയിടത്തേക്ക് പറന്നു പോയാണ് വ്യാപിച്ചതെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. 

നമുക്ക് അറിവുള്ളതിനേക്കാളും സങ്കീര്‍ണമായ അഗ്നി പര്‍വത സ്‌ഫോടന ചരിത്രമാണ് ചൊവ്വക്കുള്ളതെന്നുവേണം ഇതില്‍ നിന്നും മനസിലാക്കാന്‍. ഭാവിയിലെ ചൊവ്വാ ദൗത്യങ്ങള്‍ ഇക്കാര്യം കൂടി ഉള്‍ക്കൊണ്ടുകൊണ്ടാവും തെളിവുകളും വിവരങ്ങളും ശേഖരിക്കുക. എര്‍ത്ത് ആന്റ് പ്ലാനെറ്ററി സയന്‍സ് ലെറ്റേഴ്‌സിലാണ് പഠനഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പഠനത്തില്‍ പറഞ്ഞിരിക്കുന്നതുപോലെ ചൊവ്വ പാറക്കെട്ടുകള്‍ മാത്രം നിറഞ്ഞ ഒരു ലോകമല്ല.

English Summary: We May Finally Understand How a Strange, Rare Mineral on Mars Came to Exist

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ഡിസംബർ മാസഫലം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA