ADVERTISEMENT

ജനിച്ചിട്ടുണ്ടെങ്കില്‍ ആര്‍ക്കായാലും ഉറപ്പുള്ളത് മരണമാണ്. അത് സൂര്യന്റെ കാര്യത്തിലായാല്‍ പോലും മാറ്റമില്ല. ഒരുനാള്‍ സൂര്യനും എന്നെന്നേക്കുമായി അസ്തമിക്കുമെങ്കിലും അതു കാണാന്‍ മനുഷ്യരോ ഭൂമിയിലെ മറ്റു ജീവജാലങ്ങളോ ഉണ്ടാവില്ല. എങ്കിലും എത്രകാലം കൂടി സൂര്യന് ആയുസുണ്ട്? ഇതിനിടെ ഏതൊക്കെ ഘട്ടങ്ങളിലൂടെ കടന്നുപോകും? അപ്പോള്‍ ഭൂമിക്കെന്തു സംഭവിക്കും? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുകയാണ് ഫ്രാന്‍സില്‍ നിന്നുള്ള ഒരുകൂട്ടം ജ്യോതി ശാസ്ത്രജ്ഞര്‍. 

 

'സൂര്യനെക്കുറിച്ചുള്ള കാര്യങ്ങള്‍ അറിഞ്ഞില്ലെങ്കില്‍ നമുക്ക് ഒരുപാട് കാര്യങ്ങള്‍ അജ്ഞാതമായി തുടരും. സൂര്യനെക്കുറിച്ചു പോലും അറിഞ്ഞില്ലെങ്കില്‍ സൗരയൂഥത്തിലേയും പ്രപഞ്ചത്തിലേയും മറ്റു നക്ഷത്രങ്ങളെക്കുറിച്ച് എങ്ങനെ നമ്മള്‍ അറിയും?' എന്നാണ് പഠനത്തിന് നേതൃത്വം നല്‍കിയ ഫ്രാന്‍സിലെ ഡി ലാ കോട്ടെ ഡിഅസുറിലെ ജ്യോതിശാസ്ത്രജ്ഞയായ ഓര്‍ലാഗ് ക്രീവെയ് ചോദിക്കുന്നത്. 

 

സൂര്യന്റെ ഭാവിയെക്കുറിച്ച് കുറച്ചൊക്കെ കാര്യങ്ങള്‍ നമുക്ക് ഇപ്പോള്‍ തന്നെ ധാരണയുണ്ട്. ഏതാനും കോടി വര്‍ഷങ്ങളില്‍ നമ്മുടെ സൂര്യന്റെ ചൂട് കൂടി വരും. അകക്കാമ്പിലെ ഹൈഡ്രജന്‍ കത്തിതീരും വരെ ഇത് തുടരും. ഇതിനു ശേഷം അകക്കാമ്പ് കൂടുതല്‍ ചുരുങ്ങാനും ബാക്കി ഹൈഡ്രജന്‍ അകക്കാമ്പിന് ചുറ്റും ഒരു പുറംതോടുപോലെ മാറുകയും ചെയ്യും. പിന്നെയും ഹൈഡ്രജന്‍ കത്തി തീരുന്ന മുറക്ക് ഹീലിയം അകക്കാമ്പിലേക്കെത്തുകയും സൂര്യന്റെ ഉള്‍ഭാഗം കൂടുതല്‍ ശക്തിയില്‍ എരിഞ്ഞു തീരുകയും ചെയ്യും. 

 

ഈ സമയത്ത് ഭൂമിയും മറ്റു ഗ്രഹങ്ങളുമൊക്കെ ഇന്നത്തെ സ്ഥിതിയിലായിരിക്കില്ല. ചൂടന്‍ നക്ഷത്രമായി മാറുന്ന സൂര്യന്‍ ഏതാണ്ട് ചൊവ്വയുടെ ഭ്രമണപഥം വരെ വികസിക്കുമെന്നാണ് കരുതപ്പെടുന്നത്. പിന്നീട് സൂര്യനകത്തെ ഹീലിയവും ഹൈഡ്രജനും പൂര്‍ണമായും കത്തി തീരുകയും പുറംഭാഗം ഒരു നെബുലയായി മാറുകയും ചെയ്യും. സൂര്യന്റെ അകക്കാമ്പ് വെള്ളക്കുള്ളനായിട്ടാണ് മാറുക. ലക്ഷക്കണക്കിന് കോടി വര്‍ഷങ്ങളെടുക്കും സൂര്യന്‍ പൂര്‍ണമായും തണുക്കാന്‍. 

 

ഓരോ നക്ഷത്രങ്ങളുടേയും പ്രത്യേകതകള്‍ക്കനുസരിച്ച് ഈ കാലഗണനക്കും വ്യത്യാസം വരും. സൂര്യന്റേതിന് സമാനമായ ഭാരമുള്ള നക്ഷത്രങ്ങളുടെ വിവിധ കാലഘട്ടങ്ങള്‍ നിരീക്ഷിക്കുകയാണ് സൂര്യന്റെ ഭാവി കണ്ടെത്താനുള്ള ഒരു മാര്‍ഗം. യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ ഗയ്യ പദ്ധതിയില്‍ നിന്നുള്ള വിവരങ്ങളാണ് ഇതിന് ഗവേഷകര്‍ ഉപയോഗിച്ചിരിക്കുന്നത്. ക്ഷീരപഥത്തിന്റെ ഭൂപടം തയാറാക്കുന്ന വലിയ ലക്ഷ്യത്തിലേക്ക് നിരവധി വിവരങ്ങള്‍ ഗയ്യ ശേഖരിച്ചിട്ടുണ്ട്. 

 

നക്ഷത്രങ്ങളുടെ ഭാരം ജീവിതകാലത്തില്‍ മാറുകയില്ല. എന്നാല്‍ ഉള്ളിലുണ്ടാവുന്ന ന്യൂക്ലിയര്‍ ഫ്യൂഷന് അനുസരിച്ച് താപനിലയില്‍ മാറ്റങ്ങളുണ്ടാവും. അത് വെളിച്ചത്തിലും വ്യത്യാസങ്ങള്‍ സൃഷ്ടിക്കും. മഞ്ഞക്കുള്ളന്‍ വിഭാഗത്തില്‍ പെടുന്ന നമ്മുടെ സൂര്യന് ഏകദേശം 457 കോടി വര്‍ഷം പ്രായമുണ്ട്. ആയുസ് കണക്കാക്കിയാല്‍ ഏതാണ്ട് മധ്യവയസിലെത്തിയിട്ടുണ്ട് സൂര്യന്‍. അകക്കാമ്പില്‍ സൂര്യന്റെ താപനില 5,772 കെല്‍വിനാണ്. 3,000 മുതല്‍ പതിനായിരം കെല്‍വിന്‍ വരെ താപനിലയുള്ള നക്ഷത്രങ്ങളെ ക്രീവെയും സംഘവും വേര്‍തിരിച്ചു. ഇതോടെ 5,863 സൂര്യന് സമാനമായ നക്ഷത്രങ്ങള്‍ ലഭിച്ചു. ഈ നക്ഷത്രങ്ങളില്‍ പല പ്രായത്തിലുള്ളവയുമുണ്ട്. അവയെ പ്രായത്തിനനുസരിച്ച് ക്രമീകരിച്ചാണ് സൂര്യന്റെ ഭാവിയും കണക്കുകൂട്ടിയത്.

 

ഏതാണ്ട് 800 കോടി വര്‍ഷങ്ങള്‍ക്കുള്ളില്‍ സൂര്യന്റെ ഊഷ്മാവ് പരമാവധിയിലെത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്. 1000 കോടി മുതല്‍ 1100 കോടി വരെ വര്‍ഷങ്ങള്‍ക്കുള്ളില്‍ നമ്മുടെ സൂര്യന്‍ ഒരു ഭീമന്‍ ചുവന്ന നക്ഷത്രമായി മാറും. മനുഷ്യ നിര്‍മിതമോ അല്ലാത്തതോ ആയ വലിയ ദുരന്തങ്ങളൊന്നുമുണ്ടായില്ലെങ്കില്‍ ഭൂമിയിലെ ജീവന് 100 കോടി വര്‍ഷമാണ് പരമാവധി ആയുസ് കണക്കാക്കുന്നത്. ഓരോ 100 കോടി വര്‍ഷം കഴിയും തോറും സൂര്യന്റെ വെളിച്ചം പത്ത് ശതമാനം വര്‍ധിക്കും. വെളിച്ചം കൂടുകയെന്നാല്‍ ഊഷ്മാവും കൂടുമെന്നു തന്നെയാണ് അര്‍ഥമാക്കുന്നത്. ചൂട് കൂടുന്നതോടെ ഇതോടെ ഭൂമിയില്‍ ജീവന്റെ നിലനില്‍പ് അസാധ്യമാവുകയും ചെയ്യും.

 

English Summary: Astronomers Charted The Sun's Life, And This Is How The Story Ends

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com