മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക്: 2.30 ലക്ഷം കോടി രൂപ ചെലവിട്ട് എസ്എല്‍എസ് റോക്കറ്റ്

SLS
Photo: NASA
SHARE

മനുഷ്യനെ ആദ്യമായി ചന്ദ്രനിലെത്തിച്ചത് സാറ്റേണ്‍ V റോക്കറ്റായിരുന്നു. അഞ്ചു പതിറ്റാണ്ടിനിപ്പുറം വീണ്ടും മനുഷ്യന്‍ ചന്ദ്രനിലിറങ്ങാന്‍ ശ്രമിക്കുമ്പോള്‍ ആ ഉത്തരവാദിത്വം സ്‌പേസ് ലോഞ്ച് വെഹിക്കിള്‍ അഥവാ എസ്എല്‍എസിനാണ്. 23,000 കോടി ഡോളര്‍ (ഏകദേശം 2.30 ലക്ഷം കോടി രൂപ) ചെലവിട്ട് അമേരിക്കയിലെ സ്റ്റാച്ചു ഓഫ് ലിബര്‍ട്ടിയേക്കാള്‍ ഉയരത്തില്‍ നിര്‍മിച്ച റോക്കറ്റാണ് എസ്എല്‍എസ്. സവിശേഷതകള്‍ ഏറെയുണ്ടെങ്കിലും അപ്പോളോ ദൗത്യത്തില്‍ മനുഷ്യനെ ആദ്യമായി ചന്ദ്രനിലെത്തിച്ച സാറ്റേണ്‍ V റോക്കറ്റ് പല കാര്യങ്ങളിലും എല്‍എല്‍എസിനോട് കിടപിടിക്കുന്നുവെന്നതും അതിശയമാണ്. 

1969 ല്‍ നീല്‍ ആംസ്‌ട്രോങ്ങിനേയും ബസ്സ് ആല്‍ഡ്രിനേയും മൈക്കല്‍ കോളിന്‍സിനേയും ചന്ദ്രനിലേക്ക് സുരക്ഷിതമായി എത്തിച്ചത് സാറ്റേണ്‍ V റോക്കറ്റായിരുന്നു. അന്ന് മാത്രമല്ല ഇന്നും സാറ്റേണ്‍ V ഒരു ബഹിരാകാശ ശാസ്ത്ര രംഗത്തെ അദ്ഭുതമാണ്. എസ്എല്‍എസിന്റെ ഉയരം 98 മീറ്ററാണ്. എന്നാല്‍ സാറ്റേണ്‍ V ഉയരത്തിന്റെ കാര്യത്തില്‍ 110 മീറ്ററോടെ ഒരുപടി മുന്നിലാണ്. ഭാരം നോക്കിയാലും സാറ്റേണ്‍ V ( 28 ലക്ഷം കിലോഗ്രാം ) എസ്എല്‍എസിനേക്കാള്‍ ( 25 ലക്ഷം കിലോഗ്രാം ) മുന്നിലുണ്ട്. 

അതേസമയം, ഉത്പാദിപ്പിക്കാവുന്ന ഊര്‍ജ്ജത്തിന്റെ കാര്യത്തില്‍ എസ്എല്‍എസിന് മുന്‍തൂക്കമുണ്ട്. എസ്എല്‍എസിന്റെ നാല് ആര്‍എസ് 25 എൻജിനുകള്‍ ചേര്‍ന്ന് 39.1 മെഗാന്യൂട്ടണ്‍സ് ത്രസ്റ്റാണ് ഉത്പാദിപ്പിക്കുകയെങ്കില്‍ സാറ്റേണ്‍ Vയുടെ മുന്നോട്ടുള്ള തള്ളല്‍ ശേഷി 34.5 മെഗാ ന്യൂട്ടണ്‍സ് മാത്രമാണ്. ഇതു തന്നെയാണ് മനുഷ്യന്‍ നിര്‍മിച്ചതില്‍ വച്ച് ഏറ്റവും ശക്തമായ റോക്കറ്റായി എസ്എല്‍എസിനെ മാറ്റുന്നത്. 

വേഗത്തിന്റെ കാര്യത്തിലും എസ്എല്‍എസിന് മുന്‍തൂക്കമുണ്ട്. മണിക്കൂറില്‍ 39,500 കിലോമീറ്ററാണ് എസ്എല്‍എസിന്റെ പരമാവധി വേഗമെങ്കില്‍ സാറ്റേണ്‍ Vന്റേത് മണിക്കൂറില്‍ 28,000 കിലോമീറ്ററായിരുന്നു. 2300 കോടി ഡോളറാണ് എസ്എല്‍എസിനായി നാസ ചെലവിട്ടതെങ്കില്‍ 1960കളില്‍ 640 കോടി ഡോളറായിരുന്നു സാറ്റേണ്‍ Vയുടെ ചെലവ്. പണപ്പെരുപ്പം കൂടി കണക്കിലെടുത്താല്‍ ഇത് 5180 കോടി ഡോളറായി ഉയരും.

ശീതയുദ്ധം കൊടുമ്പിരികൊണ്ടിരുന്ന കാലമായതിനാല്‍ തന്നെ അതിവേഗത്തിലാണ് സാറ്റേണ്‍ V കടലാസില്‍ നിന്നും വിക്ഷേപണ തറയിലേക്കെത്തിയത്. ജനുവരി 1961ലാണ് സാറ്റേണ്‍ Vയുടെ നിര്‍മാണം ആരംഭിച്ചത്. 1967 നവംബറില്‍ റോക്കറ്റ് വിക്ഷേപിക്കുകയും ചെയ്തു. വിരമിക്കുന്നതിന് മുൻപ് 13 തവണ സാറ്റേണ്‍ V വിജയകരമായി വിക്ഷേപിക്കപ്പെട്ടു.

എസ്എല്‍എസ് 2011ല്‍ നാസ പ്രഖ്യാപിച്ചിരുന്നെങ്കിലും ഔദ്യോഗികമായി നിര്‍മാണത്തിലേക്ക് കടക്കാന്‍ പിന്നെയും എട്ടു വര്‍ഷം കഴിഞ്ഞു. അപ്പോളോ ദൗത്യത്തിന്റെ കാലത്തേക്കാള്‍ സാങ്കേതികമായി ഏറെ മുന്നോട്ടുപോയെങ്കിലും നിര്‍മാണ വേഗത്തിൽ സാറ്റേണ്‍ V തന്നെയാണ് എസ്എല്‍എസിനേക്കാള്‍ മുന്നില്‍. സാറ്റേണ്‍ V ഓരോ തവണ വിക്ഷേപിക്കുന്നതിനും 18.5 കോടി ഡോളര്‍ (ഇന്നത്തെ 149 കോടി ഡോളര്‍) ചെലവു വരുമെങ്കില്‍ എസ്എല്‍എസ് വിക്ഷേപണത്തിന് 410 കോടി ഡോളറാണ് ചെലവ് വരുന്നത്.

അപ്പോളോ 11 ദൗത്യം നിര്‍വഹിച്ച സാറ്റേണ്‍ V റോക്കറ്റില്‍ സഞ്ചാരികള്‍ ഇരുന്ന കമാന്‍ഡ് മൊഡ്യൂളിന് കൊളംബിയ എന്നാണ് പേര്. പരമാവധി മൂന്ന് പേര്‍ക്കായിരുന്നു കൊളംബിയയില്‍ സഞ്ചരിക്കാനാവുക. എസ്എല്‍എസ് റോക്കറ്റില്‍ ഒറിയോണ്‍ സ്‌പേസ് ക്രാഫ്റ്റിലാണ് സഞ്ചാരികള്‍ ഇരിക്കുക. നാല് പേര്‍ക്ക് ഒറിയോണില്‍ സഞ്ചരിക്കാനാവും.

സാറ്റേണ്‍ V റോക്കറ്റും എസ്എല്‍എസും തമ്മില്‍ പ്രധാന വ്യത്യാസം വരുന്നത് കംപ്യൂട്ടറിന്റെ കാര്യത്തിലാണ്. അപ്പോളോയില്‍ ആകെ ഒരു ഫ്‌ളൈറ്റ് കംപ്യൂട്ടര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ഒറിയോണില്‍ ഒരേസമയം പ്രവര്‍ത്തിക്കാവുന്ന രണ്ട് ഫ്‌ളൈറ്റ് കംപ്യൂട്ടറുകളുണ്ട്. ഇവയുടെ വേഗവും മെമ്മറിയും അപ്പോളോ ദൗത്യത്തിന്റെ കാലത്ത് സ്വപ്‌നം കാണാന്‍ പോലുമാവില്ല. അപ്പോളോ കാലത്തെ കംപ്യൂട്ടറിനേക്കാള്‍ 20,000 ഇരട്ടി വേഗവും 1.28 ലക്ഷം ഇരട്ടി മെമ്മറിയും കൂടുതലുണ്ട് എസ്എല്‍എസിലെ കംപ്യൂട്ടറുകള്‍ക്ക്.

എസ്എല്‍എസ് റോക്കറ്റിന് 95 മെട്രിക് ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുണ്ടെങ്കില്‍ സാറ്റേണ്‍ V റോക്കറ്രിന് 118 മെട്രിക് ടണ്‍ വഹിക്കാനാകും. ചന്ദ്രനെ ഭ്രമണം ചെയ്യുമ്പോള്‍ വഹിക്കാവുന്ന പരമാവധി ഭാരം എസ്എല്‍എസിന് 27 ടണ്ണാണെങ്കില്‍ സാറ്റേണ്‍ Vക്ക് 41 ടണ്ണാണ്. കടലാസില്‍ ഈ താരതമ്യത്തില്‍ സാറ്റേണ്‍ V മുന്നിലാണെന്ന് പറയാം. എങ്കിലും ഭാവിയിലെ മാറ്റങ്ങളില്‍ ഈ പരിമിതിയും എസ്എല്‍എസ് മറികടക്കുമെന്നുറപ്പ്.

ഫ്‌ളോറിഡയിലെ വിക്ഷേപണ തറയിലേക്ക് ഓഗസ്റ്റ് 18ന് എസ്എല്‍എസ് റോക്കറ്റിനെ എത്തിക്കാനാണ് നാസയുടെ തീരുമാനം. നാസ കെന്നഡി യുട്യൂബ് ചാനലില്‍ ഇതിന്റെ തത്സമയ സംപ്രേക്ഷണവും ലഭ്യമായിരിക്കും. ഓഗസ്റ്റ് 29നാണ് എല്ലാവരും കാത്തിരിക്കുന്ന എസ്എല്‍എസ് റോക്കറ്റിന്റെ ഓറിയോണ്‍ പേടകവും വഹിച്ചുകൊണ്ടുള്ള വിക്ഷേപണം നിശ്ചയിച്ചിരിക്കുന്നത്. ഇത്തവണ മനുഷ്യര്‍ക്ക് പകരം സമാന ഭാരമുള്ള ഡമ്മികളായിരിക്കും ഉണ്ടാവുക. ചന്ദ്രനെ ചുറ്റി വരുന്ന മനുഷ്യരേയും വഹിച്ചുള്ള രണ്ടാം ആര്‍ട്ടിമിസ് ദൗത്യത്തിനും ശേഷം 2025ലാണ് ആര്‍ട്ടിമിസ് മൂന്നാം ദൗത്യം നടക്കുക. ആര്‍ട്ടിമിസ് മൂന്നാം ദൗത്യത്തില്‍ ഒരു വനിത ഉള്‍പ്പടെ രണ്ടു പേര്‍ ചന്ദ്രനില്‍ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇവര്‍ ഒരാഴ്ച ചന്ദ്രനില്‍ കഴിയുകയും ചെയ്യും.

English Summary: How does NASA's new mega moon rocket stack up against Neil Armstrong's Saturn V ?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA