ADVERTISEMENT

ബഹിരാകാശ മാലിന്യം തലയില്‍ വീണ് ഏതെങ്കിലും മനുഷ്യന്‍ മരിക്കാന്‍ സാധ്യതയുണ്ടോ? ഇതുവരെ അത് വളരെ കുറവാണെന്നാണ് കരുതിയിരുന്നത്. എന്നാല്‍, ഓരോ വര്‍ഷം കൂടും തോറും വിക്ഷേപിക്കുന്ന സാറ്റലൈറ്റുകളുടെ എണ്ണത്തില്‍ കുത്തനെ വര്‍ധനവുണ്ടായതോടെ ഈ ആശങ്ക കൂടുതല്‍ യാഥാര്‍ഥ്യമാവുകയാണ്. വരുന്ന പത്തു വര്‍ഷത്തിനുള്ളില്‍ മനുഷ്യ നിര്‍മിത ബഹിരാകാശ മാലിന്യങ്ങള്‍ വീണ് മനുഷ്യര്‍ക്ക് പരുക്കേല്‍ക്കാനും ജീവന്‍തന്നെ നഷ്ടപ്പെടാനുമുള്ള സാധ്യതകളെക്കുറിച്ചാണ് ഗവേഷകര്‍ പഠനം നടത്തിയിരിക്കുന്നത്. നേച്ചുര്‍ അസ്‌ട്രോണമി ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്.

 

ഓരോ മിനിറ്റിലും നമ്മുടെ തലയ്ക്ക് മുകളിലൂടെ ബഹിരാകാശ മാലിന്യങ്ങള്‍ ഭൂമിയിലേക്കെത്തുന്നുണ്ട് എന്നു പറഞ്ഞാല്‍ അതിശയോക്തിയല്ല. വളരെ ചെറുതായതിനാലും ഭൂമിയിലെത്തും മുൻപെ ചാരമായി പോവുന്നതിനാൽ നമ്മള്‍ അത് ശ്രദ്ധിക്കാറു പോലുമില്ല എന്നതാണ് സത്യം. പ്രതിവര്‍ഷം 40,000 ടണ്‍ വസ്തുക്കൾ ഈ രീതിയില്‍ ഭൂമിയിലേക്കെത്തുന്നു എന്നാണ് കണക്കാക്കപ്പെടുന്നത്.‌

 

ഇത്തരം മനുഷ്യനിര്‍മിത ബഹിരാകാശ മാലിന്യങ്ങള്‍ ഭാവിയിലെ സാറ്റലൈറ്റ് വിക്ഷേപണങ്ങള്‍ക്കും അന്യഗ്രഹ ദൗത്യങ്ങള്‍ക്കുമെല്ലാം വെല്ലുവിളിയാകുമെന്ന ചര്‍ച്ചകള്‍ ആരംഭിച്ചിട്ടു തന്നെ വര്‍ഷങ്ങളായി. ഏതാനും വര്‍ഷങ്ങള്‍ക്കകം ബഹിരാകാശ മാലിന്യങ്ങള്‍ നീക്കം ചെയ്യാനായി രാജ്യാന്തര കൂട്ടായ്മയില്‍ പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടി വരുമെന്ന നിര്‍ദേശങ്ങളും സജീവമാണ്. ചെറിയ വസ്തുക്കള്‍ മാത്രമല്ല കിലോമീറ്റര്‍ വലുപ്പമുള്ള വസ്തുക്കള്‍ വരെ ഇങ്ങനെ ഭൂമിയിലേക്ക് പതിക്കാന്‍ സാധ്യതയുണ്ട്. ഇതാണ് മനുഷ്യന്റേയും മറ്റു ജീവജാലങ്ങളുടേയും ജീവനു വരെ ഭീഷണിയാവുന്നത്.

 

ഉപയോഗം കഴിഞ്ഞ റോക്കറ്റുകളുടെ പല ഭാഗങ്ങളും കാലാവധി കഴിഞ്ഞ സാറ്റലൈറ്റുകളുമൊക്കെയാണ് ഇത്തരത്തില്‍ വലിയ ഭീഷണി ഉയര്‍ത്തുന്നവ. കഴിഞ്ഞ മുപ്പത് വര്‍ഷത്തെ ബഹിരാകാശ മാലിന്യങ്ങളുടെ കണക്കെടുത്ത് മാത്തമാറ്റിക്കല്‍ മോഡല്‍ സജ്ജീകരിച്ചാണ് ഗവേഷകര്‍ പഠനം നടത്തിയത്. ഇതില്‍ നിന്നും വരുന്ന ദശാബ്ദത്തില്‍ ഇവ ഭൂമിയില്‍ വീഴുന്നത് മനുഷ്യന്റെ അടക്കം ജീവന് ഭീഷണിയാവാന്‍ സാധ്യതയുണ്ടെന്ന് തന്നെയാണ് തെളിഞ്ഞിരിക്കുന്നത്. 

 

പഠനത്തില്‍ തെളിഞ്ഞ പ്രധാന കാര്യം ഭൂമിയില്‍ തന്നെ ഉത്തരാര്‍ധഗോളത്തേക്കാള്‍ ദക്ഷിണാര്‍ധ ഗോളത്തിലാണ് ഇത്തരത്തില്‍ ബഹിരാകാശ മാലിന്യം വീണ് അപകടം സംഭവിക്കാനുള്ള കൂടിയ സാധ്യതയെന്നതാണ്. അതായത് ഇന്തൊനീഷ്യയിലെ ജക്കാര്‍ത്തയിലോ ബംഗ്ലാദേശിലെ ധാക്കയിലോ ലാവോസിലോ നൈജീരിയയിലോ ആണ് ഇവ വീഴാനുള്ള സാധ്യത കൂടുതല്‍. ന്യൂയോര്‍ക്കും ബെയ്ജിങും മോസ്‌കോയുമെല്ലാം സാധ്യത കുറഞ്ഞ പ്രദേശങ്ങളിലാണ്. 

 

നിയന്ത്രണം നഷ്ടപ്പെട്ട ബഹിരാകാശ മാലിന്യങ്ങള്‍ ഭൂമിയിലേക്ക് വീഴുമ്പോള്‍ ജീവന്‍ നഷ്ടപ്പെടാനുള്ള സാധ്യതയുടെ കണക്കുകൂട്ടലും ഗവേഷകര്‍ നടത്തി. കൂറ്റന്‍ ബഹിരാകാശ മാലിന്യങ്ങള്‍ ഭൂമിയില്‍ ഏതാണ്ട് പത്ത് ചതുരശ്ര മീറ്റര്‍ ചുറ്റളവില്‍ വരെ നാശമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ സ്ഥലത്തിനുള്ളില്‍ പെടുന്ന ഒന്നോ അതിലധികമോ പേര്‍ക്ക് പരുക്കേല്‍ക്കാനോ ജീവന്‍ നഷ്ടപ്പെടാനോ പത്തിലൊന്ന് സാധ്യതയാണ് കണക്കാക്കപ്പെടുന്നത്. ഇത് വരും ദശാബ്ദത്തിലെ മാത്രം കണക്കാണ്. കാലം മുന്നോട്ടു പോവും തോറും കരുതല്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ പ്രശ്‌നം കൂടുതല്‍ ഗുരുതരമാവുകയും ചെയ്യും. 

 

ബഹിരാകാശ മാലിന്യങ്ങള്‍ ഭൂമിയില്‍ വീണ് അപകടം സംഭവിക്കാനുള്ള സാധ്യത ഇതുവരെ നമ്മള്‍ തള്ളിക്കളയുകയാണ് ചെയ്തിരുന്നത്. എന്നാല്‍ വര്‍ഷങ്ങള്‍ കൂടും തോറും ബഹിരാകാശ മാലിന്യങ്ങളിലുണ്ടാവുന്ന കുതിച്ചുകയറ്റം ഈ സാധ്യതയെ വര്‍ധിപ്പിക്കുകയാണ്. ഉപയോഗിക്കാത്ത ഇന്ധനങ്ങളും ബാറ്ററികളുമൊക്കെ താഴെ വീഴുമ്പോള്‍ പൊട്ടിത്തെറിക്കാനുള്ള സാധ്യതയുമുണ്ട്. ഇത് കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം. 

 

ഇത്തരം അപകട സാധ്യത കുറക്കാന്‍ പല മാര്‍ഗങ്ങളുമുണ്ട്. സാറ്റലൈറ്റിന് കൂടുതല്‍ സുരക്ഷിതമായ ഭ്രമണപഥം തീരുമാനിക്കാന്‍ നമുക്കാവും. ഇനി കാലാവധി അവസാനിക്കാറായ സാറ്റലൈറ്റുകളെ ഭൂമിയോട് ചേര്‍ന്നുള്ള ഭ്രമണപഥത്തിലേക്ക് നീക്കാം. അങ്ങനെ വരുമ്പോള്‍ വൈകാതെ ഇവ ഭൂമിയിലേക്ക് വീണ് കത്തി പോവാനുള്ള സാധ്യത കൂടും. 

 

പുനരുപയോഗിക്കാവുന്ന റോക്കറ്റുകളെന്നത് മറ്റൊരു സാധ്യതയാണ്. സ്‌പേസ് എക്‌സ് പോലുള്ള സ്വകാര്യ കമ്പനികള്‍ ഇത് യാഥാര്‍ഥ്യമാക്കിയിട്ടുണ്ട്. ബ്ലൂ ഒറിജിന്‍ ഇതിനായുള്ള പണിപ്പുരയിലാണ്. പല ബഹിരാകാശ ഏജന്‍സികളും ഈ പ്രശ്‌നത്തെ ഗുരുതരമായി തന്നെയാണ് കാണുന്നത്. യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി ബഹിരാകാശ മാലിന്യം ശേഖരിക്കാന്‍ നാല് കൈകളുള്ള ഒരു റോബോട്ടിനെ ബഹിരാകാശത്തേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ്. നിലവിലുള്ളത് പല ഭാഗത്തു നിന്നുള്ള നിര്‍ദേശങ്ങള്‍ മാത്രമാണ്. ഇത് പോരെന്നും രാജ്യങ്ങള്‍ സഹകരിച്ച് രാജ്യാന്തര നിയമങ്ങള്‍ ഇക്കാര്യത്തില്‍ കൊണ്ടുവരണമെന്നുമാണ് ഗവേഷകര്‍ നിര്‍ദേശിക്കുന്നത്.

 

English Summary: Scientists Calculated The Probability of Falling Space Junk Killing Somebody

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com