ADVERTISEMENT

പറക്കുംതളികയുടെ കൂടുതല്‍ ദൃശ്യങ്ങള്‍ കൈവശമുണ്ടെന്ന് സമ്മതിച്ച് അമേരിക്കന്‍ നാവികസേന. അതേസമയം, ഇത് പുറത്തുവിടാനാവില്ലെന്നും യുഎസ് നേവി വക്താവ് അറിയിച്ചു. അമേരിക്കയുടെ ആഭ്യന്തര സുരക്ഷക്ക് വെല്ലുവിളിയായേക്കുന്ന വിവരങ്ങള്‍ പുറത്താവുമെന്ന് കാരണത്താലാണ് ദൃശ്യങ്ങള്‍ പുറത്തുവിടാത്തതെന്നാണ് വിശദീകരണം. 

രഹസ്യരേഖകളില്‍ നിന്നും നീക്കം ചെയ്ത വിവരങ്ങള്‍ സൂക്ഷിക്കുന്ന ഏറ്റവും വലിയ സ്വകാര്യ ആര്‍ക്കെയ്‌വ് വെബ്‌സൈറ്റായ ബ്ലാക്ക് വോള്‍ട്ട് ഇതു സംബന്ധിച്ച അപേക്ഷ അമേരിക്കന്‍ നാവിക സേനക്ക് നല്‍കിയിരുന്നു. വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയില്‍ പുറത്തുവിടാനാവുന്ന യുഎഫ്ഒ വിവരങ്ങളോ വിഡിയോകളോ ഉണ്ടെങ്കില്‍ നല്‍കണമെന്നാണ് ബ്ലാക്ക് വോള്‍ട്ട് പറഞ്ഞിരുന്നത്. 2020 ഏപ്രിലില്‍ നല്‍കിയ അപേക്ഷക്കുള്ള മറുപടിയിലാണ് അമേരിക്കന്‍ നാവിക സേന നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. 

'യുഎഫ്ഒ വിഡിയോകളില്‍ ദേശീയ സുരക്ഷയെ ബാധിക്കുന്ന നിരവധി വിവരങ്ങളും അടങ്ങിയിട്ടുണ്ട്. അമേരിക്കന്‍ നാവിക സേന വിമാനങ്ങളേയും ഉപയോഗിക്കുന്ന സാങ്കേതികവിദ്യകളേയും കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ഇത് ലോകരാജ്യങ്ങള്‍ക്ക് നല്‍കും. അതുകൊണ്ടുതന്നെ ഭാഗങ്ങളായോ പൂര്‍ണമായോ ഇത്തരം യുഎഫ്ഒ വിഡിയോകള്‍ പുറത്തുവിടാനാവില്ല' എന്നാണ് നാവികസേനയിലെ ഡെപ്യൂട്ടി ജനറല്‍ ഗ്രിഗറി കാസന്‍ പറയുന്നത്.

 

അമേരിക്കന്‍ നാവികസേന നേരത്തെ മൂന്നു യുഎഫ്ഒ വിഡിയോകള്‍ പുറത്തുവിട്ടിരുന്നു. ഈ മൂന്നു വിഡിയോകളും നേരത്തേ തന്നെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നതാണ്. അതുകൊണ്ടു തന്നെയാണ് ഇവ പുറത്തുവിട്ടതെന്നാണ് നാവികസേനയുടെ വിശദീകരണം. ബ്ലാക്ക് വോള്‍ട്ടിന്റെ അപേക്ഷ നിരസിക്കപ്പെട്ടതോടെ കൂടുതല്‍ യുഎഫ്ഒ വിഡിയോകള്‍ ഔദ്യോഗികമായി പുറത്തുവരില്ലെന്ന് ഉറപ്പായിരിക്കുകയാണ്. 

 

യുഎഫ്ഒകളെ വളരെ ഗൗരവത്തോടെയാണ് അമേരിക്കന്‍ സേന കാണുന്നത്. യുഎഫ്ഒകളെ കാണുന്നത് റിപ്പോര്‍ട്ടു ചെയ്യുന്നതിനും പഠിക്കുന്നതിനും മാത്രമായി നാവികസേനയും വ്യോമസേനയും സംയുക്തമായി ഒരു ഓഫിസ് ആരംഭിച്ചതായി ജൂലൈയില്‍ പെന്റഗണ്‍ അറിയിക്കുകയും ചെയ്തിരുന്നു. അടുത്ത വര്‍ഷങ്ങളില്‍ 400 തവണയെങ്കിലും യുഎഫ്ഒകളുടെ സാന്നിധ്യം രേഖപ്പെടുത്തിയിട്ടുണ്ട്. 2004ല്‍ ഇത് 144 ആയിരുന്നു. വര്‍ഷം തോറും യുഎഫ്ഒകളുടെ എണ്ണം കൂടുന്നതാണ് ആശങ്കക്ക് കാരണം. ഇതില്‍ തന്നെ അടുത്തിടെ 11 തവണയാണ് യുഎഫ്ഒകള്‍ക്ക് തൊട്ടടുത്തുകൂടെ സൈനിക വിമാനങ്ങള്‍ പറന്നത്. 

 

അന്യഗ്രഹജീവികള്‍ക്കൊപ്പം തന്നെ മറ്റു രാജ്യങ്ങളുടെ ചാരവിമാനങ്ങളും യുഎഫ്ഒ രൂപത്തില്‍ പ്രത്യക്ഷപ്പെടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. എന്നാല്‍ നിലവിലെ സാങ്കേതികവിദ്യകള്‍ക്ക് അസാധ്യമായ രീതിയിലാണ് ഇവയില്‍ പലതിന്റേയും ചലനം. നിന്നനില്‍പില്‍ സമുദ്രത്തിലേക്ക് ഊളിയിടാനും മുകളിലേക്കും താഴേക്കും വശങ്ങളിലേക്കും അതിവേഗത്തില്‍ പോവാനുമെല്ലാം ഇവയില്‍ പലതിനും കഴിയുന്നതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.

 

English Summary: Navy admits it has more UFO videos but says releasing the footage publicly would 'HARM national security'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com