ADVERTISEMENT

3 ഡിയില്‍ പ്രിന്റു ചെയ്യുന്ന സസ്യങ്ങളില്‍ നിന്നും നിര്‍മിക്കുന്ന ഇറച്ചിയുമായി ഇസ്രയേലി സ്റ്റാര്‍ട്ട് അപ്പായ സാവര്‍ഈറ്റ്. പോര്‍ക്കിന്റേയും ടര്‍ക്കിയുടേയും ഇറച്ചിക്ക് സമാനമായ രുചിയുള്ള ഭക്ഷണമാണ് ഇവര്‍ പുതുതായി പുറത്തിറക്കിയിരിക്കുന്നത്. ഭക്ഷണം പാകം ചെയ്യാനും വിളമ്പാനും സ്വന്തം റോബോട്ടിനേയും സാവര്‍ഈറ്റ് വികസിപ്പിച്ചെടുത്തിട്ടുണ്ട്. 

 

സസ്യങ്ങളില്‍ നിന്നുള്ള പോര്‍ക്കിനേയും ടര്‍ക്കിയേയും അമേരിക്കന്‍ വിപണി ലക്ഷ്യമാക്കിയാണ് നിര്‍മിച്ചിരിക്കുന്നതെന്ന് സാവര്‍ഈറ്റ് സഹസ്ഥാപകയും സിഇഒയുമായ റചേലി വിസ്മാന്‍ പറഞ്ഞു. അമേരിക്കന്‍ വിപണിയെക്കുറിച്ചുള്ള ഏറെ പഠനങ്ങള്‍ക്കു ശേഷമാണ് പോര്‍ക്കിന്റേയും ടര്‍ക്കിയുടേയും വിഭവങ്ങള്‍ തന്നെ നിര്‍മിക്കാന്‍ സാവര്‍ഈറ്റ് തീരുമാനിച്ചത്. ഈ വര്‍ഷം അവസാനത്തോടെ സോഡെക്‌സോയുമായി സഹകരിച്ച് ഈ മാംസത്തിന്റെ രുചിയുള്ള സസ്യഭക്ഷണങ്ങള്‍ അമേരിക്കന്‍ വിപണിയിലേക്ക് എത്തിക്കാനാണ് ഇവരുടെ പദ്ധതി. അമേരിക്കയിലെ കോളജുകളിലും സര്‍വകലാശാലകളിയുമായിരിക്കും സോഡെക്‌സോ ഈ വിഭവങ്ങളെത്തിക്കുക.

 

സസ്യങ്ങളില്‍ നിന്നും അനുയോജ്യമായ മാംസരുചികള്‍ തിരഞ്ഞെടുത്തത് പ്രഫ. ഓഡെഡ് ശോസെയോവും പ്രഫ ഇഡോ ബ്രാസ്‌ലെവ്‌സ്‌കിയും ചേര്‍ന്നാണ്. ജറുസലേമിലെ ഹീബ്രു സര്‍വകലാശാലയിലെ ഗവേഷകരാണിവര്‍. 2018 മുതല്‍ ഇവര്‍ സാവര്‍ഈറ്റിന്റെ ഭാഗമാണ്. തങ്ങളുടെ മെനുവിലുള്ള ഭക്ഷണങ്ങള്‍ പാകം ചെയ്യുന്നതിന് ഒരു റോബോട്ട് ഷെഫിനേയും സാവര്‍ഈറ്റ് നിര്‍മിച്ചിട്ടുണ്ട്. വാഷിങ്‌മെഷീന്റെ വലുപ്പമുള്ള ഈ റോബോട്ടിന് വിഭവങ്ങള്‍ക്കനുസരിച്ച് മാംസ്യം, കൊഴുപ്പ്, സെല്ലുലോസ്, വെള്ളം, രുചികള്‍, നിറങ്ങള്‍ എന്നിവയൊക്കെ ചേര്‍ക്കാനാകും. 

 

കാലാവസ്ഥാ മാറ്റത്തിനെതിരായ ശക്തമായ സന്ദേശമാണ് തങ്ങളുടെ വിഭവങ്ങളെന്നാണ് സാവര്‍ഈറ്റ് അറിയിക്കുന്നത്. ഒരുപൗണ്ട്(0.4 കിലോഗ്രാം) ബീഫ് നമ്മുടെ തീന്‍മേശയിലെത്തുന്നതിന് 3,785 ലിറ്റര്‍ വെള്ളം ആവശ്യമാണെന്നാണ് കണക്കാക്കപ്പെടുന്നത്. ആമസോണ്‍ മഴക്കാടുകളുടെ 70-80ശതമാനം നാശത്തിനും കാരണം അനിയന്ത്രിതമായ കന്നുകാലി വളര്‍ത്തലാണെന്നും കരുതപ്പെടുന്നു. ആഗോള താപനത്തിന്റെ 23 ഷതമാനം ഉത്തരവാദിത്വം മാംസ നിര്‍മാണ വ്യവസായങ്ങള്‍ക്കാണെന്ന മറ്റൊരു കണക്കും പുറത്തുവന്നിട്ടുണ്ട്. ഇതിന് ബദലായാണ് സസ്യങ്ങളില്‍ നിന്നുള്ള മാംസഭക്ഷണങ്ങളുടെ വരവ്. 

 

വളരെ കുറവ് ഹരിതഗൃഹവാതകങ്ങളുടെ ബഹിര്‍ഗമനം മാത്രമേ സസ്യങ്ങളില്‍ നിന്നുള്ള മാംസഭക്ഷണങ്ങള്‍ നിര്‍മിക്കുമ്പോള്‍ ഉണ്ടാവുന്നുള്ളൂ. സസ്യങ്ങളില്‍ നിന്നുള്ള മാംസരുചിയുള്ള വിഭവങ്ങളുടെ വിപണിക്ക് കുതിപ്പുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. 2035 ആകുമ്പോഴേക്കും ആകെ പ്രോട്ടീന്‍ വിഭവങ്ങളുടേയും 11 ശതമാനം സസ്യങ്ങളില്‍ നിന്നുള്ള മാംസരുചിയുള്ള വിഭവങ്ങള്‍ സ്വന്തമാക്കുമെന്നാണ് കരുതപ്പെടുന്നത്. പയറു ചെടികള്‍ പോലുള്ള സസ്യങ്ങളില്‍ നിന്നാണ് സാവര്‍ഈറ്റ്‌സ് മാംസരുചിയുള്ള വിഭവങ്ങള്‍ ഒരുക്കുന്നത്. സൂര്യകാന്തി എണ്ണയും വെളിച്ചെണ്ണയും ഭക്ഷണം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നുമുണ്ട്. 

 

സസ്യങ്ങളില്‍ നിന്നും മാംസരുചിയുള്ള വിഭവങ്ങള്‍ നിര്‍മിക്കുന്ന ഇസ്രയേലി കമ്പനികളില്‍ ഒന്നാണ് സാര്‍ഈറ്റ്‌സ്. അടുത്തിടെ സാവര്‍ഈറ്റ്‌സ് 1.2 കോടി ഡോളറിന്റെ നിക്ഷേപം നേടിയിരുന്നു. ആട്, ബീഫ് എന്നിവയുടെ രുചികളിലും ഇവര്‍ വിഭവങ്ങളൊരുക്കുന്നുണ്ട്. ബര്‍ഗറുകളും സോസേജുകളും കബാബുകളുമൊക്കെയാണ് പ്രധാന വിഭവങ്ങള്‍. ഇസ്രയേലിലും യൂറോപിലുമായി 200ലേറെ റെസ്റ്ററന്റുകളില്‍ ഈ വിഭവങ്ങളെത്തുന്നു. റീഡിഫൈന്‍ മീറ്റ് എന്ന സമാനമായ വിഭവങ്ങള്‍ നിര്‍മിക്കുന്ന ഇസ്രയേലി കമ്പനി ഈ വര്‍ഷം ആദ്യം 135 ദശലക്ഷം ഡോളറിന്റെ നിക്ഷേപമാണ് സ്വന്തമാക്കിയത്. ഇവര്‍ ഇസ്രയേലിലും നെതര്‍ലൻഡ്സിലും പ്രവര്‍ത്തിക്കുന്നുണ്ട്.

 

English Summary: Israeli food tech startup SavorEat serves up 3D-printed pork patties, turkey burgers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com