ഹിരോഷിമയെ തകർത്തെറിഞ്ഞ അണുബോംബ് - വികസിപ്പിച്ചെടുത്ത മൻഹാറ്റൻ പദ്ധതി

Little-Boy-atomic-bomb
Photo: PICTOR PICTURE COMPANY/Shutterstock
SHARE

മൻഹാറ്റൻ... ന്യൂയോർക്ക് നഗരത്തിലെ ഒരു അർബൻ മേഖലയാണ് ഈ സ്ഥലം. ലോകചരിത്രത്തിൽ തന്നെ ഈ സ്ഥലം ഇടം പിടിച്ചിട്ടുണ്ട്. ഹിരോഷിമയിലും നാഗസാക്കിയിലും പതിച്ച ആണവബോംബുകളുടെ പിറവിയിലേക്കു നയിച്ചത് ഈ സ്ഥലത്തിന്റെ പേരിലുള്ള പദ്ധതിയായിരുന്നു. മൻഹാറ്റൻ പ്രോജക്ട് എന്ന ആണവായുധ പദ്ധതി. ഇന്ന് ഹിരോഷിമാ ദിനം. 77 വർഷം മുൻപ് ഹിരോഷിമാ നഗരത്തിൽ അമേരിക്ക ആണവ ബോംബിട്ടത് ഇതേ തീയതിയിലാണ്.

∙ മൻഹാറ്റൻ പ്രോജക്ട്

മൻഹാറ്റൻ പ്രോജക്ടെന്നു പേരുണ്ടെങ്കിലും പദ്ധതിയുടെ പ്രധാന പ്രവർത്തനങ്ങളെല്ലാം ന്യൂമെക്‌സിക്കോയിലെ ലോസ് അലമോസിലാണു നടന്നത്. രണ്ടാം ലോകയുദ്ധത്തിലെ പ്രബല എതിരാളികളായ അഡോൾഫ് ഹിറ്റ്‌ലറിന്റെ നാത്സി ജർമനി ആണവ സാങ്കേതികവിദ്യ നേടുമെന്ന ഭയമാണ് മൻഹാറ്റൻ പദ്ധതിയിലേക്കു നയിച്ചത്. രണ്ടാം ലോകമഹായുദ്ധകാലത്ത് യുഎസിലേക്ക് കുടിയേറിയ ഇറ്റാലിയൻ, ജർമൻ ശാസ്ത്രജ്ഞരാണ് ആണവ ഗവേഷണത്തിനു പൊതുവെ നേതൃത്വം വഹിച്ചത്. എൻറികോ ഫെർമി, ഐൻസ്റ്റീൻ തുടങ്ങിയവരൊക്കെ ഇതിൽ ഉൾപ്പെട്ടിരുന്നു.

∙ യുറേനിയത്തിൽ നിന്ന് യുറേനിയം 235

1942ൽ മൻഹാറ്റൻ എൻജിനീയറിങ് ഡിസ്ട്രിക്റ്റ് രൂപീകരിച്ചതോടെയാണ് മാൻഹറ്റൻ പദ്ധതി ഊർജിതനിലയിലേക്കു മാറിയത്. യുറേനിയത്തിൽ നിന്ന് യുറേനിയം 235 എന്ന ഐസോടോപ് മൂലകം വേർതിരിച്ചെടുക്കുന്നതായിരുന്നു പ്രധാന വെല്ലുവിളി. ഇതിനായുള്ള സാങ്കേതികവിദ്യകൾ വൈകാതെ വികസിപ്പിക്കപ്പെട്ടു. പ്ലൂട്ടോണിയം 239 വികസിപ്പിക്കാനുള്ള വിദ്യ ഷിക്കാഗോ സർവകലാശാലയിലെ മെറ്റലർജിക്കൽ ലബോറട്ടറിയും വികസിപ്പിച്ചു. ഇതിനിടെ 1942 ഡിസംബറിൽ ഫെർമി ആണവ ചെയ്ൻ റിയാക്ഷൻ സാധ്യമാക്കിയതോടെ ആണവശക്തിയിലേക്കുള്ള നിർണായക ചുവടുവയ്പായി.

∙ ആദ്യ ബോംബുകൾ നിർമിച്ചത് ലോസ് അലമോസ് ലബോറട്ടറിയിൽ

1943ൽ ഫിസിക്‌സ് ശാസ്ത്രജ്ഞനായ റോബർട് ഓപ്പൺഹൈമർ പദ്ധതിയുടെ ലോസ് അലമോസ് ലബോറട്ടറിയുടെ ഡയറക്ടറായി ചാർജെടുത്തു. പ്രോജക്ട് വൈ എന്നും അറിയപ്പെട്ട ലോസ് അലമോസ് ലബോറട്ടറി 1943 ജനുവരി ഒന്നിനാണു രൂപീകരിച്ചത്. മാൻഹറ്റൻ പദ്ധതിയുടെ ആദ്യ ബോംബുകൾ നിർമിച്ചത് ഇവിടെയാണ്.

∙ ആദ്യ പരീക്ഷണത്തിൽ 40,000 അടി പൊക്കത്തിലേക്കു പുകമേഘം ഉയർന്നു

1945 ജൂലൈ 16ന് ന്യൂമെക്‌സിക്കോയിലെ അലമഗോർഡോയ്ക്കു സമീപമുള്ള വിദൂര മരുഭൂമിയിൽ വച്ചാണ് ആദ്യമായി ആണവബോംബ് സ്‌ഫോടനം പരീക്ഷണാർഥത്തിൽ അമേരിക്ക നടത്തിയത്. ട്രിനിറ്റി ടെസ്റ്റ് എന്നായിരുന്നു ഈ പരീക്ഷണത്തിന്റെ പേര്. സ്‌ഫോടനത്തിന്റെ ഭാഗമായി 40,000 അടിപൊക്കത്തിലേക്കു പുകമേഘം ഉയർന്നുപൊങ്ങി. ആണവയുഗത്തിന്റെ കാഹളമൂതൽ കൂടിയാണ് അവിടെ നടന്നത്. 20000 ടൺ ടിഎൻടി ശക്തി ആ വിസ്‌ഫോടനത്തിൽ സംഭവിച്ചു. ലോകത്തെ തന്നെ മാറ്റിമറിച്ച ആ പുതിയ ആയുധത്തിന്‌റെ പ്രകടനം ബങ്കറുകളിലും സുരക്ഷിതയിടങ്ങളിലിരുന്നു വീക്ഷിച്ചു.

∙ ഹിരിഷിമ ദുരന്തം

ഓപ്പൺഹൈമറുടെ കീഴിലുള്ള ശാസ്ത്രജ്ഞർ രണ്ടുതരം ബോംബുകൾ വികസിപ്പിച്ചു. യുറേനിയം ഉപയോഗിച്ചുള്ള ലിറ്റിൽ ബോയിയും പ്ലൂട്ടോണിയം ഉപയോഗിച്ചുള്ള ഫാറ്റ് മാനുമായിരുന്നു അവ. ഇവ രണ്ടുമാണ് പിന്നീട് ജാപ്പനീസ് നഗരങ്ങളായ ഹിരോഷിമയിലും നാഗസാക്കിയിലുമായി വീണത്. മൻഹാറ്റൻ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള സൈനിക നേതാക്കളാണ് ലോകത്തെ ആദ്യ ആണവ ആക്രമണത്തിനായി ഹിരോഷിമ നഗരം തിരഞ്ഞെടുത്തത്. ഈ നഗരത്തിൽ അമേരിക്കൻ യുദ്ധത്തടവുകാർ വളരെക്കുറച്ചുപേരെ ഉണ്ടായിരുന്നുള്ളൂ എന്നതായിരുന്നു പ്രധാനകാരണം. 1945 ഓഗസ്റ്റ് ആറിന് ഹിരോഷിമ നഗരത്തിലേക്ക് ലിറ്റിൽ ബോയ് ബോംബ് യുഎസ് യുദ്ധവിമാനം വർഷിച്ചു. മൂന്നു ദിവസത്തിനു ശേഷം നാഗസാക്കിയിലും ബോംബ് വീണതോടെ ആണവാക്രമണം പൂർണമായി. ഇരുനഗരങ്ങളിലുമായി ഒരു ലക്ഷത്തിലധികം ആളുകൾ കൊല്ലപ്പെട്ടു. ജപ്പാൻ താമസിയാതെ കീഴടങ്ങൽ പ്രഖ്യാപിച്ചതോടെ രണ്ടാം ലോകയുദ്ധത്തിനും തിരശ്ശീല വീണു.

English Summary: The Manhattan Project - How US Developed the First Nuclear Weapon

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}